
കൊളംബിയയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ നേതാവും അഭിഭാഷകനുമായ അബലാർദോ ഡി ലാ എസ്പ്രിയ (Abelardo de la Espriella) അധികാരമേറ്റു. ഓഗസ്റ്റ് ഏഴാം തീയതി നടന്ന സ്ഥാനാരോഹണ ചടങ്ങിലും വിജയപ്രസംഗത്തിലും ദൈവത്തോടുള്ള തന്റെ നന്ദിയും അവിടുന്നിലുള്ള ആഴമായ വിശ്വാസവും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് അബലാർദോ ഡി ലാ എസ്പ്രിയ സ്ഥാനം ഏറ്റെടുത്തത്.
കൊളംബിയയെ അനുഗ്രഹിച്ചതിനും, അനുഗ്രഹീതമായ ഈ മണ്ണിൽ നിന്ന് തന്റെ കാരുണ്യം നിറഞ്ഞ ശ്രദ്ധ ഒരിക്കലും തിരിച്ചുവിടാതിരുന്നതിനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനോടു ആഴമായ നന്ദി പറഞ്ഞു കൊണ്ടാണ് അബലാർദോ ഡി ലാ എസ്പ്രിയ തന്റെ കന്നിപ്രസംഗം ആരംഭിച്ചത്. പുതിയ സാമ്പത്തിക, സുരക്ഷാ, ആരോഗ്യ നയങ്ങളെക്കുറിച്ച് പരാമർശിച്ചതിനൊപ്പം കുടുംബമൂല്യങ്ങൾ, അർഹത, അച്ചടക്കം, നിയമത്തോടുള്ള ആദരവ്, രാജ്യസ്നേഹം, ദൈവവിശ്വാസം എന്നിവ വീണ്ടെടുക്കുന്നതിനായുള്ള സാംസ്കാരിക പോരാട്ടത്തിന് തന്റെ സർക്കാർ നേതൃത്വം നൽകുമെന്നും പുതിയ പ്രസിഡന്റ് പ്രഖ്യാപിച്ചു.
തനിക്ക് നൽകിയ പിന്തുണയ്ക്ക് കുടുംബത്തിന് നന്ദി പറഞ്ഞ ശേഷം, “ദൈവം തന്റെ ഓരോ മക്കളെയും അനുഗ്രഹിക്കട്ടെ” എന്നും “നമ്മുടെ ചിന്തകളെ പ്രകാശിപ്പിക്കട്ടെ” എന്നും പുതിയ പ്രസിഡന്റ് പ്രാർഥിച്ചു. “എല്ലാം മാതൃരാജ്യത്തിന് വേണ്ടിയാണ്. സഹോദരിമാരെ, അനുജന്മാരെ, എല്ലാം മാതൃരാജ്യത്തിന് വേണ്ടി; അതില്ലാതെ ഒന്നുമില്ല. മാതൃരാജ്യത്തിനായി ഉറച്ചുനിൽക്കൂ”- അദ്ദേഹം വികാരഭരിതനായി ആഹ്വാനം ചെയ്തു. “ക്രിസ്തുരാജാവ് വാഴട്ടെ!” എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ആദ്യ സന്ദേശം അവസാനിപ്പിച്ചത്.
ഇടതുപക്ഷ നേതാവായിരുന്ന ഗുസ്താവോ പെട്രോയ്ക്ക് (Gustavo Petro) പകരക്കാരനായി രാജ്യത്തിന്റെ അമരത്തെത്തുന്ന ഡി ലാ എസ്പ്രിയ, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സാന്റിയാഗോ ഡി കാലി സർവകലാശാലയിലെ ‘അരീന യു.എസ്.സി’ (Arena USC) ഓഡിറ്റോറിയത്തിലാണ് സ്ഥാനാരോഹണ ചടങ്ങിനായി എത്തിയത്. ഭാര്യ അനാ ലൂസിയ പിനേഡയും (Ana Lucía Pineda), അവരുടെ നാല് മക്കളും കൂടാതെ 2026-2030 ഭരണകാലയളവിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ പോകുന്ന ഔദ്യോഗിക ഭരണസംഘം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




