
ക്രിസ്തുമസ് ആഘോഷങ്ങൾക്കു മുന്നോടിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരമ്പരാഗത ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. തെക്കൻ ഇറ്റലിയിലെ പൊളിനോ നാഷണൽ പാർക്കിൽ നിന്നുള്ള 24 മീറ്റർ ഉയരവും 7.5 ടൺ ഭാരവുമുള്ള സിൽവർ ഫിർ മരമാണിത്.
ഡിസംബർ ഏഴിന് റോം സമയം വൈകുന്നേരം 5:30 ന് ട്രീയിലെ ദീപങ്ങൾ തെളിക്കും. ഇറ്റലിയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിൽ കഴിയുന്ന കുട്ടികളാണ് ട്രീയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നത്. ഇവർ നിർമ്മിച്ച സെറാമിക് അലങ്കാരങ്ങളും 50,000 ത്തിലധികം എൽഇഡി ലൈറ്റുകളുമാണ് ക്രിസ്തുമസ് ട്രീയെ മനോഹരമാക്കുന്നത്.
ഇതോടൊപ്പം ചത്വരത്തിൽ ‘ദ ഗ്രേറ്റ് മിസ്റ്ററി’ എന്ന പേരിലുള്ള പുൽക്കൂടിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇറ്റലിയിലെ ചിയേറ്റി – വാസ്റ്റോ അതിരൂപത സമ്മാനിക്കുന്ന ഈ പുൽക്കൂട് തയ്യാറാക്കാൻ തടവുകാരും പങ്കാളികളായിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങൾക്കു ശേഷം പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ഈ മരത്തിന്റെ തടി സാമൂഹികവും കലാപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.




