
വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയേ’ (Mater Ecclesiae) ആശ്രമത്തിന് സമീപമുള്ള മാർപാപ്പയുടെ പച്ചക്കറിത്തോട്ടം പൂർണ്ണമായും ഓർഗാനിക് (ജൈവ) രീതിയിലേക്ക് മാറുന്നു. മധ്യകാലഘട്ടത്തിൽ നിക്കോളാസ് മൂന്നാമൻ ഓർസിനി മാർപാപ്പ ആരംഭിച്ച ഈ തോട്ടം, ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാത്തോ സി’ (Laudato si’) എന്ന ചാക്രികലേഖനത്തിലെ സൃഷ്ടികളുടെ സംരക്ഷണ തത്വം മുൻനിർത്തിയാണ് പരിപാലിക്കുന്നത്.
മുമ്പ്, കാസിൽ ഗാണ്ടോൾഫോയിലെ പൊന്തിഫിക്കൽ വില്ലകളിൽ നിന്നുള്ള ജൈവവളമായിരുന്നു തോട്ടത്തിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന്, കാലാനുസൃതമായും ചെടികളുടെ ആവശ്യാനുസൃതമായും തിരഞ്ഞെടുത്ത, പെല്ലറ്റൈസ്ഡ് (pelletized) വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. മികച്ച കാർഷിക രീതികൾ കീടങ്ങളുടെ ഭീഷണി നിയന്ത്രണവിധേയമായി നിലനിർത്താൻ സഹായിക്കുന്നതിനാൽ കീടനാശിനികളുടെ ആവശ്യകത കുറയ്ക്കുന്നു.
ഈ വർഷം, തക്കാളി ചെടികളിൽ കടൽ പായൽ (seaweed) അടിസ്ഥാനമാക്കിയുള്ള വളവും പരീക്ഷിക്കുന്നുണ്ട്. പുറത്തുനിന്ന് കൊണ്ടുവരുന്ന തൈകൾ പ്രകൃതിദത്ത രീതിയിൽ പരിപാലിക്കപ്പെട്ടവയാണ്. തോട്ടം മുഴുവൻ ബാധിച്ചേക്കാവുന്ന സസ്യരോഗങ്ങൾ പടരാതിരിക്കാൻ ഒരു നഴ്സറി സ്വന്തമായി നടത്തുന്നതിന് പകരം തൈകൾ പുറത്തുനിന്ന് വാങ്ങുന്നതാണ് അഭികാമ്യം. എങ്കിലും, ബോൺസായ് മരങ്ങൾക്കായുള്ള ഹരിതഗൃഹത്തോടൊപ്പം (greenhouse) തോട്ടത്തിനുള്ളിൽ തന്നെ ഒരു നഴ്സറി നിർമ്മിക്കുന്നതിനുള്ള പദ്ധതികളും പഠനവിധേയമാണ്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ഒഴിവുസമയങ്ങളിൽ ഈ തോട്ടത്തിലൂടെ നടക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വർഷങ്ങളായി, ഈ ചെറിയ തോട്ടത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ‘കാസ ദോനോ ദി മരിയ’ (Casa Dono di Maria) പോലുള്ള ജീവകാരുണ്യ സ്ഥാപനങ്ങൾക്കും നൽകിവരുന്നുണ്ട്.



