തീർഥാടകർക്കിടയിൽ ഒരു തീർഥാടകനായി ലൂർദിൽ മാർപാപ്പയുടെ മെഴുകുതിരി പ്രദക്ഷിണം

ഏപ്രിൽ മുതൽ നവംബർ വരെയുള്ള എല്ലാ സായാഹ്നങ്ങളിലും, ലൂർദ് മാതാവിന്റെ തീർഥാടന കേന്ദ്രം മെഴുകുതിരി വെളിച്ചത്തിലുള്ള ജപമാല പ്രാർഥനയാലും പ്രദക്ഷിണത്താലും ഭക്തിനിർഭരമാകുന്നു. സെപ്റ്റംബർ 27-ന് ഈ പ്രാർഥനാ ശുശ്രൂഷയിൽ വേറിട്ടൊരു തീർഥാടകനും പങ്കെടുത്തിരുന്നു. രോഗശാന്തിക്ക് പേരുകേട്ട ഈ പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രത്തിൽ, തങ്ങളുടെ പ്രതീക്ഷകളും സങ്കടങ്ങളും പോരാട്ടങ്ങളും ഹൃദയത്തിലേറ്റിക്കൊണ്ട് മുൻപ് കടന്നുപോയ ദശലക്ഷക്കണക്കിന് വിശ്വാസികളുടെ പാത പിന്തുടർന്ന് ലെയോ മാർപാപ്പയും ഭക്തിപൂർവം ഈ പ്രദക്ഷിണത്തിൽ പങ്കുചേർന്നു.

കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിൻഗാമിയുമെന്ന നിലയിൽ, ഇന്നത്തെ ലോകത്തെ അലട്ടുന്ന ആശങ്കകളും സംഘർഷങ്ങളും ഭിന്നതകളും യുദ്ധങ്ങളും മാർപാപ്പ തന്നോടൊപ്പം വഹിച്ചു. “പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹമസൃണമായ ക്ഷണത്തോട് തലമുറതലമുറയായി വിശ്വാസികൾ സ്നേഹത്തോടും വിശ്വാസത്തോടും കൂടെ പ്രതികരിക്കുന്നത് കാണുന്നത് എത്രയോ വികാരനിർഭരമാണ്. ക്രിസ്ത്യാനികൾ തീക്ഷ്ണതയും വിശ്വാസവും നിറഞ്ഞ ഗീതങ്ങൾ ആലപിക്കുന്നതും, കൈകളിൽ ദീപമേന്തി, കുരിശിൽ കിടക്കുമ്പോൾ യേശു നമുക്ക് നൽകിയ സ്വർഗീയ അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങുന്നതും കാണുന്നത് എത്രയോ ആശ്വാസദായകമാണ്,” പാപ്പ സന്ദേശത്തിൽ പറഞ്ഞു. “ഈ സായാഹ്നത്തിൽ നമ്മുടെ അമ്മയുടെ വിളിയോട് പ്രതികരിക്കാനും തീർഥാടകർക്കിടയിലെ ഒരു തീർഥാടകനാകാൻ എനിക്ക് സാധിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.”

ബസിലിക്കയിലെ മണികൾ രാവിലി 9 മണി അടിച്ചതിന് തൊട്ടുപിന്നാലെ, വിശുദ്ധ ബെർണഡെറ്റിന് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട മാസബിയേൽ ഗുഹയിൽ (Grotto of Massabielle) നിന്ന് പാപ്പ പ്രദക്ഷിണം ആരംഭിച്ചു. മാർപാപ്പയുടെ പ്രതിനിധിസംഘവും, ബിഷപ്പുമാർ, വൈദികർ, തീർഥാടന കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ എന്നിവരടങ്ങുന്ന വലിയൊരു ജനക്കൂട്ടവും പാപ്പയെ അനുഗമിച്ചു.

തീർഥാടന കേന്ദ്രത്തിന് ചുറ്റും, അതിന് അഭിമുഖമായുള്ള വലിയ മുറ്റത്തേക്കും പാപ്പ പതുക്കെ മുന്നേറി. മെഴുകുതിരി പ്രദക്ഷിണത്തിൽ എപ്പോഴും ഉപയോഗിക്കുന്ന ലൂർദ് മാതാവിന്റെ രൂപമാണ് പ്രദക്ഷിണത്തിന് മുന്നിലുണ്ടായിരുന്നത്. മെറ്റൽ ബാരിക്കേഡുകൾക്ക് പിന്നിൽ നിന്ന്, കൈകളിൽ ജപമാലയും കത്തിച്ച മെഴുകുതിരികളുമായി ആയിരക്കണക്കിന് തീർഥാടകർ സ്വർഗസ്ഥനായ പിതാവേ…, നന്മ നിറഞ്ഞ മറിയമേ… എന്നീ പ്രാർഥനകൾ ചൊല്ലിക്കൊണ്ട് പാപ്പയെ അനുഗമിച്ചു.

ജനക്കൂട്ടത്തിന് മുകളിൽ നിന്ന് നോക്കുമ്പോൾ ജ്വാലകളുടെ മിന്നിത്തിളക്കം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ജപമാല പ്രാർഥനയോടൊപ്പം ഭക്തിഗാനങ്ങളും മാറിമാറി ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.