
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്ന നിരവധി ക്രൈസ്തവർക്കായി പ്രാർഥിക്കാൻ കർദിനാൾ പിയത്രോ പരോളിൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സിസിലിയിലെ കറ്റാനിയയിൽ വിശുദ്ധ അഗാത്തയുടെ തിരുശേഷിപ്പുകൾ കൊണ്ടുവന്നതിന്റെ ഒൻപതാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അർപ്പിച്ച വിശുദ്ധ കുർബാനയിലെ സന്ദേശത്തിനിടയിലാണ് കർദിനാൾ ഇപ്രകാരം ഓർമ്മിപ്പിച്ചത്.
തങ്ങളുടെ ഇടവക മധ്യസ്ഥയോടുള്ള ഭക്തിയിൽ അണിചേർന്ന ജനങ്ങളുടെ സന്തോഷത്തിൽ മാർപാപ്പയും ആത്മീയമായി പങ്കുചേരുന്നതായി കർദിനാൾ അറിയിച്ചു. “ഈ വാർഷികം ആഘോഷിക്കുക എന്നാൽ നൂറ്റാണ്ടുകളിലുടനീളം കർത്താവ് തന്റെ തിരുസഭയോട് വിശ്വസ്തനായിരുന്നുവെന്നും, പരീക്ഷണങ്ങളുടെ ഘട്ടങ്ങളിൽ സഭയെ താങ്ങിനിർത്തിയെന്നും, പ്രതിസന്ധികളിൽ അവളെ ശുദ്ധീകരിച്ചുവെന്നും, വിശുദ്ധരുടെ സാക്ഷ്യത്തിലൂടെ സഭയെ നിരന്തരം പുതിയതായി തളിർക്കാൻ ഇടയാക്കിയെന്നും തിരിച്ചറിയുകയാണ്,” കർദിനാൾ പറഞ്ഞു.
കർത്താവിന്റെ നാമത്തിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്ന നമ്മുടെ അനേകം സഹോദരീസഹോദരന്മാർക്കായി പ്രാർഥിക്കാൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി തന്റെ സന്ദേശത്തിൽ ശക്തമായ ആഹ്വാനം നൽകി. ആഘോഷങ്ങൾക്ക് ശേഷം, നഗരകേന്ദ്രത്തിലെ പ്രധാന തെരുവുകളിലൂടെ വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ പ്രദിക്ഷണവും നടന്നു.
വിശുദ്ധ അഗസ്റ്റിനെയും തെർത്തുല്യനെയും ഉദ്ധരിച്ചുകൊണ്ട്, രക്തസാക്ഷികളുടെ പ്രാധാന്യം കർദിനാൾ ഓർമ്മിപ്പിച്ചു. രക്തസാക്ഷികൾ അവരുടെ കഷ്ടപ്പാടുകൾ കൊണ്ടല്ല, മറിച്ച് സഹനങ്ങളിൽ ഉറച്ചുനിന്നതുകൊണ്ടാണ് പ്രശംസിക്കപ്പെടേണ്ടതെന്ന് വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതും കർദിനാൾ അനുസ്മരിച്ചു.



