
യഥാർഥ ക്രൈസ്തവ സമാധാനം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിൽ നിന്നാണ് ഉടലെടുക്കുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ബ്രസീൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാലോം കത്തോലിക്കാ സമൂഹത്തിന്റെ 45 -ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പ.
ഹീബ്രു ഭാഷയിൽ ‘ഷാലോം’ എന്ന വാക്കിന്റെ അർഥം സമാധാനം എന്നാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, സമാധാനം എന്നത് കേവലം സാമൂഹിക പ്രവർത്തനമോ രാഷ്ട്രീയ ഒത്തുതീർപ്പോ മാത്രമല്ലെന്നും, മറിച്ച് ക്രിസ്തുവിലൂടെ ലഭിക്കുന്ന ആന്തരിക അനുഭവമാണെന്നും ഓർമ്മിപ്പിച്ചു.
ബ്രസീലിൽ സ്ഥാപിതമായ ഈ കരിസ്മാറ്റിക് കൂട്ടായ്മയുടെ സ്ഥാപകൻ മോയ്സസ് ലൂറോ ഡി അസെവെഡോയെയും സഹസ്ഥാപക എമ്മിർ നൊഗെയ്റയെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. കൂട്ടായ്മയ്ക്ക് നൽകിയ സേവനങ്ങൾക്ക് മാർപാപ്പ ഇരുവർക്കും നന്ദി പറഞ്ഞു.
യുവജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും, അവരെ വിശ്വാസത്തിലേക്ക് നയിക്കാനും പാപ്പ ആഹ്വാനം ചെയ്തു. കാലം മാറിയെങ്കിലും യുവതലമുറയുടെ ഉള്ളിലെ യഥാർഥ സ്നേഹത്തിനും ദൈവത്തിനായുള്ള ദാഹത്തിനും മാറ്റം വന്നിട്ടില്ലെന്നും, യുവജനങ്ങളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രേഷിത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.




