
ലാറ്റിനമേരിക്കൻ സന്ദർശനത്തിന്റെ ഏഴാം ദിവസം വിജയകരമായി പൂർത്തിയാക്കി ലെയോ പതിനാലാമൻ പാപ്പ. നവംബർ 12 വ്യാഴാഴ്ച വൈകുന്നേരം ലിമയിലെ നാഷണൽ സ്റ്റേഡിയത്തിൽ അറുപതിനായിരത്തോളം യുവജനങ്ങൾ പങ്കെടുത്ത ജാഗരണ പ്രാർഥനയോടെയാണ് പാപ്പയുടെ ഏഴാം ദിവസത്തെ ഔദ്യോഗിക പരിപാടികൾ സമാപിച്ചത്.
ദൈവം തങ്ങളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നു ചോദിക്കാൻ ഭയപ്പെടരുതെന്ന് ജാഗരണ പ്രാർഥനയിൽ പങ്കെടുത്ത യുവജനങ്ങളോട് പാപ്പ ആഹ്വാനം ചെയ്തു. പ്രാർഥനയ്ക്കു ശേഷം അപ്പസ്തോലിക ന്യൂൺഷ്യേച്ചറിലേക്ക് (വത്തിക്കാൻ സ്ഥാനപതി കാര്യാലയം) മടങ്ങിയ പാപ്പ ബിഷപ്പുമാരോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തു. വൈകുന്നേരം അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ വച്ച് അഗസ്തീനിയൻ സഭാംഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തി. തുടർന്ന്, ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ ആറുപേരുമായി പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ഒരു മണിക്കൂറിലധികം സമയം അവരുടെ വാക്കുകൾ കേൾക്കുകയും ചെയ്തു.
ലിമയിലെ ആർച്ച്ബിഷപ്സ് പാലസിലെ ചാപ്പലിൽ പെറൂവിയൻ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയോടെയാണ് പാപ്പയുടെ ഏഴാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. “വിശുദ്ധ കുർബാന നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ ഉറവിടമാണ്. സക്രാരിക്കു മുന്നിൽ നിൽക്കുമ്പോൾ നമ്മുടെ ശുശ്രൂഷയുടെ ശരിയായ കാഴ്ചപ്പാട് നമുക്ക് വീണ്ടെടുക്കാൻ സാധിക്കും,” പാപ്പ പറഞ്ഞു. സഭ നമ്മുടേതല്ല, മറിച്ച് ക്രിസ്തുവിന്റേതാണെന്നും, ഒരുനാൾ യാത്ര അവസാനിപ്പിക്കേണ്ട ദൂതന്മാർ മാത്രമാണ് നാമെന്നും, ദൈവം മാത്രമാണ് എന്നെന്നും നിലനിൽക്കുന്നതെന്നും പാപ്പ ബിഷപ്പുമാരെ ഉദ്ബോധിപ്പിച്ചു.




