ലെയോ പതിനാലാമൻ പാപ്പയുടെ യാത്രാവിമാനം: ‘പൊന്തിഫെക്സ് മാക്സിമസ്’ എന്ന പേരിനു പിന്നിലെ ചരിത്രം

ലെയോ പതിനാലാമൻ പാപ്പയുടെ ലാറ്റിനമേരിക്കൻ അപ്പസ്തോലിക് പര്യടനത്തിന് ഉപയോഗിച്ച വിമാനത്തിന് ‘പൊന്തിഫെക്സ് മാക്സിമസ്’ എന്ന് പേരിട്ടത് മാധ്യമങ്ങളിലും ജനങ്ങളിലും കൗതുകമുണർത്തിയിരിക്കുന്നു. എന്നാൽ, ആ പേര് വെറുമൊരു കൗതുകത്തിന് ഇട്ടതല്ല; ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു അത്.

ചരിത്രപരമായി വലിയ പ്രാധാന്യമുള്ള ഒരു പദമാണ് ‘പൊന്തിഫെക്സ് മാക്സിമസ്’ (Pontifex Maximus). പുരാതന റോമൻ സാമ്രാജ്യകാലത്ത് റോമൻ മതം അനുസരിച്ചുള്ള മുഖ്യപുരോഹിതനെ വിശേഷിപ്പിക്കാൻ ഈ പേര് ഉപയോഗിച്ചിരുന്നു. പിന്നീട് കത്തോലിക്കാ സഭയിൽ മാർപാപ്പമാരുടെ ഔദ്യോഗിക പദവികളിലൊന്നായും ഇത് അറിയപ്പെട്ടു തുടങ്ങി. ലാറ്റിൻ ഭാഷയിൽ ‘പാലം നിർമ്മിക്കുന്നവൻ’ എന്നാണ് ഈ വാക്കിന്റെ അർഥം. ദൈവത്തിനും മനുഷ്യനുമിടയിൽ പാലം പണിയുന്നവൻ എന്ന അർഥത്തിലാണ് മാർപാപ്പമാർ ഈ വിശേഷണം ഉപയോഗിക്കുന്നത്.

ഈ പ്രയോഗം ക്രിസ്തീയമായ പശ്ചാത്തലത്തിലായിരുന്നില്ല ആദ്യം ഉപയോഗിച്ചിരുന്നത്. പുരാതന റോമിലെ മുഖ്യപുരോഹിതന്മാരുടെ സംഘത്തിലെ പരമോന്നത പുരോഹിതനായിരുന്നു ‘പൊന്തിഫെക്സ് മാക്സിമസ്.’ മതപരമായ കലണ്ടർ നിയന്ത്രിക്കുക, ആചാരങ്ങളുടെ മേൽനോട്ടം വഹിക്കുക, മറ്റു പുരോഹിതന്മാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചുമതലകൾ. ഈ പദവി തുടക്കത്തിൽ പൂർണ്ണമായും മതപരമായിരുന്നുവെങ്കിലും കാലക്രമേണ ഇതിന് രാഷ്ട്രീയപ്രാധാന്യവും കൈവന്നു. എല്ലാ റോമൻ ചക്രവർത്തിമാരും പൊന്തിഫെക്സ് മാക്സിമസ് കൂടി ആയിത്തീർന്നു. അങ്ങനെ മതപരമായ അധികാരവും രാഷ്ട്രീയ അധികാരവും ഒരാളിൽതന്നെ സംയോജിക്കപ്പെട്ടു.

എഡി 313 ലെ മിലാൻ വിളംബരത്തിലൂടെ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം നിയമവിധേയമാക്കുകയും സാമ്രാജ്യത്വ രേഖകളിൽ ക്രിസ്തീയ പദാവലി ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. തുടർന്ന് ‘പൊന്തിഫെക്സ്’ എന്ന വാക്ക് ക്രമേണ ക്രിസ്തീയ പശ്ചാത്തലത്തിലേക്ക് ഉപയോഗിച്ചുതുടങ്ങി. ആദ്യം, പൊതുവെ ബിഷപ്പുമാർക്കായി പ്രയോഗിക്കപ്പെടുകയും പിന്നീട് നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാർപാപ്പമാർ ഈ പദവി ഉപയോഗിച്ചുതുടങ്ങി എന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. അഞ്ചാം നൂറ്റാണ്ടോടെ ഈ പദവി മാർപാപ്പയുമായി മാത്രം ബന്ധപ്പെട്ടുനിൽക്കാൻ തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.