
സംസ്ഥാനത്ത് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ കനത്തതോടെ മുൻകരുതലായി എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങൾക്ക് അവധി നൽകിയത്. എങ്കിലും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജലാശയങ്ങൾക്ക് സമീപത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡൽഹി, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ തുടരുകയാണ്.




