
സമ്പത്തിനേക്കാൾ ദൈവത്തിൽ വിശ്വസിച്ച വിശുദ്ധ കജേറ്റന്റെ പ്രചോദനാത്മക ജീവിതകഥ
ഇറ്റലിയിലെ വെനീസ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന വിചെൻസ (Vicenza) എന്ന മനോഹര നഗരത്തിൽ ഒരു പ്രഭുകുടുംബത്തിലാണ് കജേറ്റൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തിയേനെ പ്രഭുവിന്റെ (Count of Thiene) പദവി വഹിച്ചിരുന്ന ഒരു സമ്പന്നനായ കുലീനനായിരുന്നു. എന്നാൽ കജേറ്റന്റെ ജീവിതത്തെ യഥാർഥത്തിൽ രൂപപ്പെടുത്തിയ വ്യക്തി അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഡൊമിനിക്കൻ മൂന്നാം സഭയിലെ അംഗമായിരുന്ന ആ ഭക്തയായ അമ്മ ചെറുപ്പം മുതൽ മകനെ ദൈവസ്നേഹത്തിലും പ്രാർഥനയിലും വളർത്തി. “സമ്പത്തും സ്ഥാനമാനങ്ങളും നശ്വരമാണ്; ദൈവസ്നേഹമാണ് യഥാർഥ സമ്പത്ത്” എന്ന സത്യം അവൾ വീണ്ടും വീണ്ടും മകന്റെ ഹൃദയത്തിൽ പതിപ്പിച്ചു.
ദൈവം കജേറ്റാനെ ഒരു പ്രത്യേക ദൗത്യത്തിനായി ഒരുക്കുകയായിരുന്നു. ഒരു ദിവസം കുടുംബത്തിന്റെ മനോഹരമായ പൂന്തോട്ടത്തിൽ സ്വർഗീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ, മഞ്ഞുപോലെ വെളുത്ത ഒരു പ്രാവ് അദ്ദേഹത്തിന്റെ തലയ്ക്കു മുകളിൽ വട്ടമിട്ടു പറന്നു. ആ നിമിഷം സ്വർഗത്തിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നതുപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു: “കജേറ്റാനെ, സമാധാനം നിനക്കുണ്ടാകട്ടെ. ആ സമാധാനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അത് മറ്റുള്ളവരിലേക്കും പകരുക.”
ആ സന്ദേശം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുദ്രാവാക്യമായി മാറി. സ്വന്തം ജീവിതത്തിൽ കഠിനമായ ത്യാഗവും ആത്മനിഗ്രഹവും സ്വീകരിച്ചെങ്കിലും, മറ്റുള്ളവരോട് അദ്ദേഹം എന്നും സൗമ്യതയോടും കരുണയോടും സ്നേഹത്തോടും കൂടിയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ ശാന്തസ്വഭാവവും വിനയവും എല്ലാവരുടെയും ഹൃദയം കീഴടക്കി.
പാദുവയിലും വിചെൻസയിലും നിയമപഠനം പൂർത്തിയാക്കിയ കജേറ്റൻ കുറച്ചുകാലം അഭിഭാഷകനായി ജോലി ചെയ്തു. എന്നാൽ, കോടതിമുറികളിലെ തർക്കങ്ങളും ലോകത്തിന്റെ വിജയങ്ങളും അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനം നൽകിയില്ല. ഇതല്ല ദൈവം എനിക്കായി ഒരുക്കിയ വഴി എന്ന് മനസ്സിലാക്കിയ അദ്ദേഹം ലോകമഹത്വം ഉപേക്ഷിച്ച് ദൈവസേവനത്തിന്റെ പാതയിലേക്കു തിരിഞ്ഞു. വൈദികപട്ടം സ്വീകരിച്ച ശേഷം അദ്ദേഹം തന്റെ ജീവിതം മുഴുവൻ ദൈവത്തിനും ജനങ്ങൾക്കും സമർപ്പിച്ചു. വിശുദ്ധ പൗലോസിനെ മാതൃകയാക്കി ആദ്യം റംപാസ്സോ എന്ന ഏകാന്തപ്രദേശത്തേക്ക് പോയി. അവിടെ പ്രാർഥനയിലും ഉപവാസത്തിലും ആത്മപരിത്യാഗത്തിലും കുറച്ചുകാലം ചെലവഴിച്ചു. പിന്നീട് മെത്രാൻ അദ്ദേഹത്തെ തന്റെ അടുത്ത സഹായിയായി തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹം റോമിലെ വൈദികസമൂഹത്തിന്റെ ഭാഗമായിത്തീർന്നു.
അത് നവോത്ഥാനകാലമായിരുന്നു. കലയും സംസ്കാരവും വളർന്നുവെങ്കിലും, പലരും ദൈവവിശ്വാസത്തിൽ നിന്ന് അകന്ന് ഭൗതികസുഖങ്ങളിലേക്ക് വഴുതിപ്പോകുന്ന കാലം. ഈ സാഹചര്യത്തിൽ സഭയ്ക്ക് യഥാർഥ നവീകരണം ആവശ്യമാണെന്ന് കയത്താൻ മനസ്സിലാക്കി.
1512 ൽ ജൂലിയസ് രണ്ടാമൻ മാർപാപ്പ അഞ്ചാം ലാറ്ററൻ കൗൺസിൽ വിളിച്ചുകൂട്ടി. സഭയെ എങ്ങനെ നവീകരിക്കണമെന്ന ചർച്ചകൾ നടന്നപ്പോൾ കജേറ്റൻ ഒരു വലിയ സത്യം തിരിച്ചറിഞ്ഞു: സഭയെ മാറ്റണമെങ്കിൽ ആദ്യം സ്വന്തം ഹൃദയം മാറണം.
ഓരോ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കുന്നതിനു മുമ്പ് അദ്ദേഹം വിനയത്തോടെ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു:
“ഞാൻ പൊടിയും ഒരു ചെറിയ പുഴുവുമാത്രമാണ്. എന്നിട്ടും സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവിനെ എന്റെ കൈകളാൽ സ്പർശിക്കാൻ ഞാൻ ധൈര്യപ്പെടുന്നു.”
അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത് സ്വർഗത്തിലെ സെറാഫിനെപ്പോലെ അതിയായ ഭക്തിയോടെയായിരുന്നു. പിന്നീട് മാർപാപ്പയായ നാലാം പൗലോസിനോട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും പ്രസിദ്ധമാണ്:
“വിശുദ്ധ കുർബാനയുടെ ബലി ഭൂമിയിലെ ഏറ്റവും മഹത്തായ കർമ്മമാണ്. എല്ലാ പ്രവർത്തനങ്ങളെയും ജീവിപ്പിക്കുന്ന ഉറവിടം അതാണ്.”
സഭയുടെ നവീകരണം വൈദികരുടെ വിശുദ്ധിയിലൂടെയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനാൽ ഭാവിയിലെ നാലാം പൗലോസ് മാർപാപ്പ ഉൾപ്പെടെയുള്ള സഹപ്രവർത്തകരോടൊപ്പം ചേർന്ന് തിയറ്റൈൻസ് (Theatine അഥവാ Congregation of Clerics Regular of Divine Providence) സന്ന്യാസ സഭ സ്ഥാപിച്ചു. അപ്പസ്തോലന്മാരുടെ ജീവിതം മാതൃകയാക്കി ധ്യാനവും സജീവ ശുശ്രൂഷയും ഒരുമിപ്പിക്കുകയും ദാരിദ്ര്യവും ലാളിത്യവും അപ്പസ്തോലിക തീക്ഷ്ണതയും ജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
കാലം കടന്നുപോകുന്തോറും കജേറ്റന്റെ വിശുദ്ധി എല്ലാവർക്കും വ്യക്തമായി. ഒരിക്കൽ അദ്ദേഹം ഹൃദയവേദനയോടെ പറഞ്ഞു: “ക്രിസ്തു ദരിദ്രനായി ജീവിക്കുമ്പോൾ ഞാൻ സമ്പന്നനായി കഴിയുന്നു. ക്രിസ്തു അവഹേളിക്കപ്പെടുമ്പോൾ ഞാൻ ആദരിക്കപ്പെടുന്നു. ഇങ്ങനെ ഇനി ജീവിക്കാൻ എനിക്കാവില്ല. എനിക്ക് അവിടുത്തെപ്പോലെ ആകണം.”
ആ തീരുമാനം വെറും വാക്കായിരുന്നില്ല. അദ്ദേഹം കൂടുതൽ ലാളിത്യവും ദാരിദ്ര്യവും ത്യാഗവും നിറഞ്ഞ ജീവിതം സ്വീകരിച്ചു. ക്രിസ്തുവിനെപ്പോലെ ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ ഓരോ ചുവടിനെയും നയിച്ചു. അദ്ദേഹത്തിന്റെ ദൗത്യം പൂർത്തിയായപ്പോൾ യാതൊരു കൊട്ടിഘോഷവുമില്ലാതെ, ദൈവത്തോടൊന്നാകാനുള്ള അതിയായ ആഗ്രഹത്തോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 1547 ആഗസ്റ്റ് ഏഴിനായിരുന്നു അദ്ദേഹത്തിന്റെ വിശുദ്ധമരണം. പിന്നീട് നടന്ന ട്രെന്റ് കൗൺസിലിന്റെ ആത്മീയനവീകരണത്തിന് വഴിയൊരുക്കിയ മഹാനായ മുൻഗാമികളിൽ ഒരാളായി കജേറ്റനെ സഭ ആദരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ നാമകരണത്തിനുഉഉ നടപടികൾ ആരംഭിച്ചു. 1629 ഒക്ടോബർ എട്ടിന് ഉർബൻ എട്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തുടർന്ന് 1671 ഏപ്രിൽ 12 ന് ക്ലെമന്റ് പത്താമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ നേപ്പിൾസിലെ സാൻ പൗലോ മജ്ജോരെ ബസിലിക്കയുടെ കീഴിലുള്ള വിശുദ്ധകുടീരത്തിൽ ഭക്തിപൂർവം സംരക്ഷിക്കപ്പെടുന്നു.
കാലം എത്ര കഴിഞ്ഞാലും വിശുദ്ധ കജറ്റേനെ ലോകം ഒരേയൊരു പേരിലാണ് ഓർക്കുന്നത് – ‘ദൈവപരിപാലനയുടെ വിശുദ്ധൻ.’
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ദൈവത്തിന്റെ കരുതലിൽ പൂർണ്ണമായി ആശ്രയിക്കാനും വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ കേന്ദ്രമാക്കാനും ദാരിദ്ര്യത്തിലും ലാളിത്യത്തിലും ക്രിസ്തുവിനെ അനുഗമിക്കാനും അദ്ദേഹത്തിന്റെ ജീവിതം ഇന്നും വിശ്വാസികൾക്ക് ശക്തമായ പ്രചോദനമാണ്
ഫാ. ജയ്സൺ കുന്നേൽ MCBS




