വാഴ്ത്തപ്പെട്ട ഫുൾട്ടൺ ജെ. ഷീനിന്റെ നാമത്തിലുള്ള ലോകത്തിലെ ആദ്യ ഇടവക പ്രഖ്യാപിച്ച് ഇല്ലിനോയ് ബിഷപ്പ്

അടുത്തിടെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീനിന്റെ നാമത്തിലുള്ള ലോകത്തിലെ ആദ്യത്തെ ഇടവക പ്രഖ്യാപിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലുള്ള പിയോറിയ രൂപതാ അധ്യക്ഷൻ ബിഷപ്പ് ലൂയിസ് ടിൽക്കയാണ് ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്. ഇല്ലിനോയിസിലെ എൽ പാസോയിലുള്ള പ്രശസ്തമായ സെന്റ് മേരീസ് ദൈവാലയവും ബെൻസണിലുള്ള സെന്റ് ജോൺസ് ദൈവാലയവും സംയോജിപ്പിച്ചാണ് ‘വാഴ്ത്തപ്പെട്ട ഫുൾട്ടൺ ഷീൻ ഇടവക’ രൂപീകരിക്കുന്നത്.

1895-ൽ ഫുൾട്ടൺ ഷീൻ മാമോദീസ സ്വീകരിച്ചത് എൽ പാസോയിലെ സെന്റ് മേരീസ് പള്ളിയിലാണ്. തന്മൂലം അദ്ദേഹത്തിന്റെ നാമത്തിലുള്ള ആദ്യ ഇടവകയായി ഈ കേന്ദ്രം മാറുന്നത് ഏറെ സവിശേഷതയുള്ളതാണെന്ന് ബിഷപ്പ് ലൂയിസ് ടിൽക്ക ചൂണ്ടിക്കാട്ടി. പുതിയ ഇടവകയായി മാറുമെങ്കിലും ഇരു ദൈവാലയ കെട്ടിടങ്ങളും അവയുടെ പരമ്പരാഗതമായ പേരുകൾ നിലനിർത്തും. വാഴ്ത്തപ്പെട്ട ഫുൾട്ടൺ ഷീനിന്റെ തിരുനാൾ ദിനമായ ഡിസംബർ ഒമ്പത് മുതൽ ആണ് പുതിയ ഇടവക നിലവിൽ വരുന്നതെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയിൽ ജനിച്ച ബിഷപ്പുമാരിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീൻ. ഇരുപതാം നൂറ്റാണ്ടിൽ റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിലൂടെ കത്തോലിക്കാ സഭയുടെ ആശയങ്ങളും സുവിശേഷവും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ച പ്രമുഖ ദൈവശാസ്ത്രജ്ഞനും പ്രാസംഗികനുമായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.