നൂറു ദിനം പിന്നിട്ട ഉക്രൈൻ യുദ്ധത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ

ഉക്രൈനിൽ നൂറു ദിവസങ്ങളായി തുടരുന്ന റഷ്യൻ അധിനിവേശത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ അഞ്ചിന് വത്തിക്കാനിൽ നടന്ന റെജീന കേലി പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പന്തക്കുസ്താ ദിനത്തിൽ, മനുഷ്യരാശിയെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. ഈസ്റ്ററിന് അമ്പതു ദിവസങ്ങൾക്കു ശേഷം, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആളുകൾ പരസ്പരം കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്‌തിരിക്കുന്നു. എന്നാൽ ഇപ്പോൾ, ഉക്രൈൻ യുദ്ധം ആരംഭിച്ച് 100 ദിവസങ്ങൾ പിന്നിടുമ്പോൾ ദൈവത്തിന്റെ സ്വപ്നത്തിന്റെ നേർവിപരീതമായ യുദ്ധം എന്ന പേടിസ്വപ്നം വീണ്ടും മനുഷ്യരാശിയെ ബാധിച്ചിരിക്കുകയാണ്” – പാപ്പാ പറഞ്ഞു. യുദ്ധത്തിനെതിരെ ഒന്നിക്കാനും പരിഹാരങ്ങൾക്കായി പ്രവർത്തിക്കാനും പാപ്പാ ലോകനേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് ജൂൺ മൂന്നിനാണ് 100 ദിവസം തികഞ്ഞത്. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് ഏകദേശം ഏഴ് ദശലക്ഷം ആളുകൾ ഇതിനോടകം ഉക്രൈനിൽ നിന്ന് പലായനം ചെയ്‌തതായി ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.