
പാവപ്പെട്ടവർക്കായി വത്തിക്കാൻ ഒരുക്കുന്ന ഏഴാമത് ക്രിസ്തുമസ് സംഗീതനിശയിൽ അമേരിക്കൻ ആർ ആൻഡ് ബി (R & B) ഗായിക ജെന്നിഫർ ഹഡ്‌സൺ മുഖ്യാതിഥിയായി എത്തുന്നു. ഡിസംബർ അഞ്ചിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കുന്ന ‘കൺസേർട്ട് വിത്ത് ദ പുവർ’ (Concert with the Poor) എന്ന സംഗീതപരിപാടിയിൽ ലെയോ പതിനാലാമൻ പാപ്പയുടെ സാന്നിധ്യത്തിലായിരിക്കും ഗ്രാമി, ഓസ്കാർ പുരസ്കാര ജേതാവായ ജെന്നിഫർ ഹഡ്‌സൺ സംഗീതവിരുന്നൊരുക്കുന്നത്.
റോമിലെ വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണയിലുള്ള ഏകദേശം മൂവായിരത്തോളം നിർധനരെ സഹായിക്കുന്നതിനായാണ് ഈ സംഗീതനിശ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും ലെയോ പതിനാലാമൻ പാപ്പ ചടങ്ങിൽ സംബന്ധിക്കും.
ഈ ക്രിസ്തുമസ് സംഗീതനിശയിൽ പങ്കെടുക്കുന്ന ആദ്യ അമേരിക്കൻ ഗായിക എന്ന ബഹുമതി ഇതോടെ ജെന്നിഫർ ഹഡ്‌സണ് സ്വന്തമാകും. പ്രശസ്ത വൈദികനും സംഗീതസംവിധായകനുമായ മോൺസിഞ്ഞോർ മാർക്കോ ഫ്രിസിന, ഇറ്റാലിയൻ നടിയും ഗായികയുമായ സെറീന ഓട്ടേരി, റോം രൂപതയുടെ ഗായകസംഘം എന്നിവർക്കൊപ്പമായിരിക്കും ഹഡ്‌സൺ ഗാനങ്ങൾ ആലപിക്കുക.
വത്തിക്കാനിലെ ഹഡ്‌സന്റെ രണ്ടാമത്തെ സംഗീതപരിപാടിയാണിത്. കഴിഞ്ഞ വർഷം അന്തരിച്ച ഫ്രാൻസിസ് പാപ്പയോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച ‘ഗ്രേസ് ഫോർ ദ വേൾഡ്’ എന്ന പരിപാടിയിലും അവർ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വർഷത്തെ സംഗീതനിശയിലാണ് ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ നേരിട്ട് പങ്കെടുത്തത്. അന്ന് മുഖ്യാതിഥിയായിരുന്ന കനേഡിയൻ ഗായകൻ മൈക്കൽ ബുബ്ലെ, തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന അനുഭവമായിരുന്നു അതെന്ന് വിശേഷിപ്പിച്ചിരുന്നു.
2025-ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പതിനാലാമൻ പാപ്പ ഇതിനോടകം എട്ടോളം സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.




