
‘ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്’ എന്ന പ്രമേയം മുന്നോട്ടുവച്ച് ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലേക്ക് സന്ദർശനം നടത്തും. ഓഗസ്റ്റ് ഏഴ്, വെള്ളിയാഴ്ച വത്തിക്കാൻ പ്രസ്സ് ഓഫീസാണ് പാപ്പയുടെ സന്ദർശനത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ മെയ് പതിനാറാം തീയതി അറിയിച്ചിരുന്നതുപോലെ, സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികളിലായി ഫ്രാൻസിലേക്കും ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള യുനെസ്‌കോ കേന്ദ്രത്തിലേക്കും പാപ്പ സന്ദർശനം നടത്തും.
ഈ യാത്രയിൽ രാജ്യതലസ്ഥാനമായ പാരീസിനു പുറമെ, പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ ലൂർദ്, മെറ്റ്സ് (Metz) നഗരങ്ങളും പാപ്പ സന്ദർശിക്കും. ബെനഡിക്ട് പതിനാറാമൻ പാപ്പ 2008 ൽ നടത്തിയ അപ്പസ്തോലിക യാത്രയ്ക്ക് 18 വർഷങ്ങൾക്കു ശേഷമാണ് ഫ്രാൻസിലെ രാഷ്ട്രനേതൃത്വത്തിന്റെയും പ്രാദേശിക കത്തോലിക്കാ സഭയുടെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലേക്ക് എത്തുന്നത്.
വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ, ജീവന്റെ അപ്പമായ യേശു താൻ ലോകത്തിന് ജീവൻ നൽകുന്ന അപ്പമാണ് എന്ന സത്യം വ്യക്തമാക്കുന്ന (യോഹ. 6:51) ഭാഗത്തു നിന്നുള്ള, ‘ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്’ എന്ന വാക്യമാണ് ഫ്രാൻസിലേക്കുള്ള യാത്രയുടെ പ്രമേയമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. ഗോഥിക് ദൈവാലയങ്ങളിലെ വിവിധ വർണ്ണങ്ങളിലുള്ള ചില്ലുകളാൽ അലംകൃതമായ ജാലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സന്ദർശനത്തിന്റെ ഔദ്യോഗിക ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്. ഒരു ആർച്ചും കുരിശും മാനവികതയ്ക്കുള്ള സമാധാനത്തിന്റെ സന്ദേശമായ ഒലിവില പേറുന്നതും പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്നതുമായ ഒരു പ്രാവുമാണ് ഔദ്യോഗിക ചിഹ്നത്തിലുള്ളത്.
സെപ്റ്റംബർ 25 വെള്ളിയാഴ്‌ച ആരംഭിക്കുന്ന അപ്പസ്തോലിക യാത്രയുടെ ആദ്യപാദം പാരീസാണ്. സെപ്റ്റംബർ 26 ശനിയാഴ്ച പാപ്പ, ‘ബകിത ഭവനം’ എന്ന കുടിയേറ്റക്കാർക്കായുള്ള കേന്ദ്രം സന്ദർശിക്കും. പിന്നീട് കോൺകോർഡ് ചത്വരത്തിൽ പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും. പാരീസിലെ ചടങ്ങുകൾക്കു ശേഷം ലൂർദിലേക്കു പോകുന്ന പാപ്പ, അവിടെയുള്ള പരിശുദ്ധ അമ്മയുടെ തീർഥാടന കേന്ദ്രത്തിൽ പ്രാർഥിക്കും. അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ സെപ്റ്റംബർ 28 തിങ്കളാഴ്ച മെറ്റ്സിലേക്കു പോകുന്ന പാപ്പ വിവിധ പരിപാടികൾക്കു ശേഷം വി. സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും. അതിനു ശേഷമാകും പാപ്പ റോമിലേക്ക് മടങ്ങുക.




