ഈ വർഷത്തെ വത്തിക്കാനിലെ പുൽക്കൂട് ആശീർവദിച്ച് ഫ്രാൻസിസ് പാപ്പാ

ഗ്വാട്ടിമാലയിലെ കരകൗശല വിദഗ്ധർ നിർമ്മിച്ച വത്തിക്കാനിലെ പുൽക്കൂട് ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ മൂന്നിന് വത്തിക്കാൻ സിറ്റിയിലെ പോൾ ആറാമൻ ഹാളിൽ ഈശോയുടെ ജനന രംഗങ്ങളുടെ അതിമനോഹര രൂപങ്ങളെയാണ് പാപ്പാ ആശീർവദിച്ചത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ഗ്വാട്ടിമാലയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോടൊപ്പം അവിടുത്തെ വിദേശകാര്യ മന്ത്രി മരിയോ ബുക്കാരോയും ഉണ്ടായിരുന്നു.

“ചരിത്രത്തിൽ ആദ്യമായാണ് നമ്മുടെ രാജ്യം വത്തിക്കാനിൽ ഈശോയുടെ ജനനരംഗം അവതരിപ്പിക്കുന്നത്,” ബുക്കാറോ പറഞ്ഞു. 30-ലധികം കരകൗശല വിദഗ്ധരുടെ സംയോജിത പരിശ്രമത്താലാണ് ഈ ജനന രംഗം നിർമ്മിച്ചത്. മാലാഖമാരാൽ ചുറ്റപ്പെട്ട പുൽത്തൊട്ടിയിൽ വലിയ സ്വർണ്ണ കിരീടങ്ങൾ ധരിച്ച പരിശുദ്ധ കന്യകാമറിയത്തെയും യൗസേപ്പിതാവിനെയും അവതരിപ്പിക്കുന്നു. ഒരു യഥാർത്ഥ മനുഷ്യന്റെ ഉയരത്തിലും വലിപ്പത്തിലുമാണ് ഈ ജനനരംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

“നമ്മിൽ ഓരോരുത്തരോടും അടുത്തിരിക്കാൻ മനുഷ്യനായിത്തീർന്ന ദൈവപുത്രന്റെ ജനനത്തെക്കുറിച്ച് ഈ ജനന രംഗം നമ്മോട് പറയുന്നു. ക്രിസ്തുമസിന്റെ യഥാർത്ഥ സമ്പത്ത് വീണ്ടും കണ്ടെത്തുന്നതിന് ഈ ജനന രംഗം നമ്മെ സഹായിക്കുന്നു,” മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.