
ലോകത്തിൽ ഏറ്റവും കൂടുതൽ മതപീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന സമൂഹം ക്രൈസ്തവരാണെന്ന് യുഎസ് കോൺഗ്രസ് സമിതിക്കു (ടോം ലാന്റോസ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ) മുന്നിൽ മതസ്വാതന്ത്ര്യ വിദഗ്ധർ വ്യക്തമാക്കി. നവംബർ 18 നു നടന്ന ഹിയറിങ്ങിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നത്.
ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി നൈജീരിയ മാറിയെന്ന് റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡേവിഡ് കെ. ട്രിംബിൾ പറഞ്ഞു. 2026 ൽ മാത്രം നൈജീരിയയിൽ ഏകദേശം 3,490 ക്രൈസ്തവർ കൊല്ലപ്പെട്ടതായും പ്രതിദിനം ശരാശരി 12 ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളായ ഫിൻലൻഡ്, യുകെ, അയർലൻഡ്, ജർമനി, ഫ്രാൻസ്, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിൽ വിശ്വാസികൾക്കു നേരെ നിയമപരമായ വേട്ടയാടലുകളും സെൻസർഷിപ്പും നടക്കുന്നതായി അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം പ്രതിനിധി ജെറമി ടെഡെസ്കോ ആരോപിച്ചു. പീഡനങ്ങൾ സഹിക്കവയ്യാതെ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 2,24,129 ക്രൈസ്തവർക്ക് സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്യേണ്ടിവന്നതായി വേൾഡ് റിലീഫ് വൈസ് പ്രസിഡന്റ് മാത്യു സോറൻസ് സമിതിയെ അറിയിച്ചു.
തുർക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരുടെ ദുരിതങ്ങളും ഹിയറിംഗിൽ ചർച്ചയായി. ആഗോളതലത്തിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പീഡനം അനുഭവിക്കുന്ന ക്രൈസ്തവസമൂഹങ്ങൾക്ക് പിന്തുണ നൽകുന്നതിനും അമേരിക്കൻ സർക്കാർ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്ത് (ന്യൂജേഴ്സി), ഡെമോക്രാറ്റിക് പ്രതിനിധി ജെയിംസ് പി. മക്ഗവർൺ (മസാച്യുസെറ്റ്സ്) എന്നിവരുടെ സഹ-അധ്യക്ഷതയിലായിരുന്നു ഹിയറിംഗ് നടന്നത്. പട്ടികയിലുള്ള 50 രാജ്യങ്ങളിലായി 388 ദശലക്ഷത്തിലധികം (38.8 കോടി) ക്രൈസ്തവർ കടുത്ത വിവേചനങ്ങളും പീഡനങ്ങളും നേരിട്ടാണ് ജീവിക്കുന്നതെന്ന് കണക്കാക്കുന്ന ‘ഓപ്പൺ ഡോർസിന്റെ’ (Open Doors) വേൾഡ് വാച്ച് ലിസ്റ്റിനെ കമ്മീഷൻ ഉദ്ധരിച്ചു.
കമ്മീഷൻ പുറത്തിറക്കിയ ഒരു മെമ്മോ പ്രകാരം, മതസ്വാതന്ത്ര്യ ലംഘനങ്ങൾ പല രൂപത്തിലാണ് ഉണ്ടാകുന്നത്. ഭരണകൂടം തന്നെ അവകാശങ്ങൾ നിഷേധിക്കുന്നതും അടിച്ചമർത്തുന്നതും വിവേചനം കാണിക്കുന്നതും മുതൽ സായുധസംഘങ്ങളുടെയും അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളുടെയും ആക്രമണങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.




