ഞായർ പ്രസംഗം: കൈത്താക്കാലം അഞ്ചാം ഞായര്‍ ഓഗസ്റ്റ് 09, ലൂക്കാ 11: 14-26 ഐക്യത്തോടെ മുന്നോട്ട് 

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയമുള്ള സഹോദരങ്ങളേ,

കൈത്താക്കാലം അഞ്ചാം ഞായറിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. തിരുസഭാമാതാവ് നമുക്കിന്ന് ധ്യാനവിചിന്തനത്തിനായി തന്നിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം അധ്യായം 14 മുതല്‍ 26 വരെയുള്ള തിരുവചനഭാഗങ്ങളാണ്. പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ചും പിതാവായ ദൈവത്തോട് എപ്രകാരം യാചിക്കണമെന്നും ശിഷ്യന്മാരെ പഠിപ്പിച്ച ഉടനെയാണ് ലൂക്കാ സുവിശേഷകന്‍ ഈ സംഭവം വിവരിക്കുന്നത്.

“ഈശോ ഒരു ഊമനായ പിശാചിനെ പുറത്താക്കുന്നു.” സ്വരം നഷ്ടമായവന് സ്വരം നല്‍കുന്ന അദ്ഭുതം മാത്രമല്ല ഇത്. പകരം, ഫരിസേയര്‍ക്ക് യേശുവിനോടുള്ള മനോഭാവവും അവരുടെ സാമൂഹിക പ്രതിബദ്ധതയും ഈ ഫരിസേയ മനോഭാവം എങ്ങനെ നമ്മുടെ കുടുംബങ്ങളെ തകര്‍ക്കുമെന്നും വചനം പറയുന്നു. വി. ലൂക്കായുടെ സുവിശേഷത്തിലെ ഈ ഭാഗത്തില്‍ ഒരു ഊമനില്‍ നിന്നും പിശാച് പുറത്തുപോകുന്നു, അയാള്‍ സംസാരിക്കുന്നു, ജനക്കൂട്ടം വിസ്മയിക്കുന്നു. എന്നാല്‍, ഒരു മനുഷ്യന്‍ മോചിതനായപ്പോള്‍ ചിലരുടെ ഹൃദയം കൂടുതല്‍ അടഞ്ഞുപോകുന്നു. അദ്ഭുതം കണ്ടിട്ടും അവര്‍ ദൈവത്തെ തിരിച്ചറിയുന്നില്ല. പകരം യേശുവിനെ എങ്ങനെ കുറ്റപ്പെടുത്താമെന്ന ചിന്തയാണ് അവരുടെ മനസ്സില്‍ ഉയരുന്നത്. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഏറ്റവും വലിയ ദുഃഖം. യേശു ചെയ്ത അദ്ഭുതത്തെ അവര്‍ നിഷേധിച്ചില്ല, പക്ഷേ അതിന്റെ ഉറവിടത്തെ നിഷേധിച്ചു. അവര്‍ പറഞ്ഞു: “പിശാചുക്കളെ പുറത്താക്കുന്നത് ബേത്‌സെബൂലിനെക്കൊണ്ടാണ്.”

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അവര്‍ ദൈവത്തിന്റെ പ്രവര്‍ത്തിയെ പിശാചിന്റെ പ്രവര്‍ത്തിയാക്കി ചിത്രീകരിച്ചു. നന്മയെ നന്മയായി അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല, നന്മയെ അതിന്റെ ഉറവിടത്തില്‍ നിന്നും വേര്‍പ്പെടുത്താനും ശ്രമിക്കുകയാണ്. ബൈബിളിന്റെ ആദ്യം മുതല്‍ അവസാനം വരെ നോക്കിയാല്‍ സാത്താന്റെ പ്രവര്‍ത്തനരീതി ഒന്നുതന്നെയാണ്. ആദത്തെയും ഹവ്വയെയും ദൈവത്തില്‍ നിന്ന് വേര്‍പെടുത്തി, കായേനെ സഹോദരനായ ആബേലില്‍ നിന്ന് വേര്‍പെടുത്തി, ഇസ്രായേല്‍ ജനത്തെ ദൈവനിയമത്തില്‍ നിന്നകറ്റി, യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിലും ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചു. കാരണം, തിന്മയുടെ ശക്തിക്ക് വ്യക്തമാണ്, ഐക്യമുള്ള ഒരു സമൂഹത്തെ തോല്‍പിക്കാന്‍ പ്രയാസമാണെന്നും എന്നാല്‍, വിഭജിക്കപ്പെട്ട സമൂഹം സ്വയം തകരുമെന്നും.

ഇതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഊമനായ മനുഷ്യനോട് ഫരിസേയര്‍ കാണിക്കുന്ന മനോഭാവം. ഐക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാത്തവന് സാമൂഹികപ്രതിബദ്ധത ശൂന്യമാകും. യേശു സൗഖ്യമാക്കിയ ആ മനുഷ്യനെക്കുറിച്ച് അവര്‍ക്ക് ഒരു ചിന്തയുമില്ലായിരുന്നു. വര്‍ഷങ്ങളായി സംസാരിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ സംസാരിക്കുന്നതിനെക്കുറിച്ചോ, അവന്റെ കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ചോ, അവന്റെ ജീവിതത്തിന്റെ നിറം മാറുന്നതിനെക്കുറിച്ചോ ഒന്നും അവരുടെ ശ്രദ്ധയില്‍പെടുന്നില്ല. അവര്‍ക്ക് മനുഷ്യനെ കാണാന്‍ കഴിയുന്നില്ല. പകരം, യേശുവിനെ കുറ്റപ്പെടുത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ. ഒരു മനുഷ്യന്റെ മോചനത്തേക്കാള്‍ സ്വന്തം വാദം ജയിക്കണമെന്ന് ആഗ്രഹം അവരുടെ ഹൃദയത്തെ അന്ധമാക്കി.

സഹോദരങ്ങളേ, ഇതാണ് പാപത്തിന്റെ ഏറ്റവും അപകടകരമായ രൂപം. പാപം തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, മറ്റൊരാളുടെ നന്മയില്‍ സന്തോഷിക്കാന്‍ അനുവദിക്കുന്നില്ല. അപരന്റെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നും. ദൈവീകപ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇത് ഓരോ ഹൃദയവും ദൈവത്തില്‍ നിന്ന് അകലുന്നതിന്റെ സൂചനയാണ്. ഇവിടെയാണ് യേശു പറയുന്നത്, “അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും, അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും.” എന്നാല്‍, ഈ വചനത്തിന് അതിലും വലിയൊരു അര്‍ഥമുണ്ട്. ഇവിടെ സാത്താനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്, മനുഷ്യജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഏത് രാജ്യമാണെങ്കിലും, ഏത് കുടുംബമാണെങ്കിലും, ഏത് സമൂഹമാണെങ്കിലും, ഏത് സഭയാണങ്കിലും, ഏത് മനുഷ്യഹൃദയമാണെങ്കിലും അത് അകത്തുനിന്ന് പിളര്‍ന്നാല്‍ അതിന്റെ തകര്‍ച്ച ഉറപ്പാണ്.

യേശു പറയുന്നു: “യഥാര്‍ഥ അപകടം പുറത്തല്ല, ഉള്ളിലാണ്.” ഒരു കുടുംബത്തെ നശിപ്പിക്കുന്നത് എല്ലായ്‌പ്പോഴും ദാരിദ്ര്യം മാത്രമല്ല; സാമ്പത്തികപ്രശ്‌നങ്ങളുമല്ല. പലപ്പോഴും പരസ്പരം സംസാരിക്കാതിരിക്കുന്നതും ക്ഷമിക്കാന്‍ മനസ്സില്ലാത്തതും ‘ഞാന്‍ മാത്രമാണ് ശരി’ എന്ന മനോഭാവവുമാണ്. പുറത്തുനിന്നും നോക്കുമ്പോള്‍ ആ വീട് മനോഹരമായിരിക്കുന്നു. പക്ഷേ, സ്‌നേഹമില്ലെങ്കില്‍, വിശ്വാസമില്ലെങ്കില്‍, പ്രാര്‍ഥനയില്ലെങ്കില്‍ അത് യേശു പറയുന്ന അന്തശ്ഛിദ്രമുള്ള ഭവനം തന്നെയാണ്. അത്തരമൊരു ഭവനം ഒരുനാള്‍ തകര്‍ന്നുവീഴും.

ഒരിക്കല്‍ രണ്ട് സഹോദരങ്ങള്‍ ഒരു ചെറിയ വള്ളത്തില്‍ തടാകം മുറിച്ചുകടക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ വള്ളത്തിന്റെ ഒരുവശത്ത് ചെറിയൊരു വിള്ളലുണ്ടായി. ഒരു സഹോദരന്‍ പറഞ്ഞു, അത് എന്റെ ഭാഗത്തല്ലല്ലോ. മറ്റേയാള്‍ വെള്ളം കോരിക്കളയാന്‍ തുടങ്ങി. അല്‍പസമയത്തിനുള്ളില്‍ വള്ളം മുഴുവന്‍ മുങ്ങി. അപ്പോള്‍ ആദ്യത്തെ സഹോദരന്‍ മനസ്സിലാക്കി, വള്ളം മുങ്ങുമ്പോള്‍ ഒരുവശം മാത്രമല്ല മുങ്ങുന്നത്, എല്ലാവരും മുങ്ങുന്നു. ഇന്ന് ഒരു കുടുംബത്തില്‍ ഒരാള്‍ തകര്‍ന്നാല്‍ മുഴുവന്‍ കുടുംബവും വേദനിക്കുന്നു. സഭയില്‍ ഒരംഗം തകര്‍ന്നാല്‍ സഭ മുഴുവന്‍ വേദനിക്കുന്നു. പൗലോസ് ശ്ലീഹാ കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം 12-ാം അധ്യായം 26-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: “ഒരു അവയവം വേദനിച്ചാല്‍ എല്ലാ അവയവങ്ങളും വേദനിക്കുന്നു.”

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1657 നമ്മെ പഠിപ്പിക്കുന്നു: “കുടുംബം എന്നത് വിശ്വാസത്തിന്റെ ഭവനമാണ്.” ക്രിസ്തീയകുടുംബം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു കൂട്ടായ്മയാണ്. പരസ്പരം ക്ഷമിക്കാനും അപൂര്‍ണ്ണതകളെ പൊറുക്കാനും ക്രിസ്തീയസ്‌നേഹം പ്രായോഗികമായി ജീവിക്കാനുമുള്ള ആദ്യത്തെ ഇടമാണ് കുടുംബം. ഇന്ന് ഈ സുവിശേഷം നമ്മോട് ചോദിക്കുന്നു: ”ഞാന്‍ ഐക്യം സൃഷ്ടിക്കുന്ന ആളാണോ, ഭിന്നത സൃഷ്ടിക്കുന്ന ആളാണോ? എന്റെ കുടുംബത്തില്‍, ഇടവകയില്‍, സുഹൃത്തുക്കളുടെ ഇടയില്‍ ഞാന്‍ സമാധാനത്തിനാണോ അതോ ഭിന്നതയ്ക്കാണോ കാരണമാകുന്നത്?”

സ്‌നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലെ അന്തശ്ഛിദ്രത്തെ തിരിച്ചറിഞ്ഞ് അവിടം ദൈവസ്‌നേഹം കൊണ്ട് നിറയ്ക്കാം. ഫരിസേയ മനോഭാവത്തില്‍ നിന്നും മാറി, യഥാര്‍ഥ സാമൂഹിക പ്രതിബദ്ധതയും അപരസ്‌നേഹവും ആസ്വദിക്കുന്നവരുമാകാന്‍ പരിശ്രമിക്കാം. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ഥിക്കാം.

ബ്രദര്‍ ജോയല്‍ തോമസ് ഒറ്റത്തെങ്ങേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.