ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 03

1767 സെപ്റ്റംബർ മൂന്നിനാണ് മൈസൂർ ഭരണാധികാരി ഹൈദരലിയുടെയും ഹൈദരാബാദിലെ നിസാമിന്റെയും നേതൃത്വത്തിലുള്ള സഖ്യസൈന്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ യുദ്ധം ചെയ്തത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം എന്ന സ്ഥലത്താണ് യുദ്ധം നടന്നത്. ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഏറ്റുമുട്ടൽ. എന്നാൽ യുദ്ധത്തിൽ ഇന്ത്യൻസേനയ്ക്ക് 2000 പടയാളികളെയും, ബ്രിട്ടന് 170 ആളുകളെയും നഷ്ടപ്പെട്ടു. 70,000 പടയാളികളുണ്ടായിരുന്നെങ്കിലും സഖ്യസൈന്യത്തിന് പിന്മാറേണ്ടിവന്നു.

1971 സെപ്റ്റംബർ മൂന്നിനാണ് ഖത്തറിലെ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഖത്തറിൽ ബ്രിട്ടൻ അധിനിവേശം നടത്തിയത് 1916 ലാണ്. ബ്രിട്ടന്റെ ആധിപത്യം അവസാനിച്ചപ്പോൾ യുഎഇയുടെ ഭാഗമാകാമെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ്, അത് വേണ്ടെന്നുവച്ച് 1971 സെപ്റ്റംബർ മൂന്നിന് ഖത്തർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഷെയ്ഖ ഖലീഫ ബിൻ ഹമദ് അൽതാനിയാണ് 1972 ന്റെ തുടക്കം മുതൽ 1995 വരെ ഭരിച്ചത്. അന്നുമുതൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നു വേറിട്ട വഴിയിണ് ഖത്തറിന്റെ സഞ്ചാരം. ആളോഹരി വരുമാനത്തിൽ ലോകത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ ഖത്തർ.

പ്രശസ്ത ഓക്ഷൻ വെബ്സൈറ്റായ ഇ-ബേ സ്ഥാപിതമായത് 1995 സെപ്റ്റംബർ മൂന്നിനായിരുന്നു. പിയറി ഒമിദ്യാർ എന്നയാളാണ് വെബ്സൈറ്റ് സ്ഥാപിച്ചത്. കാലിഫോർണിയയിൽ സ്ഥാപിക്കപ്പെട്ട ഈ സൈറ്റ് ഓക്ഷൻ വെബ് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. ഒടിഞ്ഞ ഒരു ലേസർ പോയിന്ററായിരുന്നു സൈറ്റിൽ ആദ്യം വിൽപനയ്ക്കു വച്ചത്. 14.83 ഡോളറിന് അത് ആദ്യം സ്വന്തമാക്കിയത് മാർക്ക് ഫ്രേസറായിരുന്നു. വെബ്സൈറ്റിലൂടെയുള്ള ബിസിനസ് സാധ്യത മനസ്സിലാക്കിയ ഒമിദ്യാർ, ക്രിസ് അഗർപാവോയെ ആദ്യത്തെ ജോലിക്കാരനായി നിയമിച്ചു. 1996 ൽ ജെഫ്രി സ്കോൾ ഇ-ബേയുടെ ആദ്യ പ്രസിഡന്റായി. ഇന്ന് ഇത് പ്രശസ്തമായ ഇ-കൊമേഴ്സ് കമ്പനിയാണ്.

സുനീഷ വി എഫ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.