
ഒക്ടോബർ മാസത്തിൽ ലോകസമാധാനത്തിനായി തിരുസഭയോടും മുഴുവൻ ക്രൈസ്തവ സമൂഹങ്ങളോടും പരിശുദ്ധ ജപമാല ചൊല്ലി പ്രാർഥിക്കാൻ പ്രത്യേക അഭ്യർഥനയുമായി മാർപാപ്പ. ഒക്ടോബർ മാസം തന്റെ “ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മാസമാണെന്ന്” ഓർമ്മിപ്പിച്ച പാപ്പ, ലോകമെമ്പാടും തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും ജപമാല പ്രാർഥനയിലൂടെ ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ യുദ്ധം, അക്രമം, പീഡനങ്ങൾ, ദാരിദ്ര്യം എന്നിവ മൂലം കടുത്ത ദുരിതങ്ങൾ അനുഭവിക്കുന്ന ഘട്ടത്തിലാണ് പ്രാർഥനാ സഹായം തേടിയുള്ള മാർപാപ്പയുടെ ഈ ആഹ്വാനം. ജപമാല മാതാവിനായി സമർപ്പിച്ചിരിക്കുന്ന ഒക്ടോബർ മാസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കിയ മാർപാപ്പ, കുടുംബങ്ങളിലും ഇടവക സമൂഹങ്ങളിലും ദിവസേനയുള്ള ജപമാല പ്രാർഥന പുനരുജ്ജീവിപ്പിക്കണമെന്ന് അഭ്യർഥിച്ചു.
സഭാ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും സമാധാനത്തിനായി ഒന്നിച്ചു പ്രാർഥിക്കണമെന്നും, ജപമാല എന്ന ലളിതമായ പ്രാർഥനയിലൂടെ ലോകത്തിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ വിതയ്ക്കാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു. ഒക്ടോബർ മാസത്തിൽ കുട്ടികൾ ഒന്നടങ്കം പങ്കെടുക്കുന്ന ‘വൺ മില്യൺ ചിൽഡ്രൻ പ്രയർ’ ഉൾപ്പെടെയുള്ള ആഗോള ജപമാല പ്രാർഥനാ കൂട്ടായ്മകളിലും പങ്കാളികളാകാൻ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.




