കുടുംബങ്ങൾക്കായി വി. ഡൊമിനിക്കിന്റെ പഠനങ്ങൾ നൽകുന്ന നിർദേശങ്ങൾ

ഡൊമിനിക്കൻ സഭയുടെ സ്ഥാപകനും വലിയ മാതൃഭക്തനുമായ വിശുദ്ധനാണ് വി. ഡൊമിനിക്. അദ്ദേഹത്തിന്റെ തിരുനാൾദിനമാണ് ആഗസ്റ്റ് എട്ട്. ദൈവവചനം പ്രസംഗിക്കുന്നതിൽ പ്രശസ്തനും സന്യാസജീവിതം നയിക്കാൻ ആഗ്രഹിച്ചതുമായ ഈ വിശുദ്ധന് ധാരാളം അനുയായികളുമുണ്ട്. വിശ്വാസജീവിതത്തെ സംബന്ധിച്ച വി. ഡൊമിനിക്കിന്റെ ആത്മീയനിർദേശങ്ങൾ കുടുംബജീവിതത്തിൽ വളരെയേറെ സഹായകമാണ്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ നല്ല രീതിയിൽ വളർത്താൻ പ്രചോദനം നൽകുന്നവയാണിവ. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം…

1. സ്വന്തം  എന്ന ബോധം വളർത്തുക

ചെറുപ്പത്തിലേതന്നെ മക്കളിൽ വളർത്തേണ്ട ഒരു ഗുണമാണ് ‘സ്വന്തം’ എന്ന ബോധം. ഈ ഗുണമുണ്ടെങ്കിൽ ജീവിതത്തിൽ എവിടെപ്പോയാലും അവർക്ക് വിജയിക്കാൻ സാധിക്കും. കുടുംബത്തിലായാലും അയൽപക്കത്തായാലും സ്കൂളിലായാലും ഇടവകയിലായാലും ഈ സാമൂഹ്യബോധം പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. ഇതൊരു നല്ല സ്വഭാവം കെട്ടിപ്പടുക്കുക മാത്രമല്ല, സുരക്ഷിതത്വബോധം നൽകുകയും ചെയ്യുന്നു.

2. നല്ല മാതൃകയാകുക

തങ്ങൾ പ്രസംഗിച്ച സുവിശേഷങ്ങളുടെ ജീവിതം പരിശീലിക്കുന്നതിലൂടെ, ഡൊമിനിക്കൻ സന്യാസികൾക്ക് യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെയും പുനരുത്ഥാനത്തിന്റെയും ജീവനുള്ള സാക്ഷികളാകാൻ കഴിയുമെന്ന് വി. ഡൊമിനിക് വിശ്വസിച്ചു. സ്വന്തം ചിന്തയിലൂടെ കുട്ടികളെ ശരിയായ പാതയിലേക്കു  നയിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ ചിന്തയ്ക്കു സമാനമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മക്കൾക്ക് നല്ല മാതൃകകൾ നൽകുകയാണ് ഉപദേശത്തേക്കാൾ ഗുണകരമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

3. ദയയോടെ തിരുത്തുക

മക്കളെ തിരുത്തുമ്പോൾ വി. ഡൊമിനിക് നൽകുന്നത് ഒരു മികച്ച പാഠമാണ്. അമിതമായി ശിക്ഷിച്ചതുകൊണ്ടോ, ദേഷ്യപ്പെട്ടതുകൊണ്ടോ മക്കളെ നേർവഴിക്കു നടത്താമെന്ന് മാതാപിതാക്കൾ വിചാരിക്കരുത്. അവരെ സ്നേഹത്തോടെ, ശാന്തതയോടെ തിരുത്താൻ തയാറാകണമെന്ന് വിശുദ്ധൻ പഠിപ്പിക്കുന്നു.

4. അമിതമായ പ്രതീക്ഷകൾ വയ്ക്കാതിരിക്കുക

എല്ലാം പൂർണ്ണമായ, തെറ്റുകളൊന്നും വരുത്താത്ത ഒരു ജീവിതം നയിക്കാനുള്ള പരിശീലനമാണ് മക്കൾക്ക് നൽകേണ്ടത്. കുറവുകളുണ്ടാകാം, അവയെ എങ്ങനെ തരണംചെയ്യാമെന്നാണ് അവരെ പഠിപ്പിക്കേണ്ടത്. അമിതമായ പ്രതീക്ഷകൾ വച്ചുകൊണ്ട് മക്കളോട് നിരന്തരം സംസാരിക്കാതിരിക്കുക – വി. ഡൊമിനിക് മാതാപിതാക്കൾക്ക് നൽകുന്ന നിർദേശമാണിത്.

5. സംസാരിക്കാൻ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക 

ഡൊമിനിക്കൻ വൈദികരുടെ ദൗത്യം ദൈവവചനം പങ്കുവയ്ക്കുക എന്നതാണ്. കൂട്ടുകാരുടെ ഇടയിൽ വിശ്വാസം പങ്കുവയ്ക്കാനുള്ള പരിശീലനം ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ കുട്ടികൾക്കു നൽകുക. ചിലപ്പോൾ കുട്ടികളുടെ ഈ സംസാരം ചിലരെയെങ്കിലും സഹായിച്ചെന്നുവരാം. കാർലോ അക്യൂത്തിസിനെപ്പോലുള്ള യുവവിശുദ്ധരുടെ ഉദാഹരണങ്ങൾ നൽകിക്കൊണ്ട് അവരുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കിടാൻ സഹായിക്കുക.

6. ‘ആവശ്യവും അത്യാവശ്യവും’ തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുക

ജീവിതത്തിൽ ആവശ്യമായതെന്തെന്നും അത്യാവശ്യമായത് എന്തെന്നും മനസ്സിലാക്കാൻ ചെറുപ്പത്തിൽ തന്നെ മക്കളെ പഠിപ്പിക്കുക. ജീവിതത്തിൽ അവർക്ക് എന്താണ് ശരിക്കും വേണ്ടതെന്ന് തിരിച്ചറിയാൻ അവരെ സഹായിക്കുക. അവർക്ക് ലഭിച്ചിട്ടുള്ളതെല്ലാം നന്നായി ഉപയോഗിക്കാൻ പരിശീലിപ്പിക്കുക, ഒന്നിനെയും നിസ്സാരമായി കണ്ട് ഉപേക്ഷിക്കരുത് എന്നതിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുക.

7. വായനാശീലം വളർത്തുക

മക്കളിൽ വായനാശീലം വളർത്താൻ വേണ്ട ഉപദേശങ്ങൾ മക്കൾക്കു കൊടുക്കാം. അതിന് സഹായിക്കുന്ന നല്ല പുസ്തകങ്ങൾ അവർക്ക് സമ്മാനമായി നൽകുക. പ്രായത്തിന്റെ വ്യത്യാസമനുസരിച്ച് നല്ല ബുക്കുകൾ അവർക്ക് നൽകുക. അതിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുക. ഇതൊക്കെ കുട്ടികളിൽ വായനാശീലം വളർത്താൻ സഹായിക്കും.

8. ഒരുമിച്ച് പ്രാർഥിക്കുന്ന ശീലം വളർത്തുക

എന്നും കൃത്യസമയത്ത് കുടുംബാഗങ്ങൾ ഒരുമിച്ചിരുന്ന് പ്രാർഥിക്കുന്ന ശീലം വളർത്തുക. അത് അവരുടെ ജീവിതത്തിൽ എന്നും ഒരു മുതൽക്കൂട്ടായിരിക്കും. ജപമാല ചൊല്ലാനും യാത്രയ്ക്കു പ്രാർഥിക്കാനും ഒരോ പ്രധാന കാര്യവും ചെയ്യുന്നതിനുമുമ്പ് എല്ലാവരുംകൂടി ഒരുമിച്ചു പ്രാർഥിക്കുന്ന പതിവും കുടുംബത്തിൽ വളർത്തുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.