വിശ്വാസാധിഷ്ഠിത സംഘടനകൾക്കുള്ള 1.4 ബില്യൺ ഡോളറിന്റെ ധനസഹായത്തിൽ പങ്കുചേർന്ന് കാത്തലിക് റിലീഫ് സർവീസസ്

ലോകമെമ്പാടുമുള്ള സഭാധിഷ്ഠിത സന്നദ്ധ സംഘടനകൾക്കായി അനുവദിച്ച 1.4 ബില്യൺ ഡോളറിന്റെ അന്താരാഷ്ട്ര സഹായ പാക്കേജിൽ കത്തോലിക്കാ സഭയുടെ പ്രമുഖ ചാരിറ്റി ഏജൻസിയായ കാത്തലിക് റിലീഫ് സർവീസസിനും (CRS) പങ്കാളിത്തം. വിവിധ വിശ്വാസാധിഷ്ഠിത സംഘടനകൾ അടങ്ങുന്ന കൂട്ടായ്മയുടെ ഭാഗമായാണ് കാത്തലിക് റിലീഫ് സർവീസസിന് ഈ ധനസഹായത്തിന്റെ പങ്ക് ലഭിക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, ലൈബീരിയ, നൈജീരിയ എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റ് ആരോഗ്യ ശൃംഖലകൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഈ തുക വിനിയോഗിക്കാൻ കാത്തലിക് റിലീഫ് സർവീസസ് തീരുമാനിച്ചു. കൂടാതെ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട വൈദ്യസഹായവും ആരോഗ്യ പരിപാലനവും ആവശ്യമുള്ള താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പദ്ധതി, സംഘടനയെ സഹായിക്കും.

ആഫ്രിക്കൻ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ മറ്റ് സമാനമനസ്കരായ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് കാത്തലിക് റിലീഫ് സർവീസസ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.