
വിശുദ്ധ നിക്കോളാസിന്റെ തിരുനാളിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഫ്രാൻസിലെ പ്രശസ്തമായ തീർഥാടന കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. വടക്കുകിഴക്കൻ ഫ്രാൻസിലെ നാൻസിക്ക് (Nancy) സമീപമുള്ള സെന്റ്-നിക്കോളാസ്-ഡി-പോർട്ട് (Saint-Nicolas-de-Port) ബസിലിക്കയിലാണ് വിശ്വാസികളെ വേദനയിലാഴ്ത്തിയ സംഭവം നടന്നത്.
നവംബർ രണ്ടിന് ഇടവക വികാരി ഈ മോഷണം പൊലീസിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. തിരുശേഷിപ്പ് സംരക്ഷിച്ചിരുന്ന ചില്ല് തകർത്ത് അത് മോഷ്ടിച്ചതായും, പിന്നീട് അതിന്റെ അവശിഷ്ടങ്ങൾ കത്തിച്ച് പൊടിച്ചു കളഞ്ഞതായും അയാൾ പിന്നീട് സമ്മതിക്കുകയുണ്ടായി. അത് വിഗ്രഹാരാധന ആണെന്നും അതിനാലാണ് ആ തിരുശേഷിപ്പ് നശിപ്പിച്ചതെന്നും ആയിരുന്നു പ്രതിയുടെ വിശദീകരണം.
“ഈ തിരുശേഷിപ്പിന്റെ പൈതൃക മൂല്യത്തിനപ്പുറം, ഇത് ഒന്നാമതായി ഞങ്ങളുടെ ചരിത്രത്തിനും വിശ്വാസത്തിനും തലമുറകളായി തീർഥാടകർക്കുണ്ടായിരുന്ന ഭക്തിക്കും നേരെയുള്ള ആഴത്തിലുള്ള ആക്രമണമാണ്. അത് ഇന്ന് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു”- ആക്രമണത്തെ തുടർന്ന് ഇടവക പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു.
സെന്റ്-നിക്കോളാസ്-ഡി-പോർട്ടിൽ വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തി പരമ്പരാഗതമായി ഉള്ളതാണ്. 11-ാം നൂറ്റാണ്ടിലാണ് ഈ പട്ടണത്തിൽ വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തി ആരംഭിക്കുന്നത്. ഒബേർട്ട് ഡി വരാഞ്ജേവില്ലെ എന്ന പ്രഭു, ഇറ്റലിയിലെ ബാരിയിൽ നിന്ന് വിശുദ്ധന്റെ ഒരു തിരുശേഷിപ്പ് ലൊറേണിലേക്ക് (Lorraine) കൊണ്ടുവന്നു എന്നാണ് കരുതപ്പെടുന്നത്. കാലക്രമേണ ഈ പട്ടണം ഒരു പ്രധാന തീർഥാടന കേന്ദ്രമായി മാറുകയും, ഈ പ്രദേശത്തുടനീളം വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തി വളരുകയും ആയിരുന്നു.




