
ഫ്രാൻസിലെ പ്രശസ്തമായ ലൂർദ് മാതാവിന്റെ തീർഥാടന കേന്ദ്രം ലെയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. മാർപാപ്പയെ സ്വീകരിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥാടന കേന്ദ്രത്തിന്റെ ഭാരവാഹികൾ സ്ഥിരീകരിച്ചു. സന്ദർശന ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം വിശ്വാസികളും തീർഥാടകരും ലൂർദിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്കും ആഗോള മരിയൻ ഭക്തർക്കും ഏറെ ആവേശം പകരുന്നതാണ് പാപ്പയുടെ ഈ സന്ദർശനം. വൻ ജനക്കൂട്ടത്തെ പ്രതീക്ഷിക്കുന്നതിനാൽ ഫ്രഞ്ച് പൊലീസും സുരക്ഷാ സേനയും വത്തിക്കാൻ സെക്യൂരിറ്റിയുമായി ചേർന്ന് കർശനമായ സുരക്ഷാ വലയം തീർത്തിരിക്കുകയാണ് ഇവിടെ. ലൂർദിലെ പ്രധാന ആകർഷണമായ രോഗശാന്തി പ്രാർഥനകളിലും തിരുക്കർമ്മങ്ങളിലും പങ്കെടുക്കാൻ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ആംബുലൻസ്, മെഡിക്കൽ സൗകര്യങ്ങൾ, യാത്രാ സംവിധാനങ്ങൾ എന്നിവ സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. വൻതോതിലുള്ള തീർഥാടക പ്രവാഹം നിയന്ത്രിക്കാനും വഴികാട്ടാനുമായി ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരെയാണ് ലൂർദിൽ വിന്യസിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ വിശുദ്ധീകരിക്കപ്പെട്ട ലൂർദിലെ പ്രശസ്തമായ ഗ്രോട്ടോ സന്ദർശിക്കുന്ന മാർപാപ്പ, അവിടെ പ്രത്യേകം പ്രാർഥനകൾ നടത്തും. ലോകസമാധാനത്തിനും രോഗശാന്തിക്കുമായി മാർപാപ്പ പ്രത്യേക ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകും. ഫ്രാൻസിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും സഭാ മേലധ്യക്ഷന്മാരും വിശിഷ്ട വ്യക്തികളും ചടങ്ങുകളിൽ പങ്കെടുക്കും. മാർപാപ്പയുടെ സന്ദർശനം ലൂർദിലെ ആത്മീയ അന്തരീക്ഷത്തിന് പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക സഭ.




