
നവംബർ 23 തിങ്കളാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ സൈക്ലിംഗ് ലോകത്തെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സാംസ്കാരിക-വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും യൂണിയൻ സൈക്ലിസ്റ്റെ ഇന്റർനാഷണലും (UCI) സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച.
പാരാസൈക്ലിംഗ് ഉൾപ്പെടെയുള്ള പുരുഷ-വനിതാ സൈക്ലിംഗ് രംഗത്തെ ഇതിഹാസ താരങ്ങളും നിലവിലെ ചാമ്പ്യന്മാരും വിവിധ ഫെഡറേഷനുകളിലെ ഭാരവാഹികൾ, പുരുഷ-വനിതാ വിഭാഗങ്ങളിലെ മൂന്ന് ഗ്രാൻഡ് ടൂറുകളുടെ (ടൂർ ഡി ഫ്രാൻസ്, ജിറോ ഡി ഇറ്റാലിയ, ലാ വുൾട്ട സിക്ലിസ്റ്റ എ എസ്പാന) സംഘാടകർ, കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള മറ്റ് സംഘാടകർ എന്നിവരുൾപ്പെടെ നൂറ് വിശിഷ്ടാതിഥികളാണ് ഈ സംഘത്തിലുള്ളത്.
ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന നിരവധി മുൻകാല, നിലവിലെ സൈക്ലിസ്റ്റുകളിൽ പ്രമുഖർ ഇവരാണ്:
അഞ്ച് ടൂർ ഡി ഫ്രാൻസ് കിരീടങ്ങളും അഞ്ച് ജിറോ ഡി ഇറ്റാലിയ കിരീടങ്ങളും ഒരു വുൾട്ട എ എസ്പാന കിരീടവും മൂന്ന് യുസിഐ (UCI) റോഡ് വേൾഡ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയ എഡ്ഡി മെർക്സ് (ബെൽജിയം), രണ്ടു തവണ യുസിഐ റോഡ് വേൾഡ് ചാമ്പ്യനും മൂന്നു തവണ ടൂർ ഡി ഫ്രാൻസ് വിജയിച്ച ആദ്യ അമേരിക്കക്കാരനുമായ ഗ്രെഗ് ലെമോണ്ട് (യുഎസ്എ), മൂന്ന് ഗ്രാൻഡ് ടൂറുകളിലും വിജയിച്ച ക്രിസ്റ്റഫർ ഫ്രൂം (ഗ്രേറ്റ് ബ്രിട്ടൻ), അന്താരാഷ്ട്ര സൈക്ലിംഗ് രംഗത്തെ ഏറ്റവും മികച്ച യുവപ്രതിഭകളിലൊരാളായി കണക്കാക്കപ്പെടുന്ന 20 വയസ്സുകാരനായ ഫ്രഞ്ച് സൈക്ലിസ്റ്റ് പോൾ സീക്സാസ് (ഫ്രാൻസ്).
പരിപാടിക്കു മുന്നോടിയായി, യൂണിയൻ സൈക്ലിസ്റ്റെ ഇന്റർനാഷണൽ പ്രസിഡന്റ് ഡേവിഡ് ലാപ്പാർട്ടിയന്റ്, സൈക്ലിംഗും കത്തോലിക്കാ സഭയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ഇടവക സമൂഹങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾ മുതൽ സുവിശേഷമൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സൈക്ലിംഗ് ടീമുകൾ, നിരവധി പേപ്പൽ കൂടിക്കാഴ്ചകൾ, ഏറ്റവും ഒടുവിലായി 2025 ലെ ജിറോ ഡി ഇറ്റാലിയ വത്തിക്കാനിലൂടെ കടന്നുപോയതു വരെയുള്ള കാര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
സമാധാനവും ജനങ്ങൾക്കിടയിൽ സാംസ്കാരിക സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കായിക ഇനമെന്ന നിലയിൽ സൈക്ലിംഗിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഈ വർഷത്തെ പരിപാടിയെന്ന് പ്രസിഡന്റ് ലാപ്പാർട്ടിയന്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
യുസിഐയിൽ അംഗം കൂടിയായ വത്തിക്കാന്റെ മൾട്ടി-സ്പോർട്സ് അസോസിയേഷനായ ‘അത്ലറ്റിക്ക വത്തിക്കാന’ (Athletica Vaticana) ആണ് ഈ സംരംഭം സംഘടിപ്പിച്ചത്.




