
ക്യൂബയിലെ എൽ കോബ്രെയിലെ ഔവർ ലേഡി ഓഫ് ചാരിറ്റി പുണ്യസങ്കേതത്തിലെ പ്രധാന ഗോപുരത്തിലെ കുരിശിൽ സെപ്റ്റംബർ രണ്ടിന് പുതിയ ദീപാലങ്കാരം അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായിയാണ് ഈ നവീകരണം. സാന്റിയാഗോ ഡി ക്യൂബ അതിരൂപതയുടെ കീഴിൽ സ്ഥിതിചെയ്യുന്ന ഈ ബസിലിക്കയിലാണ് 17-ാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ ദ്വീപിന്റെ കിഴക്കൻ തീരത്ത് നിന്ന് മൂന്ന് മീൻപിടുത്തക്കാർക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ യഥാർഥ തിരുരൂപം സൂക്ഷിച്ചിരിക്കുന്നത്.
എന്നാൽ, 2025 ഒക്ടോബറിൽ വീശിയടിച്ച മെലിസ ചുഴലിക്കാറ്റ് ദൈവാലയത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചു. ചില്ലുജാലകങ്ങൾ വലിയ തോതിൽ തകരുകയും, ഭിത്തികൾക്കും ജനലുകൾക്കും രൂപങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ദൈവാലയത്തിന്റെ പിൻവാതിൽ കാത്തുസൂക്ഷിച്ചിരുന്ന മാലാഖമാരുടെ രൂപങ്ങളിലൊന്നും തകർന്ന വസ്തുക്കളിൽ ഉൾപ്പെടുന്നു. ഇതിനെ തുടർന്ന് ആരംഭിച്ച പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
ഹവാനയിലെ ഹിസ്റ്റോറിയൻസ് ഓഫീസിൽ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെയാണ് തകർന്ന ചില്ലുജാലകങ്ങളുടെ പുനരുദ്ധാരണം പൂർത്തിയാക്കിയത്. ഇവരുടെ ശില്പികൾ മാലാഖയുടെ പ്രതിമയുടെയും പുണ്യസങ്കേതത്തിലെ മറ്റ് മാർബിൾ, വെങ്കല രൂപങ്ങളുടെയും അറ്റകുറ്റപ്പണികളിൽ പങ്കാളികളായി.
സെപ്റ്റംബർ എട്ടിന് രാജ്യത്തിന്റെ മധ്യസ്ഥയായ ഔവർ ലേഡി ഓഫ് ചാരിറ്റിയുടെ തിരുനാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സാന്റിയാഗോ ഡി ക്യൂബ അതിരൂപത. ബസിലിക്കയിൽ നടക്കുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിരൂപതയുടെ ഇൻവെസ്റ്റ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്.




