
ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പമുള്ള പ്രാദേശിക ലോക യുവജന ദിനാഘോഷത്തിനായി നവംബർ 21 ശനിയാഴ്ച ലാസിയോ മേഖലയിൽ നിന്നുള്ള 6,000-ത്തിലധികം യുവജനങ്ങൾ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഒത്തുചേരും. ഇറ്റലിയിലെ ലാസിയോ മേഖലയിലെ മെത്രാൻ സമിതിയുടെ (Episcopal Conference) യുവജന കാര്യാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുവജനങ്ങൾക്ക് ഒരുമിച്ചുകൂടാനും മാർപാപ്പയുടെ വാക്കുകൾ ശ്രവിക്കാനുമുള്ള സവിശേഷ അവസരമായിരിക്കും ഇത്. 2027-ൽ സിയൂളിൽ നടക്കുന്ന ലോക യുവജന ദിനത്തിന്റെ പ്രമേയമായ, “ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33) എന്നതുതന്നെയാണ് ഈ സംഗമത്തിന്റെയും പ്രമേയം.
മെത്രാൻ സമിതിയുടെ അറിയിപ്പ് പ്രകാരം, രാവിലെ 8:30-ന് ലാസിയോയിലെ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സ്വാഗത സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും. വെറോണിക്ക മരിയ ജെനോവീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സെഷനിൽ ‘റിന്യൂവൽ ഇൻ ദി സ്പിരിറ്റ്’ (Renewal in the Spirit) പ്രസ്ഥാനത്തിന്റെ പ്രാദേശിക ഗായകസംഘവും അണിനിരക്കും.
രാവിലെ 9:45-ന് തിവോളി, പലസ്ട്രീന രൂപതകളുടെ മെത്രാൻ മൗറോ പാർമെഗ്ഗിയാനി, വി. പൗലോസ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനത്തിലെ (2 തിമോത്തിയോസ് 1:1-9) വചനഭാഗത്തെ ആസ്പദമാക്കിയുള്ള പ്രാർഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് വിശ്വാസം, ദൈവവിളി, പ്രേഷിത പ്രവർത്തനം, യുദ്ധം എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ യുവജനങ്ങൾ പങ്കുവയ്ക്കും.
റോം രൂപതയുടെ വികാരി ജനറൽ കർദിനാൾ ബാൽദസാരെ റെയ്നയുടെ പ്രസംഗത്തിന് ശേഷം രാവിലെ 11:30-ന് ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ആരംഭിക്കും. തുടർന്ന് ലാസിയോയിലെ വിവിധ രൂപതകളെ പ്രതിനിധീകരിച്ച് എത്തുന്ന അഞ്ച് യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മാർപാപ്പ മറുപടി നൽകും. ജ്ഞാനസ്നാന വ്രതവാഗ്ദാനങ്ങൾ പുതുക്കുന്നതോടെ സംഗമം സമാപിക്കും.
ദൈവവിളി സ്വീകരിക്കാനുള്ള അവസരം
സംഗമത്തിന് മുന്നോടിയായി സംസാരിച്ച ബിഷപ്പ് പാർമെഗ്ഗിയാനി, “ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള ഈ കൂടിക്കാഴ്ച ജീവിതത്തിന്റെ ആഴത്തിലുള്ള അർഥം തേടാനും ദൈവം നൽകുന്ന വിളി ഭയപ്പെടാതെ സ്വീകരിക്കാനും നമ്മുടെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന് പറഞ്ഞു.
“ഒഴുക്കിനെതിരെ നീന്താനുള്ള ധൈര്യം സംഭരിക്കാനും, നന്മ ചെയ്യുന്നതിൽ മടുപ്പ് തോന്നാതിരിക്കാനും, ദൈനംദിന ജീവിതത്തിൽ വിശ്വാസം ജീവിക്കാനും, അതുവഴി ഇന്നത്തെ ലോകത്തിൽ ക്രിസ്തുവിന്റെ യഥാർഥ സാക്ഷികളും സുവിശേഷ പ്രഘോഷകരായി മാറാനും ഈ സംഗമം അവർക്ക് പ്രചോദനമാകും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




