പാറേൽ പള്ളി ‘ബസിലിക്ക’ പദവിയിലേക്ക്; സ്മരണാർഥം പ്രത്യേക തപാൽ കവർ പുറത്തിറക്കും

ചങ്ങനാശേരി അതിരൂപതയിലെ പ്രശസ്തമായ പാറേൽ മരിയൻ തീർഥാടന കേന്ദ്രം ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന്റെ സ്മരണാർഥം തപാൽ വകുപ്പ് പ്രത്യേക തപാൽ കവർ പുറത്തിറക്കുന്നു. 120 വർഷം പഴക്കമുള്ള ഈ ദൈവാലയത്തെ ബസിലിക്കയായി ഉയർത്താനുള്ള വത്തിക്കാൻ തീരുമാനത്തിന്റെ ഭാഗമായാണ് ചരിത്രപരമായ ഈ ചടങ്ങ് നടക്കുന്നത്. പുതുതായി നിർമ്മിച്ച മർത്ത് മറിയം ബസിലിക്ക അങ്കണത്തിൽ തിങ്കളാഴ്ച വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങിൽ പ്രത്യേക കവർ പ്രകാശനം ചെയ്യും.

പരിശുദ്ധ കന്യകാമറിയത്തിന്റെയും മർത്ത് മറിയം ബസിലിക്കയുടെയും ചിത്രങ്ങളും ലഘുവിവരണങ്ങളുമാണ് ഈ പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ദൈവാലയം സ്ഥിതി ചെയ്യുന്ന പാറയുടെ ചെറിയ കഷണങ്ങളും ഈ കവറിൽ ചേർത്തിട്ടുള്ളത് തീർഥാടകർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഒരു അപൂർവ ശേഖരമായി മാറും. പരിശുദ്ധ മറിയത്തിന്റെയും ബസിലിക്കയുടെയും ചിത്രം ആലേഖനം ചെയ്ത പ്രത്യേക തപാൽ മുദ്രയും ഈ കവറിലുണ്ടാകും.

പ്രകാശനം നടക്കുന്ന തിങ്കളാഴ്ച ദിവസം മാത്രമായിരിക്കും ഈ പ്രത്യേക തപാൽ മുദ്ര ലഭ്യമാകുക. ഇന്നാണ് പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തെ ഔദ്യോഗികമായി ബസിലിക്ക പദവിയിലേക്ക് ഉയർത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.