സകല മരിച്ച വിശ്വാസികളുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടാം തീയതി റോമിലെ വെറാനോ സെമിത്തേരിയിൽ ലെയോ പതിനാലാമൻ പാപ്പ പ്രത്യേക ദിവ്യബലി അർപ്പിച്ചു. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എഴുപതുകളുടെ ഒടുവിൽ തുടക്കം കുറിച്ച പാരമ്പര്യം പിന്തുടർന്നാണ് ലെയോ മാർപാപ്പ വത്തിക്കാന് വെളിയിലുള്ള ഒരു സെമിത്തേരി സന്ദർശിക്കുകയും ദിവ്യബലി അർപ്പിച്ച് മരിച്ചവർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത്.
“പ്രാർത്ഥനയുടെയും സ്മരണയുടെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഈ സ്ഥലത്ത് ദിവ്യബലി അർപ്പിക്കാനാണ് നാം ഒന്നിച്ചുകൂടിയിരിക്കുന്നത്. മരിച്ചുപോയ വിശ്വാസികളുടെ, പ്രത്യേകിച്ച് ഇവിടെ വിശ്രമിക്കുന്നവരുടെയും നമ്മൾ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നവരുടെയും ആത്മശാന്തിക്കായി നാം ഇത് കാഴ്ചവെക്കുന്നു,”- പാപ്പ വിശുദ്ധ കുർബാന മധ്യേ പറഞ്ഞു.
തിബുർത്തിനോ (Tiburtino) ജില്ലയിൽ സ്ഥിതി ചെയ്യുന്ന വെറാനോ സെമിത്തേരി, നെപ്പോളിയന്റെ ഭരണകാലത്ത് 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിൽ സെമിത്തേരിയും റോമിലെ ഏറ്റവും വലിയ സെമിത്തേരിയുമാണിത്. കത്തോലിക്കരല്ലാത്തവർക്കായുള്ള പ്രത്യേക ഭാഗം കൂടി ഉൾപ്പെടുന്ന ഈ സമുച്ചയത്തിന്, 1943-ലെ സഖ്യകക്ഷികളുടെ റോം ബോംബാക്രമണത്തിൽ കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. തുടർന്ന് 1949-ലാണ് ഇത് പുനർനിർമ്മിച്ചത്.
സെമിത്തേരിയിൽ എത്തിയ ഉടൻ തന്നെ ലെയോ പതിനാലാമൻ മാർപ്പാപ്പ, ‘അന്റോണിയ കൊക്കിയ നികോളിനി’ എന്ന് പേരെഴുതിയ ഒരു ഇറ്റാലിയൻ കുടുംബത്തിന്റെ മാർബിൾ കല്ലറയിൽ വെള്ളയും മഞ്ഞയും റോസാപ്പൂക്കളുടെ ഒരു ബൊക്കെ സമർപ്പിച്ചു. അവിടെയുണ്ടായിരുന്ന കല്ലറകളിൽ നിന്ന് യാദൃച്ഛികമായി തിരഞ്ഞെടുത്തതായിരുന്നു ഇത്. സകല വിശുദ്ധരുടെയും തിരുനാളിന്റെ അടുത്ത ദിവസം ആചരിക്കുന്ന, മരിച്ചുപോയ വിശ്വാസികളുടെ സ്മരണ സഭയുടെ പ്രാർത്ഥനകൾക്ക് വഴികാട്ടിയാകുന്നുവെന്ന് ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ മാർപ്പാപ്പ വിശദീകരിച്ചു.




