

ആമുഖം
ആഗോള കത്തോലിക്കാ സഭയിലെ രണ്ടു സഹസ്രാബ്ദങ്ങളിലെ അണമുറിയാത്ത നേതൃശൃംഖലയിൽ അതുല്യസ്ഥാനം കരഗതമാക്കിയ വി. ഗ്രിഗറി മാർപാപ്പയെ ‘മഹാന്മാരിൽ മഹാൻ’ എന്നാണ് അനന്തര തലമുറ വിശേഷിപ്പിച്ചത്. ജന്മംകൊണ്ടും കർമ്മംകൊണ്ടും മഹാനായിരിക്കുന്ന വി. ഗ്രിഗറി, സഭ ഔദ്യോഗികമായി വേദപാരംഗതരുടെ നിരയിൽ ചേർത്ത ആദ്യ നാല് സഭാപിതാക്കന്മാരിലൊരാളാണ്.
അമ്മയും അപ്പന്റെ രണ്ടു സഹോദരിമാരും വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പരിശുദ്ധിയുടെ പരിമളം നിറഞ്ഞ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. റോമിലെ സെനറ്ററുടെ മകനും മുപ്പതാമത്തെ വയസ്സിൽ നഗരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനും പിതാവിന്റെ മരണത്തോടെ വലിയ സമ്പന്നനുമായ ഗ്രിഗറി, ഭൗതിക ഉയരങ്ങൾ ഇനിയും കീഴടക്കേണ്ടവനായിരുന്നു. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തന്റെ സമ്പാദ്യമെല്ലാം ദാനംചെയ്ത് ഏഴ് ആശ്രമങ്ങൾ ആരംഭിച്ച്, അതിലൊന്നിൽ അർഥിയായി ചേർന്ന ഗ്രിഗറി തന്റെ ശിഷ്ടജീവിതം പ്രാർഥനയ്ക്കും ധ്യാനത്തിനുമായി ദൈവസന്നിധിയിൽ സമർപ്പിച്ചു.
ഗ്രിഗറിയുടെ നേതൃപാടവത്തിലും വിശുദ്ധിയിലും വിജ്ഞാനത്തിലും വിശ്വാസമുണ്ടായിരുന്ന റോമൻ ജനത, ഡീക്കനായിരുന്ന അദ്ദേഹത്തിന്റെ എതിർപ്പ് കണക്കിലെടുക്കാതെ പത്രോസിന്റെ സിംഹാസനത്തിൽ പിടിച്ചിരുത്തി. പത്തുലക്ഷം ജനങ്ങൾക്ക് അധിവസിക്കാനായി ചക്രവർത്തിമാർ പടുത്തുയർത്തിയ റോമൻനഗരം പുതിയ റോമായ കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയത്തോടെ പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഗ്രിഗറി മാർപാപ്പ അധികാരമേൽക്കുമ്പോൾ നാല്പതിനായിരം ജനങ്ങൾ മാത്രമുണ്ടായിരുന്ന, ഉപേക്ഷിപ്പിക്കപ്പെട്ട കെട്ടിടങ്ങളാൽ നിറഞ്ഞ ഒരു പ്രേതനഗരമായി മാറിയിരുന്നു. നിത്യനഗരത്തെ പുനരുദ്ധരിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ഉത്തരവാദിത്വവും സഭയുടെ ആത്മീയനേതൃത്വത്തോടൊപ്പം അദ്ദേഹം തന്റെ ചുമലിലേറ്റി. മഹാനായ ഗ്രിഗറി മാർപാപ്പയുടെ വിശുദ്ധജീവിതവും അദ്ദേഹത്തിന്റെ തൂലികത്തുമ്പിലൂടെ പകർന്നുനല്കപ്പെട്ട വിജ്ഞാനവും അനേകം തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ബാല്യം, വിദ്യാഭ്യാസം
ക്രിസ്തുവർഷം 540 -ൽ റോമിലാണ് വി. ഗ്രിഗറിയുടെ ജനനം. “ജാഗ്രതയോടെ ഇരിക്കുന്നവൻ” (Vigilantius) എന്ന അർഥം വരുന്ന ഗ്രിഗോറിയോസ് എന്ന ഗ്രീക്ക് നാമം ദൈവിക കാര്യങ്ങളിൽ അതീവശ്രദ്ധയോടെ ജീവിച്ചവൻ എന്നനിലയിൽ ഗ്രിഗറിക്ക് അനുയോജ്യമായിരുന്നു. വളരെ സമ്പന്നവും സഭയോട് വളരെ അടുത്ത് ബന്ധംപുലർത്തിയിരുന്നതുമായ ഒരു കുടുംബമായിരുന്നു ഗ്രിഗറിയുടേത്. അദ്ദേഹത്തിന്റെ പിതാവ് ഗോർഡിയാനൂസ് റോമിലെ സെനറ്ററായും കുറേനാൾ നഗരത്തിന്റെ പ്രീഫെക്ട് ആയും സേവനമനുഷ്ഠിച്ചു. സഭയുടെ ആവശ്യങ്ങളിലും ഗോർഡിയാനൂസിന്റെ സഹായം എപ്പോഴും ലഭ്യമായിരുന്നു.
വി. ഗ്രിഗറിയുടെ അമ്മ സിൽവിയ, സിസീലിയയിൽ നിന്നുള്ള ഒരു ഉന്നതകുടുംബത്തിലെ അംഗമായിരുന്നു. തന്റെ ഭർത്താവ് യൗവനപ്രായത്തിൽ മരിച്ചതിനുശേഷമുള്ള ശിഷ്ടജീവിതം സന്യാസനൈർമ്മല്യത്തോടെ സഭാശുശ്രൂഷയ്ക്കായി സിൽവിയ മാറ്റിവച്ചു. സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കപ്പെട്ടിരിക്കുന്ന വി. സിൽവിയ ഗർഭധാരണത്തിന്റെയും അനുഗ്രഹീതപ്രസവത്തിന്റെയും മധ്യസ്ഥയായി കണക്കാക്കപ്പെടുന്നു. ഗ്രിഗറി മാർപാപ്പയുടെ പിതാവിന്റെ രണ്ടു സഹോദരിമാർ വി. ത്രസില്ലയും വി. എമിലിയാനയും സന്യാസിനികളും സഭയിലെ വിശുദ്ധരുമാണ്. അങ്ങനെ വിശുദ്ധിയുടെ പരിപരിമളം പരത്തിയ കുടുംബത്തിലെ അംഗമായിരുന്നു. വി. ഗ്രിഗറി.
പഴയകാല റോമൻ ചക്രവർത്തിമാരുടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന പാലത്തീൻ കുന്നിന് എതിർവശത്തായുള്ള ചേലിയൻ കുന്നിലായിരുന്നു ഗ്രിഗറിയുടെ ഭവനം. പ്രസിദ്ധമായ സർക്കസ് മാക്സിമസിനും കൊളോസിയത്തിനുംമധ്യേ സ്ഥിതിചെയ്തിരുന്ന ഈ സ്ഥലത്ത് ഇന്നും ഗ്രിഗോറിയോസിന്റെ നാമത്തിലുള്ള ബസിലിക്കയും ബെനഡിക്‌റ്റീൻ സന്യാസ സഭയുടെ ശാഖയായ കമൽദോളസ് (Camaldolese) സന്യാസാശ്രമവും നിലനിൽക്കുന്നു. റോമിൽ രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന സമയത്താണ് ഗ്രിഗറിയുടെ ജനനം. ഇക്കാലത്ത് ‘ജെസ്റ്റീനിയൻ പ്ലേഗ്’ അനേകരെ കൊന്നൊടുക്കുകയും ജനങ്ങൾ പട്ടിണിയിലും മഹാമാരിയുടെ ഭീതിയിലും ജീവിച്ചിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. ഇത് ആത്മീയവും വൈകാരികവുമായ പ്രശ്നങ്ങൾ രാജ്യത്തുടനീളം സൃഷ്ടിച്ചു.
ഫെലിക്സ് മൂന്നാമൻ മാർപാപ്പയുടെ രണ്ടാം തലമുറയിലെ കൊച്ചുമകനും അഗാപേത്തൂസ് ഒന്നാമൻ മാർപാപ്പയുടെ ബന്ധുവുമായിരുന്നു വി. ഗ്രിഗറി. ഗ്രിഗറിക്ക് ചെറുപ്പത്തിൽത്തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ചു. വ്യാകരണവും പ്രസംഗകലയും ശാസ്ത്രവും സാഹിത്യവും നിയമവുമെല്ലാം നന്നായി പഠിക്കുകയും ഇത് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബമഹിമയേക്കാൾ സ്വന്തം കഴിവുകൊണ്ടാണ് മുപ്പതാമത്തെ വയസ്സിൽ റോമിലെ ഏറ്റം വലിയ പദവിയായ പ്രീഫെക്ട് സ്ഥാനം അലങ്കരിക്കുന്നതിന് ഗ്രിഗറിക്കു സാധിച്ചത്.
റോമൻ പ്രീഫെക്ട്, സന്യാസി, നയതന്ത്രജ്ഞന്‍
പിതാവിന്റെ മരണശേഷം റോമിലെ ഏറ്റം സമ്പന്നനായ വ്യക്തിയായി ഗ്രിഗറി മാറി. പിതാവിന്റെ പാത പിന്തുടർന്ന് റോമൻ ഭരണത്തിൽ പടിപടിയായി ഉയർന്നു. അവസാനം അവിടുത്തെ പ്രീഫെക്ട് ആയിത്തീർന്നു. ഇത് ഭാവിയിലെ ഉത്തരവാദിത്വങ്ങൾ അവധാനതയോടെ കൈകാര്യം ചെയ്യുന്നതിന് വലിയ ഭരണപരിചയമാണ് അദ്ദേഹത്തിനു നല്കിയത്. എന്നാൽ ഭൗതികതയോടും അധികാരത്തോടും വിരക്തിതോന്നിയ ഗ്രിഗറി അധികം താമസിയാതെ പ്രീഫെക്ട്സ്ഥാനം ഉപേക്ഷിച്ച് സന്യാസത്തെ ആശ്ലേഷിച്ചു. ഇറ്റലിയിലെ വിവിധഭാഗങ്ങളിലുണ്ടായിരുന്ന തന്റെ സ്വത്തുക്കൾ ഏഴു സന്യാസാശ്രമങ്ങൾക്കായി നല്കുകയും റോമിലെ ചേലിയോ കുന്നിലുണ്ടായിരുന്ന കുടുംബ ബംഗ്ലാവ് അന്ത്രയോസ് അപ്പസ്തോലന്റെ പേരിലുള്ള ഒരു ആശ്രമമാക്കി മാറ്റുകയും അവിടെ അദ്ദേഹം സന്യാസജീവിതം ആരംഭിക്കുകയും ചെയ്തു (പിന്നീട് ഗ്രിഗറിയുടെ കാലശേഷം ഈ ഭവനം ‘സാൻ ഗ്രിഗോറിയോ അൽ ചേലിയോ’ എന്ന് അറിയപ്പെടാൻതുടങ്ങി).
ഗ്രിഗറിയുടെ ആശ്രമജീവിതം അധികകാലം നീണ്ടുനിന്നില്ല. അദ്ദേഹത്തിന്റ കഴിവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന പെലാജിയൂസ് രണ്ടാമൻ മാർപാപ്പ, ഗ്രിഗറിയെ ഒരു ഡീക്കനാക്കി അഭിഷേകം ചെയ്യുകയും തന്റെ ‘അപ്പൊക്രിസാരിയൂസ്’ (അപ്പസ്തോലിക നുൺഷിയോ) ആയി എ.ഡി. 579 -ൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കുകയും ചെയ്തു. റോമൻ ചക്രവർത്തി അധിവസിക്കുന്ന സ്ഥലമെന്ന നിലയിലും പൗരസ്ത്യസഭയുടെ ആസ്ഥാനമെന്ന നിലയിലും കോൺസ്റ്റാന്റിനോപ്പിലേക്കുള്ള ഈ നിയമനം വലിയ പ്രാധാന്യമുള്ളതായിരുന്നു. ഗ്രിഗറിക്ക് ബൈസന്റൈൻ ലോകത്തെയും പൗരസ്ത്യസഭയിലെ ആരാധനക്രമത്തെയും അടുത്തറിയുന്നതിന് ഈ നിയമനം അവസരമൊരുക്കി. കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് റോമൻ സാമ്രാജ്യത്തിലെ പല ഉന്നതവ്യക്തിത്വങ്ങളെയും അടുത്തുപരിചയപ്പെടുന്നതിന് ഗ്രിഗറിക്കു സാധിച്ചു.
സന്യാസിയിൽ നിന്നും മാർപാപ്പയിലേക്ക്
കോൺസ്റ്റാന്റിനോപ്പിളിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി 586 -ൽ റോമിൽ തിരികെയെത്തിയ ഗ്രിഗറി തന്റെ ആശ്രമജീവിതത്തിലേക്ക് പുനഃപ്രവേശിച്ചു. എന്നിരുന്നാലും ഈ സമയത്തും പെലാജിയൂസ് രണ്ടാമൻ മാർപാപ്പയെ ഔദ്യോഗികജോലികളിൽ സഹായിക്കാനും അദ്ദേഹം സമയം കണ്ടെത്തി. റോമിനെ ഗ്രസിച്ച പ്ലേഗിന് ഇരയായി എ.ഡി. 590 ഫെബ്രുവരി 7 -ന് പെലാജിയൂസ് മാർപാപ്പ കാലംചെയ്തു. റോമിലെ ജനങ്ങളും വൈദികസംഘവും ചേർന്ന് ഗ്രിഗറിയുടെ അസാന്നിധ്യത്തിൽ ആശ്രമസ്ഥനും ഡീക്കനുമായിരുന്ന അദ്ദേഹത്തെ അടുത്ത മാർപാപ്പയായി ഐകകണ്ഠേന തിരഞ്ഞെടുത്തു. അങ്ങനെ മാർപാപ്പാസ്ഥാനത്തെത്തുന്ന ആദ്യസന്യാസിയായി മഹാനായ വി. ഗ്രിഗറി. ഈ തിരഞ്ഞെടുപ്പുസമയത്ത് മറ്റെല്ലാം മറന്ന് റോമിലെ മഹാമാരിയിൽ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന തിരക്കിലായിരുന്നു ഗ്രിഗറി.
മാർപാപ്പയുടെ തിരഞ്ഞെടുപ്പിന് സാധുത ഉണ്ടാവണമെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയുടെ അംഗീകാരം വേണ്ടുന്ന കാലഘട്ടമായിരുന്നു ഇത്. താൻ ആവശ്യപ്പെടുകയോ, ആഗ്രഹിക്കുകയോ ചെയ്യാത്ത ഈ പദവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് ഒരുകാരണവശാലും അംഗീകാരം നല്കരുതെന്ന് ചക്രവർത്തിക്ക് ഗ്രിഗറി കത്തെഴുതി. എന്നാൽ ചക്രവർത്തിയുടെ സ്വീകാരം താമസിയാതെ എത്തിയപ്പോൾ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടുതന്നെ ഗ്രിഗറി മാർപാപ്പാസ്ഥാനം ഏറ്റെടുത്തു.
സന്യാസജീവിതത്തിലെ ധ്യാനനിരതമായ ജീവിതത്തിൽനിന്നും വലിയ ഉത്തരവാദിത്വങ്ങളുള്ള മാർപാപ്പയുടെ ജീവിതം തനിക്കു ചേരുന്നതല്ല എന്ന് തന്റെ ആദ്യകാലരചനകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. അന്തിയോഖ്യയിലെ ഒരു ബിഷപ്പിന് എഴുതിയ കത്തിൽ ഗ്രിഗറി മാർപാപ്പ ഇപ്രകാരം പറയുന്നു: “ജീവിതവ്യഥയുടെ നിരവധി തിരമാലകൾ എന്റെ ജീവിതത്തിലേക്ക് ആഞ്ഞടിക്കുന്നു. സുകൃതങ്ങളുടെ പ്രശാന്തതയിൽ വിരാജിക്കുന്ന അങ്ങയുടെ പ്രാർഥനയാകുന്ന കരംനീട്ടി എന്റെ ഈ അപകടാവസ്ഥയിൽ എന്നെ സഹായിക്കുക.” മാർപാപ്പാസ്ഥാനം നിരസിച്ചത് ഒരു വിശുദ്ധന്റെ എളിമയുടെ അടയാളമായി കാണാമെങ്കിലും അന്നത്തെ ഇറ്റലിയിലെ അസ്ഥിര രാഷ്ട്രീയസാഹചര്യത്തിൽ ഈ ഉത്തരവാദിത്വം നിറവേറ്റാനുള്ള കഴിവ് തനിക്കില്ല എന്ന യാഥാർഥ്യബോധത്തിൽ നിന്നുകൂടി ഉരുവായതാകാം.
ലൊംബാർഡുകളുടെ മാനസാന്തരം
ഇക്കാലയളവിൽ ജർമ്മാനിക്ക് വംശജരായ ലൊംബാർഡുകൾ ഇറ്റലി തങ്ങളുടെ അധീനതയിൽ കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു. റെവന്നാ കേന്ദ്രമാക്കി കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തി തന്റെ പ്രതിനിധിയിലൂടെ ഇറ്റലിയുടെ ഭരണം നടത്തിയിരുന്നതിനാൽ ഇവരെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ചക്രവർത്തിയുടെ ഉദ്ദേശം. ഇത് സാധ്യമല്ലെന്ന് അറിയാമായിരുന്ന ഗ്രിഗറി മാർപാപ്പ അവരോട് പ്രായോഗികമായ സമീപനമാണ് സ്വീകരിച്ചത്. നിഖ്യാ സുന്നഹദോസിൽ വച്ച് സഭ തള്ളിപ്പറഞ്ഞ ആര്യൻ പാഷണ്ഡത അനുധാവനം ചെയ്തിരുന്നവരായിരുന്നു ഇവരിലധികവും. എന്നാൽ ഗ്രിഗറി മാർപാപ്പയുടെ ശ്രമഫലമായി ബവേറിയയിൽ നിന്നുള്ള തെയോഡെലിൻഡ രാജ്ഞി കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും അവരുടെ സ്വാധീനത്താൽ ലൊംബാർഡുകൾ സാവധാനം സത്യവിശ്വാസത്തിലേക്ക് എത്തുകയുംചെയ്തു. ഒരേ സമയം നയതന്ത്ര മാർഗങ്ങൾ ഉപയോഗിച്ച് യുദ്ധം ഒഴിവാക്കുകയും അതേസമയം പ്രാർഥനയിലും ദൈവാശ്രയത്തിമായിരുന്നുകൊണ്ട് അവരെ ക്രിസ്തീയവിശ്വാസത്തിലേക്ക് ഗ്രിഗറി മാർപാപ്പ എത്തിക്കുകയും ചെയ്തു.
വലിയ മാറ്റങ്ങളുടെ തുടക്കം
റോമിലെ പ്രീഫെക്ടായും സന്യാസഭവനത്തിന്റെ അധിപനായും ജോലി ചെയ്ത വി. ഗ്രിഗറിക്ക് ഭൗതികവും ആത്മീയവുമായ കാര്യങ്ങളിൽ നല്ല അവഗാഹം ഉണ്ടായിരുന്നു. എന്നാൽ എല്ലാത്തരത്തിലും താറുമാറായിക്കിടന്നിരുന്ന റോമിനെ ശരിയാക്കുക പ്രയാസമേറിയ ദൗത്യമായിരുന്നു. തന്റെ ഒന്നാമത്തെ ഉത്തരവാദിത്വമായി മാർപാപ്പ കരുതിയത്, പട്ടിണിയിലും ദുരിതത്തിലുമായിരുന്ന ജനത്തെ സഹായിക്കുകയായിരുന്നു. സഭയുടെ എല്ലാ വിഭവങ്ങളും പാവങ്ങളെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ഇറ്റലി, ഗൗൾ (ഫ്രാൻസ്), സിസിലി, വടക്കൻ ആഫ്രിക്ക പ്രദേശങ്ങളിലെ സഭാധികാരികൾക്ക് കത്തുകളയച്ചു. സഭയ്ക്ക് ഭൗതികവളർച്ചയ്ക്കുള്ള യാതൊരു താത്പര്യവും ഉണ്ടാകരുതെന്നും എല്ലാം ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം എഴുതി. “ഇത് നമ്മുടെ സ്വത്തല്ല; ദൈവജനത്തിന്റേതാണ്. ഇതാണ് ക്രിസ്തുവിന്റെ മനോഭാവം” എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. തന്നിലൂടെ ഇപ്പോൾ വി. പത്രോസ് തന്നെയാണ് ഈ ജനത്തെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കരുതി. മറ്റുള്ളവരുമായി സന്ധി സംഭാഷണത്തിനും സൈനികർക്ക് സഹായം നൽകുന്നതിലും ഉന്നതസ്ഥാനത്തേക്ക് അനുയോജ്യ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതിനും ഗ്രിഗറി മാർപാപ്പ മുൻകൈയെടുത്തു.
ആരാധനക്രമ നവീകരണവും ഗ്രിഗോറിയൻ സംഗീതവും
സഭയിൽ സന്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് പുതിയ സന്യാസഭവനങ്ങൾ ആരംഭിക്കുന്നതിനും അതിന്റെ ചൈതന്യത്തിൽ ജീവിക്കുന്നതിനും അനേകരെ അദ്ദേഹം പ്രചോദിപ്പിച്ചു. നിലവിലുണ്ടായിരുന്ന സന്യാസാശ്രമങ്ങൾ ശക്തിപ്പെടുത്തുകയും അവരുടെ നിയമങ്ങൾ പരിഷ്‌ക്കരിക്കുകയും ചെയ്തു. അനേകം പ്രാർഥനകൾ അദ്ദേഹം എഴുതിയുണ്ടാക്കുകയും അത് മനോഹരമായി ആലപിക്കുകയും ചെയ്തു. “സ്വർഗസ്ഥനായ പിതാവേ” എന്നുള്ള പ്രാർഥന ലത്തീൻ ആരാധനാപാരമ്പര്യത്തിൽ വിശുദ്ധ കുർബാനയിൽ ആദ്യമായി ഉപയോഗിക്കുന്നതും ഗ്രിഗറി മാർപാപ്പയാണ്. (അതല്ല ഇന്നത്തെ സ്ഥാനത്ത് കുർബാനയിൽ അത് പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും പറയപ്പെടുന്നു).
ഇന്നും പാശ്ചാത്യസഭയിൽ ഉപയോഗത്തിലുള്ള പ്രസിദ്ധമായ ഗാനാലാപനശൈലിയാണ് ‘ഗ്രിഗോറിയൻ ചാന്റ്.’ കരോലിഞ്ചിയൻ, റോമൻ, ഗാള്ളിക്കൻ രാഗങ്ങളുടെ സമ്മിശ്രമാണ് ഗ്രിഗോറിയൻ സംഗീതത്തിലൂടെ പുതിയതായി പിറവിയെടുത്തത് എന്നാണ് പണ്ഡിതമതം. റോമൻ ആരാധനാക്രമത്തിൽ വി. ഗ്രിഗറി പ്രധാനമായും ഏഴു മാറ്റങ്ങൾ വരുത്തിയെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ തന്നെ സുവിശേഷം വായിക്കുകയോ, പാടുകയോ ചെയ്യുന്നത് ഡീക്കന്മാരും അതിനുമുകളിലുള്ള ശുശ്രൂഷാപട്ടം ലഭിച്ചവരും ആയിരിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. പ്രാർഥനാപുസ്തകങ്ങളിലും അദ്ദേഹം മാറ്റങ്ങൾ കൊണ്ടുവരികയും പുതുതായി ധാരാളം ഗാനങ്ങൾ രചിക്കുകയും ചെയ്തു. ഗ്രിഗറിയുടെ നാമത്തിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും മറ്റനേകരുടെ സംഭാവനകൾ മനോരഹരമായ ഗ്രിഗോറിയൻ സംഗീതത്തിന്റെ ഉത്ഭവത്തിലും വളർച്ചയിലും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഗ്രിഗറി മാർപാപ്പ വരുത്തിയ വലിയ മാറ്റങ്ങൾ പൗരസ്ത്യ ആരാധനാക്രമത്തെ കൂടുതൽ മനോഹരവും അർഥവത്തുമാക്കാൻ സഹായിച്ചിട്ടുണ്ട്.
ഗ്രിഗോറിയൻ കുർബാന
മരിച്ച ഒരാൾക്കുവേണ്ടി മുപ്പതുദിവസം മുടക്കം കൂടാതെ കുർബാന അർപ്പിച്ചു പ്രാർഥിക്കുന്നതിനെയാണ് ‘ഗ്രിഗോറിയൻ കുർബാന’ എന്ന് ഇന്ന് അറിയപ്പെടുന്നത്. പാശ്ചാത്യപാരമ്പര്യത്തിലെ ഈ ആചാരം ഇന്ന് പല പൗരസ്ത്യസഭകളിലും അനുഷ്ഠിക്കുന്നുണ്ട്. വി. ഗ്രിഗറിയാണ് ഇങ്ങനെയുള്ള ഒരു പാരമ്പര്യത്തിന്റെ തുടക്കക്കാരൻ. അതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ ആശ്രമജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.
ഗ്രിഗറിയുടെ സന്യാസാശ്രമത്തിൽ ജസ്റ്റസ് എന്ന് പേരോടുകൂടിയ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം വൈദ്യശാസ്ത്ര വിദഗ്‌നായിരുന്നതിനാൽ അനേകം രോഗികളെ ശുശ്രൂശിച്ചിരുന്നു. ജസ്റ്റസ് മരണാസന്നനായപ്പോൾ തന്റെ കൂട്ടുകാരൻ കോപിയോസിസിനോട് താൻ മൂന്ന് സ്വർണ്ണനാണയങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട് എന്ന രഹസ്യം വെളിപ്പെടുത്തുന്നു. മരുന്നുകൂട്ടങ്ങളുടെ ഇടയിൽ മറച്ചുവച്ചിരുന്ന ഈ ധനം കണ്ടെത്തുകയും ആശ്രമാധിപനായിരുന്ന ഗ്രിഗറിയെ വിവരം ധരിപ്പിക്കുയും ചെയ്തു. അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്ന അനനിയാസ്-സപ്പീറ ദമ്പതികൾ ചെയ്ത തിന്മപ്രവൃത്തിക്കു സമാനമായി കണ്ട് ജസ്റ്റസിനു തന്റെ തെറ്റിന്റെ കാഠിന്യം വെളിപ്പെടുത്തുന്നതിനുവേണ്ടി മറ്റുള്ളവർ മരണാസന്നനായ അദ്ദേഹത്തെ സന്ദർശിക്കുന്നതിൽ നിന്നും ഗ്രിഗറി വിലക്കി. അങ്ങനെ തന്റെ തെറ്റിനെക്കുറിച്ചു ജസ്റ്റസ് പശ്ചാത്തപിച്ചു മരിക്കുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം ഈ സ്വർണ്ണനാണയങ്ങളും ഇട്ടു ആശ്രമത്തിനുപുറത്തുള്ള സ്ഥലത്ത് അടക്കം ചെയ്തു.
എന്നാൽ ജസ്റ്റസ് മരിച്ചു മുപ്പതുദിവസത്തിനുശേഷം ഗ്രിഗറിക്ക് അദ്ദേഹത്തോട് സഹതാപംതോന്നുകയും ആശ്രമത്തിൽ അദ്ദേഹത്തിനുവേണ്ടി മുപ്പതുദിവസം പ്രാർഥിച്ച് കുർബാന അർപ്പിക്കുകയും ചെയ്തു. മുപ്പതാമത്തെ ദിവസം തന്റെ കൂട്ടുകാരന് ജസ്റ്റസ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, ദൈവം തന്നോട് കരുണ കാണിച്ചെന്നും മുപ്പതുദിവസങ്ങളിലെ മുടക്കംകൂടാതെയുള്ള കുർബാന അതിന് സഹായകരമായിരുന്നുവെന്നും പറയുന്നു. അങ്ങനെയാണ് ഗ്രിഗോറിയൻ കുർബാന ചൊല്ലുന്ന പാരമ്പര്യം സഭയിൽ നിലവിൽവന്നത്.
ഇംഗ്ലണ്ടിന്റെ സുവിശേഷവത്ക്കരണം
തന്റെ സന്യാസകാലഘട്ടത്തിൽ തന്നെ ഇംഗ്ലണ്ടിൽ സുവിശേഷം അറിയിക്കണമെന്നത് ഗ്രിഗറിയുടെ ആഗ്രഹമായിരുന്നു. എന്നാൽ ഈ ആവശ്യവുമായി പെലാജിയൂസ് മാർപാപ്പയെ അദ്ദേഹം സമീപിച്ചതറിഞ്ഞ റോമിലെ ജനങ്ങൾ ഗ്രിഗറി റോമിൽ നിന്ന് മാറിനിൽക്കുന്നതിനു സമ്മതിച്ചില്ല. എന്നാൽ പിന്നീട് അദ്ദേഹം മാർപാപ്പ ആയപ്പോൾ തന്റെ ആശ്രമത്തിന്റെ അധിപനായിരുന്ന കാന്റർബെറിയിലെ വി. അഗസ്റ്റിനെ അവിടേക്ക് ഈ ദൗത്യവുമായി അയയ്ക്കുന്നു. വി. അഗസ്റ്റിന്റെയും നാല്പതു സന്യാസികളുടെയും ശ്രമഫലമായി ഇംഗ്ലണ്ട് മുഴുവൻ ക്രിസ്തീയവിശ്വാസം സ്വീകരിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഈ ദൗത്യം ചരിത്രത്തിൽ അറിയപ്പെടുന്നത് ‘ഗ്രിഗോറിയൻ മിഷൻ’ എന്നപേരിലാണ്. ഇന്നും വി. അഗസ്റ്റിനോടൊപ്പം ഇംഗ്ലീഷ് സഭ വളരെയധികം ആദരിക്കുന്ന വിശുദ്ധനാണ് മഹാനായ ഗ്രിഗറി.
നാലാം നൂറ്റാണ്ടുമുതൽ തന്നെ റോമൻ പ്രവിശ്യ ആയിരുന്ന ബ്രിട്ടണിൽ ക്രിസ്തീയവിശ്വാസം വേരോടിയിരുന്നു. ബിഷപ്പിനെ കേന്ദ്രീകരിച്ച് രൂപതയെന്ന ആശയത്തിൽനിന്നും വ്യത്യസ്തമായി ചില ആശ്രമങ്ങൾ പരിപാലിച്ചിരുന്ന ക്രിസ്തീയസമൂഹങ്ങൾ ആയിരുന്നു മിക്കവയും. എന്നാൽ റോമൻ സാമ്രാജ്യഭരണം അവസാനിച്ച് ആംഗ്ലോ-സാക്സൺ വംശജർ ആധിപത്യം സ്ഥാപിക്കുന്നതോടെ ക്രിസ്തീയത അപ്രത്യക്ഷമായ സാഹചര്യമായിരുന്നു. റോമിലെ വി. അന്ത്രയോസിന്റെ ആശ്രമത്തിലെ ആബട്ടായിരുന്ന അഗസ്റ്റിനെ എ.ഡി. 595 -ൽ ഗ്രിഗറി ബ്രിട്ടണിലേക്ക് അയച്ചു. മാത്രമല്ല, ഈ ദൗത്യത്തിന് ഫ്രാങ്കിഷ് രാജാക്കന്മാരുടെ സഹായം അഭ്യർഥിച്ചുകൊണ്ട് ഗ്രിഗറി ധാരാളം കത്തുകളും അയച്ചു. അന്നത്തെ കാലത്ത് വലിയതോതിലുള്ള വിശ്വാസസ്വീകരണത്തിന് ഭരണാധികാരികളെ മാനസാന്തരപ്പെടുത്തേണ്ടിയിരുന്നു. അതിൽ അഗസ്റ്റിൻ വിജയിക്കുകയും ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും ക്രിസ്തീയവിശ്വാസം ചെന്നെത്തുകയും ചെയ്തു. അങ്ങനെ ഇംഗ്ലണ്ടിലെ ആദ്യ രൂപതയായി കാന്റർബറി മാറുകയും അഗസ്റ്റിനെ ആർച്ചുബിഷപ്പായി ഗ്രിഗറി മാർപാപ്പ നിയമിക്കുകയും ചെയ്തു.
‘ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ’
ഗ്രിഗറി മാർപാപ്പ തന്റെ പ്രധാന സ്ഥാനനാമമായി ഉപയോഗിച്ചിരുന്നത് ‘ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ’ (Servus servorum Dei) എന്നതാണ്. വി. ഗ്രിഗറിയുടെ ഈ മഹനീയമാതൃക പിന്തുടർന്ന് അതിനുശേഷമുള്ള മാർപാപ്പമാർ എല്ലാംതന്നെ തങ്ങളുടെ പേരിനോടു ചേർത്ത് ഈ സ്ഥാനനാമവും ഉപയോഗിക്കാൻതുടങ്ങി. ക്രിസ്തീയനേതൃത്വത്തിന്റെ അന്തസത്ത കൃത്യമായി വെളിവാക്കുന്ന ഒരു പ്രയോഗമാണിത്. എന്നാൽ വി. ഗ്രിഗറി ഈ നാമം സ്വീകരിച്ചതിനുപിന്നിൽ ചരിത്രപരമായ ഒരു കാരണവുമുണ്ട്.
പൗരസ്ത്യ റോമൻസാമ്രാജ്യം എല്ലാ കാര്യങ്ങളിലും തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചിരുന്ന കാലഘട്ടമായിരുന്നു ഇത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ‘എക്കുമെനിക്കൽ പാത്രീയർക്കീസ്’ എന്ന സംജ്ഞ ഉപയോഗിച്ചുകൊണ്ട്, താനാണ് മറ്റെല്ലാ ക്രിസ്തീയ അധികാരികളിലും ഒന്നാമൻ എന്ന് വാദിച്ചു. സഭയുമായി ബന്ധപ്പെട്ട കാര്യത്തിൽ പൗരസ്ത്യദേശത്തിന്റെമേലും മാർപാപ്പയ്ക്കാണ് അധികാരം എന്ന് വി. ഗ്രിഗറി എഴുതി. ‘എക്കുമെനിക്കൽ പാത്രീയർക്കീസ്’ എന്ന പദവി മാർപാപ്പ ഉൾപ്പെടെ ആർക്കും ഉപയോഗിക്കാൻ അവകാശമില്ല എന്നും വി. ഗ്രിഗറി നിലപാടെടുത്തു. ഇത്തരുണത്തിലാണ് നേതാക്കന്മാർ സേവനം ചെയ്യുന്നതിലായിരിക്കണം ഒന്നാമതായിരിക്കേണ്ടത് എന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചത്. അങ്ങനെ ചരിത്രത്തിലാദ്യമായി, ‘ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ’ എന്ന സംജ്ഞയോടുകൂടി എല്ലാ ഔദ്യോഗിക തിരുവെഴുത്തുകളും ഗ്രിഗറി മാർപാപ്പ ഒപ്പിടാൻ തുടങ്ങി.
ഗ്രിഗറി മാർപാപ്പയുടെ ‘അജപാലന നിയമങ്ങൾ’ എന്ന കൃതിയുടെ അവസാനഭാഗത്ത് എളിമയെക്കുറിച്ചാണ് മാർപാപ്പ സംസാരിക്കുന്നത്. വി. ഗ്രിഗറി എഴുതുന്നു: “ഒരാൾ അനേകം പുണ്യങ്ങൾ ആർജിച്ചുകഴിയുമ്പോൾ, തന്റെ തന്നെ കുറവുകളെക്കുറിച്ച് ബോധ്യംവരികയും എളിമപ്പെടുകയും വേണം. താൻ നേടിയെടുത്തതിനേക്കാൾ ചെയ്യാമായിരുന്ന കാര്യങ്ങൾ ഉപേക്ഷിച്ചതിനെക്കുറിച്ച് ധ്യാനിച്ച് കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.” ആത്മാവിന്റെ പരിപാലനമാണ് ഏറ്റം ഉന്നതമായ കല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതിനാൽ അതിനുതകുന്ന തരത്തിലുള്ള ജീവിതശൈലി ആയിരിക്കണം നേതാക്കന്മാർക്കെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു.
ബൗദ്ധിക സംഭാവനകൾ
ഒരു മാർപാപ്പയുടെ തിരക്കുപിടിച്ച ജോലികൾക്കിടയിലും ധാരാളം കൃതികൾ അദ്ദേഹം രചിക്കുകയും അത് അനന്തര തലമുറകൾക്ക് അമൂല്യനിധിയായി ഭവിക്കുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം കത്തുകളിലൂടെ ബിഷപ്പുമാരും സുഹൃത്തുക്കളും പണ്ഡിതന്മാരുമായി നടത്തിയ എണ്ണൂറിലധികം ആശയവിനിമങ്ങളിൽ മിക്കവയും ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. വി. ഗ്രിഗറിയുടെ സുവിശേഷങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രസംഗങ്ങളും നമുക്കിന്ന് ലഭ്യമാണ്. എന്നാൽ ഏറ്റം ആധികാരികവും പ്രധാനപ്പെട്ടതുമായി കണക്കാക്കുന്നത് തന്റെ സഭാഭരണത്തിന്റെ ആരംഭത്തിൽ പ്രസിദ്ധീകരിച്ച “അജപാലന നിയമങ്ങൾ” (Regula pastoralis) ആണ്.
ഒരു മാതൃകാബിഷപ്പ് തന്റെ ജനങ്ങളുടെ അധ്യാപകനും വഴികാട്ടിയുമായിരിക്കണം എന്ന് ഈ ഗ്രന്ഥത്തിൽ ഗ്രിഗറി മാർപാപ്പ പറയുന്നു. അതിനാൽ ഇങ്ങനെയുള്ള ഉത്തരവാദിത്വം നിറവേറ്റാൻ വിളിക്കപ്പെട്ടർ അതിന് യോഗ്യരല്ലെങ്കിൽ അതിന്റെ പുറംമോടി കണ്ട് ആകൃഷ്ടരായി ഈ സ്ഥാനം ഏറ്റെടുക്കരുത്. ഈ ഉത്തരവാദിത്വം ആത്മഭയത്തോടും വിറയലോടുംകൂടി മാത്രം നിർവഹിക്കപ്പെടാനുള്ളതാണ്. എല്ലാ കാര്യങ്ങളിലും എല്ലായ്‌പോഴും ബിഷപ്പ് എല്ലാവർക്കും മാതൃകയായിരിക്കണം. അജപാലനം തന്റെ ജനത്തെ അറിഞ്ഞ് അവരുടെ സാഹചര്യങ്ങൾക്ക് അനുസരണം നിർവഹിക്കാൻ ബിഷപ്പിനു കഴിയണം. തന്റെതന്നെ ജീവിതത്തിന്റെ ഒരു വിശകലനമായിട്ടാണ് ഈ പുസ്തകം ഗ്രിഗറി മാർപാപ്പ രൂപപ്പെടുത്തിയിരിക്കുന്നത്.
സഭാചരിത്രത്തിൽ തന്നെ ഏറ്റം ശ്രദ്ധേയ അജപാലനകൃതികളിൽ ഒന്നായ “അജപാലന നിയമങ്ങൾ” അക്കാലത്തെയും മധ്യകാലയുഗത്തിലെയും മെത്രാന്മാരുടെയെല്ലാം പാഠപുസ്തകമായിരുന്നു. ഇംഗ്ലണ്ടിലെ മഹാനായ ആൽഫ്രഡ് രാജാവ് ഒൻപതാം നൂറ്റാണ്ടിൽ ഈ ഗ്രന്ഥം ആംഗലേയഭാഷയിലേക്ക് വിവർത്തനം ചെയ്ത് തന്റെ അധികാരപരിധിയിലുള്ള എല്ലാ ബിഷപ്പുമാർക്കും അതിന്റെ ഒരു കോപ്പി എത്തിച്ചുകൊടുത്തു. ചാർലമൈൻ ചക്രവർത്തി തന്റെ രാജ്യത്തെ ബിഷപ്പുമാർ നിർബന്ധമായും ഇത് വായിച്ചിരിക്കണമെന്ന് കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് ഫ്രാൻസിലും മറ്റു രാജ്യങ്ങളിലും ബിഷപ്പുമാരുടെ പഠനഗ്രന്ഥമായി മാറി.
ഗ്രിഗറി മാർപാപ്പയുടെ എഴുത്തുകൾ എല്ലാംതന്നെ പ്രാമാണികം എന്നതുപോലെ തന്നെ വളരെ പ്രായോഗികവും ആയിരുന്നു. ഈ രചനകൾ സ്ഥായിയായ മാറ്റങ്ങൾ സഭയിൽ കൊണ്ടുവരുന്നതിന് കാരണമായിത്തീർന്നു. വിശ്വാസികളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ ഒരു അജപാലനമായിരിക്കണം സഭയുടേതെന്ന് ഗ്രിഗറി മാർപാപ്പ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ നാല്പതു സുവിശേഷാധിഷ്ഠിത പ്രസംഗങ്ങൾ പ്രായോഗിക അജപാലനസമീപനത്തിന്റെ നേർരേഖകളാണ്. അന്നത്തെ ജനത നേരിട്ട ദുരിതങ്ങളുടെ വെളിച്ചത്തിൽ ലോകത്തിലെ സഹനവും വേദനയും നമ്മുടെ സ്വർഗീയജീവിതത്തിന്റെ ഒരുക്കത്തിന് സഹായിക്കുന്നുവെന്നും അദ്ദേഹം എഴുതി. വി. തോമസ് അക്വീനാസിന്റെ ‘സുമ്മ തെയോളൊജിയ’യിൽ 374 പ്രാവശ്യം ഗ്രിഗറി മാർപാപ്പയുടെ ഉദ്ധരണികൾ ഉപയോഗിച്ചിട്ടുണ്ട്.
‘സംഭാഷണം’ എന്ന കൃതി തന്റെ സുഹൃത്തായ ഡീക്കൻ പീറ്ററിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നതാണ്. പഴയകാലങ്ങളിലെപ്പോലെ വിശുദ്ധന്മാരെ ജനിപ്പിക്കുന്നതിന് ഇന്നത്തെ ദുഷിച്ച തലമുറയിൽ അസാധ്യമാണെന്ന് പീറ്റർ വിലപിക്കുന്നു. എന്നാൽ വി. ഗ്രിഗറി മാർപാപ്പ ഈ ആശയത്തെ എതിർത്തുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ എക്കാലത്തും സാധിക്കുമെന്ന് സമർഥിക്കുന്നു. അടുത്തകാലത്ത് മരിച്ചുപോയ, സഭ ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലാത്ത, ചില പുണ്യജീവിതങ്ങളെ അതിന് ഉദാഹരണമായി മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. വിശുദ്ധർ എല്ലാ തലമുറയിലും സഭയിലുണ്ടായിരുന്നു. അവരുടെ സാന്നിധ്യം ഏറ്റം കൂടുതലായി ഉണ്ടായിരുന്നത് സഭ വെല്ലുവിളികളെ നേരിട്ടിരുന്ന കാലഘട്ടങ്ങളിലാണ്.
ഗ്രിഗറി മാർപാപ്പ പഴയനിയമത്തിലെ ജോബിന്റെ പുസ്തകത്തിന് ഒരു വ്യാഖ്യാനം രചിക്കുകയും എസക്കിയേലിന്റെ പുസ്തകത്തെ അധികരിച്ചു പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ജോബിന്റെ പുസ്തകം അദ്ദേഹം വ്യാഖ്യാനിച്ചിരിക്കുന്നത് സഭയിലെ പിതാക്കന്മാരുടെ പരമ്പരാഗത ശൈലി അവലംബിച്ചുകൊണ്ടാണ്. ഒന്നാമതായി അതിന്റെ വാച്യാർത്ഥം എന്തെന്ന് പറയും. അതിനുശേഷം അതിന്റെ ആന്തരീകാർഥം ജനത്തിന് മനസ്സിലാവുന്നരീതിയിൽ വിവരിക്കും. മൂന്നാമതായി അതിന്റെ പ്രായോഗികമായ ധാർമ്മികമാനം വായനക്കാർക്ക് തങ്ങളുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നതിനായി പറഞ്ഞുകൊടുക്കും.
ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം, തന്റെ പ്രബോധനങ്ങളിൽ സഭയുടെ നിലപാടുകൾ കൃത്യമായി വ്യക്തമാക്കുന്നതിനാണ് ഗ്രിഗറി മാർപാപ്പ ശ്രമിച്ചത് എന്നതാണ്. അതിൽ ഒരിടത്തും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കടന്നുവരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വി. ഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങളിൽ സൈദ്ധാന്തികമായ ഒരു നിരൂപണത്തിനല്ല അദ്ദേഹം മുതിർന്നത്, പിന്നെയോ ആത്മാവിന്റെ പരിപോഷണത്തിനുള്ള ഉപാധിയെന്ന നിലയിൽ ദൈവബന്ധത്തിൽ ദൈവജനത്തെ ആഴപ്പെടുത്തുന്നതിനാണ് അദ്ദേഹം പരിശ്രമിച്ചത്.
വിശുദ്ധൻ, മഹാൻ, വേദപാരംഗതൻ
കടുത്ത ആരോഗ്യപ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ അലട്ടിയിരുന്ന ഒരു വ്യക്തിയാണ് ഇത്രയും തീക്ഷണതയോടെ ജോലിചെയ്തത് എന്നത് വി. ഗ്രിഗറിയുടെ കാര്യത്തിൽ ഒരു അത്ഭുതമാണ്. തന്റെ അവസാന നാളുകളിൽ കലശലായ സന്ധിവാതം കാരണം എഴുനേറ്റുനടക്കാൻപറ്റാത്ത അവസ്ഥയിലായിരുന്നു മാർപാപ്പ. എന്നാൽ ഈ ലോകം ക്ഷണികമാണെന്നും, ഇവിടുത്തെ മഹത്വം വരാനിരിക്കുന്ന സൗഭാഗ്യം വച്ചുനോക്കുമ്പോൾ ഒന്നുമല്ല എന്ന ചിന്തയും അദ്ദേഹത്തെ മദിച്ചിരുന്നു. ഗ്രിഗറി മാർപാപ്പയുടെ മരണത്തെക്കുറിച്ചുള്ള കാര്യമായ ചരിത്രരേഖകൾ ലഭ്യമല്ലെങ്കിലും ക്രിസ്തുവർഷം 604 മാർച്ച് 12 -ന് റോമിൽ വച്ച് അദ്ദേഹം കാലം ചെയ്തു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗ്രിഗറി മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഡീക്കൻ പീറ്റർ വിവരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അദ്ദേഹത്തോടൊപ്പം എഴുതുമ്പോൾ മാത്രമല്ല, മരണസമയത്തും ഉണ്ടായിരുന്നുവെന്നതാണ്. റോമൻ ജനത മരണത്തോടെ വിശുദ്ധനായി അവരോധിച്ച മഹാനായ വി. ഗ്രിഗറി മാർപാപ്പയുടെ തിരുന്നാൾ സെപ്റ്റംബർ മൂന്നിന് സഭ കൊണ്ടാടുന്നു.
ജനങ്ങൾ വിശുദ്ധനായി പ്രഖ്യാപിച്ചതുപോലെതന്നെ അധികം താമസിയാതെ മഹാൻ എന്ന അഭിധാനവും അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേർക്കപ്പെട്ടു. അത് കുറഞ്ഞുപോയി എന്നുതോന്നിയ പിൽക്കാല തലമുറ വി. ഗ്രിഗറിയെ ‘മഹാന്മാരിൽ മഹാൻ’ എന്നുവിളിക്കാൻ തുടങ്ങി. 1298 -ലാണ് ആദ്യത്തെ നാല് വേദപാരംഗതരുടെ ഔദ്യോഗിക പ്രഖ്യാപനം പാശ്ചാത്യസഭയിൽ ഉണ്ടാവുന്നത്. ഈ പ്രഖ്യാപനത്തിന് മുൻപ് തന്നെ സഭയിൽ ഇവർക്ക് വലിയ അംഗീകാരം ലഭിച്ചവരായിരുന്നു. അങ്ങനെ പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ വേദപാരംഗതരാണ് വി. ഗ്രിഗറിയും, വി. അംബ്രോസും, വി. അഗസ്റ്റിനും, വി. ജെറോമും. ഇവരുടെ തിരുനാളുകൾ അതീവ പ്രാധാന്യത്തോടെ കൊണ്ടാടണമെന്ന് ബോനിഫസ് എട്ടാമൻ മാർപാപ്പ കല്പന പുറപ്പെടുവിച്ചു.
ഉപസംഹാരം
ഒരു സന്യാസി സഭയുടെ പരമാധ്യക്ഷൻ ആകുന്ന ആദ്യത്തെ സംഭവമാണ് ഗ്രിഗറി മാർപാപ്പയുടെ തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനശൈലിയും സഭാനേതൃത്വത്തിന് എക്കാലത്തെയും ഒരു പാഠപുസ്തകമാണ്. വെല്ലുവിളികളെ അവസരമാക്കിമാറ്റി സഭയെ എല്ലാത്തരത്തിലും പടുത്തുയർത്തിയ അസാമാന്യപ്രതിഭയാണ് മഹാനായ ഗ്രിഗറി മാർപാപ്പ. അധികാരം കയ്യാളുന്നവർ എല്ലാ തരത്തിലും ദാസരായിരിക്കണമെന്ന് ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ അദ്ദേഹം അനന്തര തലമുറകൾക്ക് പറഞ്ഞുകൊടുത്തു. പിൽക്കാലങ്ങളിലെ മാർപാപ്പമാരിൽ പലരും തങ്ങളുടെ വെല്ലുവിളികളെ നേരിടുന്നതിന് ഗ്രിഗറി മാർപാപ്പയുടെ പ്രവർത്തനശൈലി പാഠമായി സ്വീകരിച്ചിട്ടുണ്ട്. പ്രശ്നകലുഷിത ലോകത്തിൽ ജീവിച്ച ഒരു യോഗിയായിരുന്നു ഗ്രിഗറി മാർപാപ്പ. അദ്ദേഹം ലോകത്തിലായിരുന്നെങ്കിലും ഈ ലോത്തിന്റേതല്ല എന്ന ചിന്തയോടെ കാര്യങ്ങളെ കൈകാര്യം ചെയ്തു. സന്യാസ ജീവിതനാളുകളായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റം ആനന്ദകരമായ ദിവസങ്ങളെന്ന് ഗ്രിഗറി പറയുമായിരുന്നു. അതിനാൽത്തന്നെ സന്യാസത്തെ പ്രോത്സാഹിപ്പിക്കുകയും പുതിയ സന്യാസാശ്രമങ്ങൾ തുടങ്ങുന്നതിന് മുൻകൈയ്യെടുക്കുകയും ചെയ്തു.
ഗ്രിഗറിക്ക് പാവങ്ങളോടുള്ള സ്നേഹവും അനുകമ്പയും വാക്കുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. നഗരത്തിലെ പന്ത്രണ്ടു പാവപ്പെട്ടവർ എല്ലാ ദിവസവും മാർപാപ്പയോടൊത്തു ഭക്ഷിച്ചിരുന്നു. പാപ്പാ സ്ഥാനത്തെ ആശ്രമശൈലിയിൽ നവീകരിക്കാനും ലളിതമാക്കാനും ഗ്രിഗറി മാർപാപ്പയ്ക്കു കഴിഞ്ഞു. വലിയ സമ്പന്നനായിരിക്കുമ്പോൾ എല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യം പുല്കിയവൻ എന്ന നിലയിൽ തന്റെ ഉന്നതസ്ഥാനവുമായി ബന്ധപ്പെട്ട ഭൗതീക കാര്യങ്ങളൊന്നും മാർപാപ്പയ്ക്ക് വലിയ ആകർഷണമായി തോന്നിയില്ല. ഭൗതികതയോടുള്ള അമിതാവേശം തന്റെ വിശുദ്ധിക്ക് തടസ്സമാണെന്ന തോന്നലാണ് മാർപാപ്പയ്ക്ക് ഉണ്ടായിരുന്നത്. ആൻഡ്രു എന്ന തന്റെ സമ്പന്നനായ സുഹൃത്തിന് ഗ്രിഗറി മാർപാപ്പ എഴുതിയ കത്തിലെ വാചകങ്ങൾ നമ്മുടെ അനുദിന ധ്യാനവിഷയമാക്കേണ്ടതാണ്:
“നമ്മുടെ ജീവിതം ഒരു പര്യടനം മാത്രമാണ്. കടലിൽ യാനം ചെയ്യുന്നവൻ നിൽക്കുകയോ, ഇരിക്കുകയോ, കിടക്കുകയോ ചെയ്താലും കപ്പൽ പൊയ്‌ക്കൊണ്ടേയിരിക്കും. ഇതുപോലെയാണ് നമ്മുടെ ജീവിതവും. ഉറങ്ങിയാലും നടന്നാലും നിശബ്ദമായിരുന്നാലും സംസാരിച്ചാലും മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും കാലചക്ര സംക്രമണത്തിൽ ഓരോദിനവും നാം അന്ത്യത്തിലേക്ക് നീങ്ങുന്നു. നമ്മുടെ അവസാനദിനം ആഗതമാവുമ്പോൾ ഉത്‌ക്കണ്‌ഠയോടെയും ആവേശത്തോടെയും നാം സമ്പാദിച്ചതെല്ലാം എവിടെ ആയിരിക്കും? അതിനാൽ നൈമിഷിക ബഹുമതികളുടെയും സമ്പത്തിന്റെയും പിന്നാലെ അലഞ്ഞു നിന്റെ സമയം വ്യർത്ഥതയിൽ പാഴാക്കരുത്.”
ഫാ. മാത്യു ചാർത്താക്കുഴിയിൽ




