
ഹെയ്തിയിലെ ഫോർട്ട് ലിബർട്ടെ രൂപതയുടെ പുതിയ ബിഷപ്പായി ജീൻ-പിയർ സാണ്ടർ ലൂയിസ്-ജീനിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. നിലവിൽ അതേ രൂപതയിൽ തന്നെ സഹായമെത്രാനായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു അദ്ദേഹം. വിരമിക്കൽ പ്രായമായ 75 വയസ്സ് പിന്നിട്ടതിനെ തുടർന്ന് മോൺസിഞ്ഞോർ കസ്നെൽ അൽഫോൻസ് സമർപ്പിച്ച രാജി പരിശുദ്ധ പിതാവ് സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ ബിഷപ്പ് ഈ പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്.
ജീൻ-പിയർ സാണ്ടർ ലൂയിസ്-ജീൻ 1967 ഒക്ടോബർ 17-ന് ഹെയ്തിയിലെ ജെറേമിയിലാണ് ജനിച്ചത്. അദ്ദേഹത്തിന് 58 വയസ്സുണ്ട്. വത്തിക്കാൻ പ്രസ്സ് ഓഫീസിന്റെ വിവരങ്ങൾ അനുസരിച്ച്, നോട്രെ ഡാം ഡി ഹെയ്തി മേജർ സെമിനാരിയിൽ ചേർന്ന അദ്ദേഹം തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. 1996 നവംബർ 17-ന് വൈദികനായി പട്ടം സ്വീകരിച്ച അദ്ദേഹം പോർട്ട്-ഓ-പ്രിൻസ് അതിരൂപതയിലാണ് ശുശ്രൂഷ ആരംഭിച്ചത്. അദ്ദേഹം നോട്രെ ഡാം ഡി ഹെയ്തി മേജർ സെമിനാരിയിൽ ആത്മീയ ഉപദേഷ്ടാവ് (2009-2012, 2014-2020), സ്പിരിച്വൽ ഗൈഡ് (2012-2014), ആത്മീയ ദൈവശാസ്ത്ര വിഭാഗം പ്രൊഫസർ (2012-2020) എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കൂടാതെ, 2020 മുതൽ പോർട്ട്-ഓ-പ്രിൻസിലെ നോട്രെ ഡാം ഡി എൽ അസംപ്ഷൻ കത്തീഡ്രലിൽ വികാരിയായും സേവനമനുഷ്ഠിച്ചു.
രൂപതാ കാറ്റക്കിസം-ലിറ്റർജി കമ്മീഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2024 മേയ് 31-നാണ് അദ്ദേഹത്തെ പോർട്ട്-ഓ-പ്രിൻസിന്റെ സഹായമെത്രാനായി നിയമിച്ചത്. പ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതകളും നിറഞ്ഞ ഹെയ്തിയിലെ കത്തോലിക്കാ സഭയ്ക്ക് പുതിയ പ്രത്യാശയും ആത്മീയ നേതൃത്വവും നൽകുന്നതാണ് പാപ്പയുടെ ഈ നിയമനം.




