
വെസ്റ്റ് ബാങ്കിലെ പൂർണ്ണമായും ക്രിസ്ത്യാനികൾ മാത്രമുള്ള ഏക ഗ്രാമമായ തയ്യ്ബെയിൽ (Taybeh) ഒലിവ് വിളവെടുപ്പ് കാലം ആരംഭിച്ചതോടെ ഗ്രാമവാസികളിൽ ആശങ്കയും ഭീതിയും പടരുന്നതായി റിപ്പോർട്ട്. തുടർച്ചയായ നാലാം വർഷമാണ് പ്രദേശവാസികൾക്ക് സ്വന്തം തോട്ടങ്ങളിൽ സുരക്ഷിതമായി ഒലിവ് വിളവെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നത്. തയ്യ്ബെയിലെ ലത്തീൻ പെട്രിയാർക്കേറ്റിലെ ഇടവക വികാരിയായ ഫാദർ ബഷാർ ഫവാദ്‌ലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗ്രാമത്തിന്റെ കിഴക്കൻ മേഖലയിലുള്ള തയ്യ്ബെ നിവാസികളുടെ ഒലിവ് തോട്ടങ്ങളിൽ കുടിയേറ്റക്കാർ (settlers) അക്രമിച്ച് കയറുകയും ഒലിവ് പഴങ്ങൾ പറിച്ചെടുക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പ്രദേശവാസികൾക്ക് സംരക്ഷണം നൽകാനെന്ന പേരിൽ സൈന്യം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. സ്വന്തം തോട്ടങ്ങളിലേക്ക് ഇറങ്ങാൻ പോലും ഭൂവുടമകൾ ഭയപ്പെടുമ്പോൾ, അക്രമികൾ തോട്ടങ്ങളിൽ കയറി വിളവെടുപ്പ് നടത്തുന്നത് കടുത്ത അനീതിയാണെന്ന് ഫാദർ ബഷാർ ചൂണ്ടിക്കാട്ടുന്നു.
തയ്യ്ബെ നിവാസികൾക്ക് ഒലിവ് എന്നത് വെറുമൊരു കൃഷി മാത്രമല്ല, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യവും അവരുടെ കുടുംബ സാമ്പത്തിക ഭദ്രതയുടെ അടിത്തറയുമാണ്. 16,000 ഡുനം (dunum) സ്ഥലത്തോളം ഒലിവ് മരങ്ങൾ ഉള്ള ഈ ഗ്രാമം പണ്ട് പലസ്തീന് പുറത്തേക്കും ഒലിവ് എണ്ണ വിപണനം ചെയ്തിരുന്നു. എന്നാൽ ഇന്ന് നൂറുകണക്കിന് ഒലിവ് മരങ്ങളുടെ ഉടമകളായ കുടുംബങ്ങൾക്ക് സ്വന്തം തോട്ടത്തിൽ നിന്ന് വിളവെടുക്കാൻ സാധിക്കാത്തതിനാൽ വീടുകളിലേക്ക് എണ്ണ വിലകൊടുത്തു വാങ്ങേണ്ട ദുരവസ്ഥയാണുള്ളത്. ഉൽപ്പന്നങ്ങളും ഒരു വർഷത്തെ വരുമാനവും നഷ്ടപ്പെടുന്നതിനൊപ്പം ഈ മണ്ണുമായുള്ള ഇവരുടെ തലമുറകളുടെ ബന്ധം തന്നെയാണ് ഇല്ലാതാകുന്നത്.
തയ്യ്ബെ നിവാസികൾ പ്രത്യേക പരിഗണനകളൊന്നും ആവശ്യപ്പെടുന്നില്ലെന്നും, പൂർവികർ നട്ടുപിടിപ്പിച്ച മരങ്ങളിൽ നിന്ന് സുരക്ഷിതമായി ഒലിവ് വിളവെടുത്തു മടങ്ങാനുള്ള അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും ഫാദർ ബഷാർ വ്യക്തമാക്കുന്നു. കൃഷിക്കാർക്ക് തോട്ടങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കാനും, വിളവെടുപ്പ് കാലത്ത് മതിയായ സംരക്ഷണം നൽകാനും, വിളവ് കവരുന്നത് തടയാനും അടിയന്തര ഇടപെടൽ വേണമെന്ന് ഫാദർ ബഷാർ അഭ്യർഥിച്ചു.




