നാടുകടത്തപ്പെട്ടപ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഒരു സുഡാൻ അഭയാർഥി

യുദ്ധവും പലായനവും ഒരു മനുഷ്യന്റെ ജീവിതത്തെ തന്നെ തകർത്തെറിയുമ്പോൾ പ്രതീക്ഷയുടെ പുതിയൊരു വെളിച്ചം തെളിക്കുകയാണ് സുഡാനിൽ നിന്നുള്ള സാഹ്റ. എൽ-ജെനീനയിലെ ബോർഡറുകളിൽ തുടങ്ങി, ഇന്ന് ചാഡിലെ ഒരു അഭയാർഥി ക്യാമ്പിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സാഹ്റയുടെ ജീവിതം പ്രത്യാശയുടെയും കഠിനാധ്വാനത്തിന്റെയും ഒരു ഉജ്വല മാതൃകയാണ്.

ജീവിതം തകർത്തെറിഞ്ഞ യുദ്ധം

സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ പ്രവിശ്യയിലെ എൽ-ജെനീനയിൽ വളർന്ന സാഹ്റ, സ്‌കൂളിൽ നന്നായി പഠിച്ച് മികച്ച വിജയം നേടുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. 2005 ലും 2006 ലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ സാഹ്റ, ഒരു അധ്യാപികയാകാൻ അതിയായി ആഗ്രഹിച്ചു. യൂണിവേഴ്സിറ്റി ബിരുദ പഠനത്തോടൊപ്പം ക്‌ളാസ് മുറികളിൽ സന്നദ്ധസേവനം നടത്തിയ അവൾ, പിന്നീട് എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷനിൽ സ്പെഷ്യലൈസ് ചെയ്തു.

എന്നാൽ, 2023 ഏപ്രിലിൽ സുഡാനീസ് ആർമി ഫോഴ്സും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം അവൾ കെട്ടിപ്പടുത്ത ജീവിതത്തെയും സ്വപ്നങ്ങളെയും പൂർണ്ണമായും തകർത്തെറിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ സംഘർഷം സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയാൻ നിർബന്ധിതരാക്കിയത്. അങ്ങനെയാണ് ദശലക്ഷക്കണക്കിന് സുഡാനീസ് അഭയാർഥികൾക്കൊപ്പം സാഹ്റയും സുഡാനുമായി അതിർത്തി പങ്കിടുന്ന ചാഡിലെത്തുന്നത്.

ക്യാമ്പിലെ വിദ്യാലയം: അറിവിന്റെ പുതിയ വെളിച്ചം

കിഴക്കൻ ചാഡിലെത്തിയ ആയിക്കണക്കിന് കുടുംബങ്ങൾക്ക് അഭയം തേടാൻ തുറന്ന ഭൂമിയും മരച്ചുവടുകളും മാത്രമാണുണ്ടായിരുന്നത്. കുട്ടികൾക്കാകട്ടെ, പഠിക്കാൻ സ്കൂളുകളോ, മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 2024 ൽ പ്ലാൻ ഇന്റർനാഷണലും മറ്റ് പങ്കാളിസംഘടനകളും ചേർന്ന് ഒരു അഭയാർഥി ക്യാമ്പിൽ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്.

ഇന്ന് 1,059 കുട്ടികളും 30 അധ്യാപകരുമുള്ള ആ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക മറ്റാരുമല്ല, അത് സാഹ്റയാണ്. പലായനം ചെയ്തുവന്ന സമൂഹത്തിൽ നിന്നുതന്നെ അധ്യാപകരെയും അഡ്മിനിസ്ട്രേഷൻ ജോലിക്കാരെയും തിരഞ്ഞെടുത്തതു വഴി, ദുരിതമനുഭവിക്കുന്ന സ്വന്തം ജനതയ്ക്ക് സേവനം ചെയ്യാൻ അഭയാർഥികൾക്ക് തന്നെ അവസരമൊരുങ്ങി.

മുന്നിൽ നിന്ന് നയിക്കുന്ന നായിക

“നിരക്ഷരത വളരെ അപകടകരമാണ്,” സാഹ്റ പറയുന്നു. “കുട്ടികൾ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, വിദ്യാഭ്യാസം അവരെ ബാല്യകാല വിവാഹങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.”

രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഗണിതം, ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, അറബിക്, ഫ്രഞ്ച് തുടങ്ങിയ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു. ചാഡിന്റെ സിലബസിലേക്ക് മാറുന്നതിലെ ബുദ്ധിമുട്ടുകളും ഭൗതികസാഹചര്യങ്ങളുടെ പരിമിതികളും ഉണ്ടെങ്കിലും, അഭയാർഥി ക്യാമ്പുകളിലെ കുട്ടികൾക്ക് ഇത് അവരുടെ ജീവവായുവാണ്.

“സുഡാനിലെ അധ്യാപനരീതി എളുപ്പമായിരുന്നു; എന്നാൽ ചാഡിലെ സിലബസ് ഞങ്ങൾക്ക് കുറച്ചുകൂടി ബുദ്ധിമുട്ടാണ്,” എൽ-ജെനീനയിൽ നിന്ന് പലായനം ചെയ്ത ഓമ്മാൽനാസ് എന്ന അധ്യാപിക പറയുന്നു. എന്നിരുന്നാലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ സാംസ്കാരിക സംയോജനം കുട്ടികൾക്ക് പുതിയ സൗഹൃദങ്ങളും കാഴ്ചപ്പാടുകളും സമ്മാനിക്കുന്നുണ്ടെന്ന് ചാഡിലെ സാമ്പത്തിക-സാമൂഹിക വികസന ഏജൻസി (ADES) ഉദ്യോഗസ്ഥനായ അബക്കർ മഹാമാത് നൂർ വ്യക്തമാക്കുന്നു.

പ്രതിസന്ധികളെ തോൽപിക്കുന്ന നിശ്ചയദാർഢ്യം

ധനസഹായങ്ങളുടെ വലിയ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിലനിൽക്കുമ്പോഴും, സാഹ്റയും കൂട്ടരും ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ല. പ്ലാൻ ഇന്റർനാഷണലിന്റെ മൊബൈൽ യൂണിറ്റ് ജീവനക്കാരും അധ്യാപകരും ഓരോ ടെന്റുകളിലും കയറി മാതാപിതാക്കളെ ബോധവൽക്കരിക്കുന്നു. വിറക് വെട്ടാനും വെള്ളം ശേഖരിക്കാനും ജോലിക്കയയ്ക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനും സഹ്റയും കൂട്ടരും ഓരോ മാതാപിതാക്കളെയും നിരന്തരം പ്രേരിപ്പിക്കുന്നു. സുഡാനിൽ താൻ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത അധ്യാപക ജീവിതം നഷ്ടപ്പെട്ടെങ്കിലും, അഭയാർഥി ജീവിതത്തിൽ താൻ ആഗ്രഹിച്ച കർമ്മരംഗത്ത് തന്നെ തുടരാൻ സാഹ്റയ്ക്ക് കഴിഞ്ഞു.

“അഭയാർഥികൾക്ക് കഴിവുകളും അനുഭവസമ്പത്തും വലിയ സ്വപ്നങ്ങളുമുണ്ട്. സാഹ്റയെപ്പോലെ അവരെയും നമ്മൾ നേതാക്കളായി കാണണം,” കെഫ മയാംഗെ, പ്ലാൻ ഇന്റർനാഷണൽ എമർജൻസി റെസ്പോൺസ് മാനേജർ പറയുന്നു.

തടസ്സങ്ങളും പ്രതിസന്ധികളും എത്രയൊക്കെയാണെങ്കിലും, വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്ന സാഹ്റ ഇന്ന് ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷയുടെയും പ്രകാശഗോപുരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.