സിംബാബ്‌വെ ബോട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി ലെയോ പാപ്പ

സിംബാബ്‌വെയിലെ കരിബ തടാകത്തിൽ (Lake Kariba) നിരവധിക്കുട്ടികൾ ഉൾപ്പെടെ 80-ലധികം ആളുകളുടെ ജീവനെടുത്ത ബോട്ട് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട് ഓഗസ്റ്റ് 18-ന് അയച്ച ടെലഗ്രാമിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന എല്ലാവർക്കും മാർപ്പാപ്പ തന്റെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിച്ചു.

ഓഗസ്റ്റ് 11-നാണ് അപകടം സംഭവിച്ചത്. കരിബ ടൗണിൽ നിന്ന് ചലാല മീൻപിടുത്ത ക്യാമ്പിലേക്ക് ആളുകളെയും വഹിച്ച് സഞ്ചരിക്കുകയായിരുന്ന ബോട്ട്, യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്ന് തടാകത്തിൽ മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട എട്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ആകെ മരണസംഖ്യ 18 കുട്ടികൾ ഉൾപ്പെടെ 80 ആയി ഉയർന്നതായി സിംബാബ്‌വെ പോലീസ് സ്ഥിരീകരിച്ചു.

രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സിവിൽ അധികാരികൾക്കും അടിയന്തര രക്ഷാസേനകൾക്കുമായും മാർപാപ്പ പ്രാർത്ഥിച്ചു. ദുരന്തബാധിതരായ എല്ലാവർക്കും ആശ്വാസവും രോഗശാന്തിയും ശക്തിയും നൽകുന്ന ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പാപ്പ ആശംസിച്ചു. അതേസമയം, അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്. 41 വർഷത്തോളം പഴക്കമുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നും ശക്തമായ കാറ്റുള്ള സമയത്താണ് തടാകത്തിലൂടെയുള്ള യാത്ര നടന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തെ തുടർന്ന് സിംബാബ്‌വെ പ്രസിഡന്റ് എമ്മേഴ്സൺ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ഇരയായ കുടുംബങ്ങൾക്ക് വൈദ്യസഹായവും മാനസിക പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.