റോമിൽ പുതിയ മെത്രാന്മാർക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചു

ദൗത്യം, ഇടവക ശുശ്രൂഷ, സംരക്ഷണം, ആരാധനാക്രമം, സഭാഭരണം എന്നിവ ചർച്ച ചെയ്യുന്ന വത്തിക്കാന്റെ പരിശീലന പരിപാടിയിൽ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 147 പുതിയ മെത്രാന്മാർ പങ്കെടുക്കുന്നു. ഈ പരിശീലന പരിപാടിയുടെ സമാപനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും.

ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയും സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും ചേർന്നാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നത്തെ സഭ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം, പുതിയ ഇടയന്മാർക്ക് പരിശീലനം, പ്രാർഥന, സംഭാഷണം, സഹോദരത്വം എന്നിവയ്ക്കുള്ള അവസരവും ഈ പരിപാടി നൽകുന്നു. ആകെ 147 മെത്രാന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ 98 പേർ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിക്കുന്ന ‘മാറ്റത്തിന്റെ കാലഘട്ടത്തിൽ ക്രിസ്തുവിൽ, മാഗ്നിഫിക്ക ഹ്യൂമാനിറ്റാസിന്റെ സംരക്ഷകർ’ എന്ന വിഷയത്തിലുള്ള കോഴ്സിലും, 49 പേർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ ആദ്യ സുവിശേഷവൽക്കരണ വിഭാഗം സംഘടിപ്പിക്കുന്ന ‘സഭയിലെ കൂട്ടായ്മയുടെ ശുശ്രൂഷകർ’ എന്ന കോഴ്സിലും പങ്കെടുക്കുന്നു.

എപ്പിസ്കോപ്പൽ ശുശ്രൂഷ, ആരാധനാക്രമം, സുവിശേഷദൗത്യം, സാംസ്കാരിക മാറ്റങ്ങൾ, സുരക്ഷയും അപവാദ കേസുകളുടെ കൈകാര്യം ചെയ്യലും, സഭാഭരണം, സഭാനിയമം, അന്തർമത സംവാദം, പുതിയ മതപ്രസ്ഥാനങ്ങൾ, പൗരോഹിത്യ പരിശീലനം, വൈദികർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തുടങ്ങി വിപുലമായ വിഷയങ്ങൾ പരിപാടിയിൽ ഉൾക്കൊള്ളുന്നു.

സെപ്റ്റംബർ പത്തിന് വി. പത്രോസിന്റെ ബസിലിക്കയിൽ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടും പത്രോസ് അപ്പോസ്തലന്റെ തിരുശേഷിപ്പ് വണക്കത്തോടും കൂടി കോഴ്സ് അവസാനിക്കും. ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയോടെ ഈ പരിപാടി അതിന്റെ സമാപനത്തിലെത്തും. എപ്പിസ്കോപ്പൽ ശുശ്രൂഷയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഈ ദിവസങ്ങളെ അടയാളപ്പെടുത്തിയ പരിശീലനം, പ്രാർഥന, സഹോദരത്വം എന്നീ വിഷയങ്ങളെല്ലാം ഈ കൂടിക്കാഴ്ചയിൽ ഒന്നിച്ചുചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.