നൈജീരിയയിൽ ഗ്രാമത്തിന് നേരെ ആക്രമണം: 25 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ പ്ലാറ്റോ (Plateau) സംസ്ഥാനത്ത് ഒരു ഗ്രാമത്തിന് നേരെ രാത്രിയുണ്ടായ സായുധ ആക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. കർഷകരും ഫുലാനി തീവ്രവാദികളും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ പ്രദേശത്ത്, പുതിയ ആക്രമണം കൂടുതൽ പ്രതികാര നടപടികൾക്ക് കാരണമാകുമെന്ന ഭീതി പരത്തിയിട്ടുണ്ട്.

വീടുകൾ തോറും കയറിയിറങ്ങിയ അക്രമികൾ കത്തിയുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പ്രാദേശിക കൗൺസിലറും പ്രദേശവാസികളും നൽകുന്ന വിവരമനുസരിച്ച് 25 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദുർബലമായ സമൂഹങ്ങളെ സംരക്ഷിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നും ‘മവാഗവുൽ യൂത്ത് മൂവ്മെന്റ്’ (Mwaghavul Youth Movement) ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നും പ്ലാറ്റോ പൊലീസ് വക്താവ് ആൽഫ്രഡ് അലാബോ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.