നെല്‍വിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമന് ആദരാഞ്ജലികൾ: ബിഷപ് ജോസ് പൊരുന്നേടം

മാനന്തവാടി കമ്മന സ്വദേശിയും ഭാരതസര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവുമായ തലക്കര ചെറിയ രാമന്‍‍ എന്ന ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം അനുശോചനം രേഖപ്പെടുത്തി. 2011 ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച ചെറുവയല്‍ രാമന്‍ വയനാടുകാരനും മാനന്തവാടി സ്വദേശിയുമാണെന്നത് പ്രദേശവാസികള്‍ക്കും നാടിനും ഏറെ അഭിമാനകരമായ കാര്യമാണ്.

പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതിസ്നേഹിയുമായിരുന്ന ചെറുകര രാമന്‍ – ‘വയനാടിന്റെ നെല്ലച്ചന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. കാര്‍ഷികവൃത്തിയുടെയും വയനാടന്‍ പരിസ്ഥിതിയുടെ നന്മകളെയും വരുംതലമുറക്ക് വേണ്ടി കാത്തു സൂക്ഷിച്ച് അത് ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ചെറുവയല്‍ രാമന്റെ ആകസ്മികനിര്യാണം നാടിനും കാര്‍ഷികമേഖലയ്ക്കും വലിയ നഷ്ടം തന്നെയാണെന്ന് ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു.

ചെറുവയല്‍ രാമന്റെ പ്രവര്‍ത്തനങ്ങളും കൃഷിപാരമ്പര്യങ്ങളും ഈ നാടിന്റെ തനിമയുള്ളവയായതിനാല്‍ അത് സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയണമെന്നും പത്രക്കുറിപ്പില്‍ ബിഷപ്പ് ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.