അർജന്റീനയിലെ ജയിലിൽ കരുണയുടെയും മാനസാന്തരത്തിന്റെയും അപൂർവ നിമിഷങ്ങൾ!

​അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള ഡെവോട്ടോ ജയിലിൽ ലെയോ പതിനാലാമൻ മാർപാപ്പ നടത്തിയ സന്ദർശനം തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിയൊരുക്കി. നവംബർ 11 -ന് നടന്ന സന്ദർശനത്തിനിടെ ജയിൽ ചാപ്ലെയിൻ ഫാദർ മത്തിയാസ് ഡി മാർട്ടിനി കണ്ണീരടക്കാനാകാതെയാണ് മാർപാപ്പയ്ക്ക് നന്ദി അറിയിച്ചത്.

തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ജയിൽ ജീവനക്കാർക്കും പ്രത്യാശ പകരുന്ന സന്ദേശമാണ് മാർപാപ്പ നൽകിയത്. ജീവിതത്തിലെ വീഴ്ചകൾക്കും വേദനകൾക്കും ഇടയിലും പുതിയൊരു ജീവിതം ആരംഭിക്കാനുള്ള അവസരമായി ജയിൽ കാലഘട്ടത്തെ മാറ്റണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
​
മനുഷ്യർ തങ്ങളുടെ പരിമിതികളെ അതിജീവിച്ചുകൊണ്ടാണ് വളരുന്നത്. ജയിലുകൾ ആഴത്തിലുള്ള മാനസാന്തരത്തിനും പുതിയ അറിവുകൾ നേടുന്നതിനുമുള്ള വേദിയാകുന്നുണ്ടെന്നും ദൈവകൃപയാൽ അന്ധകാരത്തിൽ നിന്ന് പ്രത്യാശയുടെ വെളിച്ചത്തിലേക്ക് നടക്കാൻ സാധിക്കുമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

​തടവിലാക്കപ്പെട്ട യേശുവിലേക്ക് നോക്കി ശക്തിയും ജ്ഞാനവും നേടാൻ തടവുകാരുടെ കുടുംബങ്ങളോട് പാപ്പ ആവശ്യപ്പെട്ടു. കുട്ടികളെയും യുവാക്കളെയും മൂല്യബോധമുള്ളവരായി വളർത്താനും കുറ്റകൃത്യങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ​മാർപാപ്പയ്ക്ക് മുന്നിൽ തങ്ങളുടെ ജീവിതമാറ്റം പങ്കുവച്ച തടവുകാരുടെ വാക്കുകൾ ഏറെ ശ്രദ്ധേയമായി. ലഹരിക്ക് അടിമപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും കുടുംബത്തിൽ നിന്ന് അകലുകയും ചെയ്ത തങ്ങൾക്ക് ജയിലിലെ പ്രാർഥനയിലൂടെയും യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയും ആന്തരിക സ്വാതന്ത്ര്യവും പുതിയ ജീവിതവും ലഭിച്ചതായി ക്രിസ്റ്റ്യൻ, മാക്സിമിലിയാനോ എന്നീ തടവുകാർ സാക്ഷ്യപ്പെടുത്തി.

​നഷ്ടപ്പെട്ട ആടിനെ തിരികെ ലഭിക്കുമ്പോൾ സന്തോഷിക്കുന്ന ദൈവത്തിന്റെ സ്നേഹമാണ് മാർപാപ്പയുടെ സന്ദർശനത്തിലൂടെ ഞങ്ങൾ അനുഭവിച്ചതെന്ന് ഫാദർ മത്തിയാസ് ഡി മാർട്ടിനി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.