
മഴയും വെള്ളപ്പൊക്കവും ഒരു വിവാഹ സ്വപ്നത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തിയാൽ സാധാരണയായി എന്താണ് സംഭവിക്കാറുള്ളത്? ചടങ്ങുകൾ മാറ്റിവയ്ക്കുകയോ മറ്റൊരു ദിവസത്തേക്ക് നീട്ടുകയോ ചെയ്യും, എന്നാൽ ഫിലിപ്പീൻസിലെ നവദമ്പതികൾക്ക് പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളേക്കാൾ വലുതായിരുന്നു പരസ്പരമുള്ള സ്നേഹവും ദൈവത്തിനുമുന്നിൽ നൽകിയ വാഗ്ദാനവും.
ഫിലിപ്പീൻസിലെ ബുലാക്കാനിലുള്ള ഹാഗോനോയ് സാൻ യുവാൻ ബൗട്ടിസ്റ്റ ഇടവകാ ദൈവാലയത്തിലായിരുന്നു ആ അപൂർവ സുദിനം. കനത്ത മഴയെത്തുടർന്ന് പള്ളിക്കുള്ളിൽ മുട്ടറ്റം വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കം കാരണം വിവാഹച്ചടങ്ങ് നീട്ടിവയ്ക്കാൻ ഇടവക ഭാരവാഹികൾ ഉപദേശിച്ചെങ്കിലും, വധു ലെയൻ ലീസ ഗലാങ്ങും വരൻ ഗിൽബർട്ട് ചികോയും തങ്ങളുടെ തീരുമാനം മാറ്റിയില്ല. ഏതൊരു തടസ്സത്തെയും നേരിട്ട് ചടങ്ങ് നിശ്ചയിച്ച ദിനത്തിൽ തന്നെ നടത്താൻ അവർ ഉറപ്പിച്ചു.
‘ജലപാത’യിലൂടെ ഒരു നടത്തം
വെള്ളക്കെട്ടിലൂടെ അൾത്താരയുടെ മുന്നിലേക്ക് നടന്നു നീങ്ങുക എന്നത് എളുപ്പമായിരുന്നില്ല. എങ്കിലും മനോഹരമായ വിവാഹ വസ്ത്രത്തിന്റെ നീളം വെട്ടിക്കുറച്ച് ലെയൻ ലീസ അതിനും വഴി കണ്ടെത്തി. റെഡ് കാർപ്പറ്റിന് പകരം കുത്തിയൊഴുകുന്ന വെള്ളത്തിലൂടെയാണ് വധു അൾത്താരയിലേക്ക് നടന്നുനീങ്ങിയത്.
ദൈവാലയത്തിന്റെ ഭാരവാഹികൾ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഈ നിമിഷത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “സിനിമകളിലെ രംഗം പോലെ! വിവാഹം തടസ്സമില്ലാതെ തുടരുകയാണ്. ഇതിനെ തടയാനോ തകർക്കാനോ ആർക്കും കഴിയില്ല!”
പ്രളയം കാരണം പള്ളിയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരുന്നു. അതിനാൽ സാധാരണ ഉപയോഗിക്കാറുള്ള വലിയ സൗണ്ട് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ആ ഇടവക സമൂഹം ഒന്നിച്ചുനിന്നു; ചെറിയൊരു പോർട്ടബിൾ സ്പീക്കർ സംഘടിപ്പിച്ച് അവർ ചടങ്ങുകൾ മനോഹരമായി പൂർത്തിയാക്കി.
പള്ളിക്കുള്ളിൽ വെള്ളം നിറഞ്ഞുനിന്നെങ്കിലും മനോഹരമായി അലങ്കരിച്ച അൾത്താരയ്ക്ക് മുന്നിൽവച്ച് അവർ ഒദ്യോഗികമായി ദമ്പതികളായി മാറി. പ്രണയത്തിന് മുന്നിൽ ഏതൊരു പ്രതിബന്ധവും വഴിമാറുമെന്നും ദൈവത്തിന് മുന്നിൽ ചെയ്ത പ്രതിജ്ഞ സഫലമാക്കാൻ വെള്ളപ്പൊക്കത്തിന് പോലും സാധിച്ചില്ലെന്നും പള്ളി അധികൃതർ കുറിച്ചു.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ ചിത്രങ്ങളും വീഡിയോകളും കേവലം ഒരു വാർത്ത മാത്രമല്ല, പ്രണയത്തിന്റെയും സഹനത്തിന്റെയും വിവാഹമെന്ന പവിത്രമായ കൂദാശയുടെയും അപൂർവമായൊരു സാക്ഷ്യപത്രം കൂടിയാണ്.




