
വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പാനിഷ് ഭരണപ്രദേശമായ സ്യൂട്ടയിൽ (Ceuta) രൂക്ഷമായിക്കൊണ്ടിരിക്കുന്ന അഭയാർഥി-മാനുഷിക പ്രതിസന്ധിയിൽ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. പ്രദേശത്ത് സമാധാനവും സ്ഥിരതയും നീതിയും കൈവരിക്കാനുതകുന്ന പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്ന് മാർപാപ്പ ആഗോളസമൂഹത്തോട് ആഹ്വാനം ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്ക് (Angelus) നേതൃത്വം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു പാപ്പ. “സ്യൂട്ടയിലെ ആശങ്കാജനകമായ സാഹചര്യങ്ങളെ ഭയത്തോടെയും വ്യാകുലതയോടെയുമാണ് ഞാൻ വീക്ഷിക്കുന്നത്. ‘ഔർ ലേഡി ഓഫ് ആഫ്രിക്ക’യുടെ മധ്യസ്ഥതയാൽ സമാധാനവും സ്ഥിരതയും നീതിയും ഉറപ്പാക്കുന്ന പരിഹാരങ്ങൾ കണ്ടെത്താൻ കഴിയട്ടെയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു” – ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
അതേസമയം, മൊറോക്കോ അതിർത്തി വഴി ഏകദേശം 50,000 മുതൽ 60,000 വരെ ആളുകൾ സ്യൂട്ടയിലേക്ക് കടക്കാൻ ശ്രമിച്ചതാണ് വൻ പ്രതിസന്ധിക്ക് കാരണമായത്. അതിർത്തിയിലെ കടൽവേലികൾ നീന്തിക്കടക്കാൻ ശ്രമിച്ചതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സ്പാനിഷ് അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, വെള്ളത്തിൽ മുങ്ങിമരിച്ചും തിക്കിലും തിരക്കിലും പെട്ടും അറുപതിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. പെട്ടെന്നുണ്ടായ ഈ ജനപ്രവാഹം പ്രദേശത്തെ സംവിധാനങ്ങളെ താറുമാറാക്കിയതിനെ തുടർന്ന് ‘എൽ താരാജാൽ’ (El Tarajal) അതിർത്തിയിൽ കൂടുതൽ സുരക്ഷാവേലികൾ നിർമ്മിക്കാൻ സ്പാനിഷ് അധികൃതർ നിർബന്ധിതരായിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ആയുധപോരാട്ടങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാനും നയതന്ത്രപരമായ പരിഹാരങ്ങൾ കണ്ടെത്താനും പ്രസംഗത്തിനിടെ മാർപാപ്പ വീണ്ടും അഭ്യർഥിച്ചു. യുദ്ധങ്ങളിൽ ഇരയാകുന്ന കുഞ്ഞുങ്ങൾ, വയോധികർ, രോഗികൾ എന്നിവരെ ചേർത്തുപിടിക്കണമെന്നും ആശ്വാസം നൽകുന്നവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.




