
മിഡിൽ ഈസ്റ്റിലെയും വിശുദ്ധ നാട്ടിലെയും ക്രൈസ്തവ വിശ്വാസികൾ പലായനം ചെയ്യാൻ നിർബന്ധിതരാകാതെ സ്വന്തം ജന്മനാട്ടിൽ തന്നെ തുടരാൻ സഹായിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ജീവകാരുണ്യ സംഘടനകളോട് ആഹ്വാനം ചെയ്തു. നവംബർ 20 വെള്ളിയാഴ്ച വത്തിക്കാനിൽ കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
“ഒരു ക്രൈസ്തവ കുടുംബം മാതൃഭൂമി വിട്ടുപോകാൻ നിർബന്ധിതമാകുമ്പോൾ, ഒരു വാസസ്ഥലം മാത്രമല്ല നഷ്ടപ്പെടുന്നത്; ഒരു സമൂഹം ദുർബലമാകുന്നു, ജീവിക്കുന്ന ഒരു പാരമ്പര്യം അപകടത്തിലാകുന്നു, സഭയുടെ സാന്നിധ്യം കുറയുകയും ചെയ്യുന്നു”- പാപ്പ പറഞ്ഞു. 1926-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ സ്ഥാപിച്ച കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ സംഘടനയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മധ്യപൗരസ്ത്യദേശം, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യ കത്തോലിക്കരെ ഈ വത്തിക്കാൻ ഏജൻസി നിലവിൽ സഹായിച്ചു വരുന്നു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റഫായേല പെട്രിനി, ന്യൂയോർക്ക് ആർച്ച് ബിഷപ്പ് റൊണാൾഡ് ഹിക്സ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.




