ഇറാഖിലെ ക്രൈസ്തവർക്ക് തൊഴിലും വിദ്യാഭ്യാസവും അത്യന്താപേക്ഷിതം: എർബിൽ ആർച്ച്ബിഷപ്പ്

ഇറാഖിൽ ക്രൈസ്തവർ അവരുടെ ജന്മദേശത്ത് തുടർന്നുജീവിക്കണമെങ്കിൽ കേവലം സുരക്ഷാ ക്രമീകരണങ്ങൾ മാത്രം പോരാ, മറിച്ച് യുവതലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടതുണ്ടെന്ന് എർബിൽ കൽദായ കത്തോലിക്കാ ആർച്ച്ബിഷപ്പ് ബാഷർ വർദ. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരവധി ക്രൈസ്തവ യുവാക്കൾ രാജ്യം വിടാൻ നിർബന്ധിതരാകുന്ന പശ്ചാത്തലത്തിലാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം.

ഇറാഖിന്റെ സാമ്പത്തിക ഘടന പ്രധാനമായും പൊതുമേഖലയെയും സർക്കാരിനെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വളർന്നുവരുന്ന യുവതലമുറയ്ക്കായി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രാദേശിക സ്വകാര്യ മേഖലയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. കത്തോലിക്കാ സഭയും മറ്റ് സന്നദ്ധ സംഘടനകളും താൽക്കാലിക സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ജനങ്ങൾക്ക് സ്വന്തമായി ജീവിക്കാൻ പ്രാപ്തി നൽകുന്ന തൊഴിൽ പരിശീലനങ്ങളിലും ശാക്തീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർച്ച്ബിഷപ്പ് വർദ മുൻകൈയെടുത്ത് സ്ഥാപിച്ച എർബിലിലെ കത്തോലിക്കാ സർവകലാശാല യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നൽകി അവരെ നാട്ടിൽ തന്നെ നിലനിർത്താൻ വലിയ പിന്തുണയാണ് നൽകുന്നത്.

മുൻ ദശാബ്ദങ്ങളെ അപേക്ഷിച്ച് ഇറാഖിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക ഭദ്രതയും വിദ്യാഭ്യാസ അവസരങ്ങളും ഉറപ്പാക്കിയാൽ മാത്രമേ ഇറാഖിലെ പുരാതന ക്രിസ്ത്യൻ സമൂഹത്തിന് ഭാവിയിലും നിലനിൽപ്പുണ്ടാകൂ എന്ന് ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.