ടെക്സസിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

ടെക്സസിലെ റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മെയ് 25- ന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ തന്റെ ഖേദം അറിയിച്ചത്.

“ടെക്സസിലെ എലിമെന്ററി സ്കൂളിൽ നടന്ന കൂട്ടക്കൊല എന്റെ ഹൃദയത്തെ മുറിപ്പെടുത്തിയിരിക്കുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ആക്രമണങ്ങളോടും ആയുധങ്ങളോടും ‘അരുത്’ എന്ന് പറയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്കും പ്രതിജ്ഞാബന്ധരാകാം”- പാപ്പാ പറഞ്ഞു. ടെക്സസിലെ ആർച്ചുബിഷപ്പായ മോൺസിഞ്ഞോർ ഗുസ്താവോ ഗാർസിയ സില്ലെറും തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചിരുന്നു.

മെയ് 24- ന് ടെക്സസിൽ നടന്ന വെടിവെയ്പ്പിൽ 18 കുട്ടികൾ ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. 18- കാരനായ സാൽവഡോർ റാമോസാണ് കൊലയാളിയെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ റാമോസ് കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.