മെക്സിക്കോയിലെ വൈദികന്റെ കൊലപാതകം ഭീതി പരത്താനുള്ള മുന്നറിയിപ്പാകാമെന്ന് വൈദികൻ

സെപ്റ്റംബർ 15-ന് ഫാ. റോമാൻ ഡി ലാ ക്രൂസ് ഹെർണാണ്ടസ് കൊല്ലപ്പെട്ടത് സംഘടിത കുറ്റകൃത്യങ്ങളുടെ (മയക്കുമരുന്ന് മാഫിയ/ ഗുണ്ടാസംഘങ്ങൾ) ഭാഗമാകാനാണ് സാധ്യതയെന്നും, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും സൂചന. മെക്സിക്കൻ സംസ്ഥാനമായ ഹിദാൽഗോയിൽ ഫാ. റോമാൻ ഡി ലാ ക്രൂസ് ഹെർണാണ്ടസ് അടുത്തിടെ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ വേട്ടയാടുന്ന അക്രമങ്ങളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയും സംഘടിത കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ എങ്ങിനെ യഥേഷ്ടം വിഹരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹിദാൽഗോയിലെ ഹുഎജുത്ലയിലുള്ള സാന്റാ ക്രൂസ് ഇടവക വികാരിയായ 48 വയസ്സുള്ള ഡി ലാ ക്രൂസിനെ സെപ്റ്റംബർ 15-ന് ലോലോത്ല ജില്ലയിലെ ഒരു റോഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏജൻസി ഉചിതമായ അന്വേഷണങ്ങൾ നടത്തിവരികയാണെന്ന് സെപ്റ്റംബർ 17-ന് ഹിദാൽഗോ സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫ്രാൻസിസ്കോ ഏഞ്ചൽ ഫെർണാണ്ടസ് ഹസ്ബൻ ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഒരു പിക്ക് അപ്പ് ട്രക്കിന് സമീപം വെടിയേറ്റ നിലയിൽ വൈദികന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു; കൂടെ ഒരു ബോർഡിൽ എഴുതിയ സന്ദേശവും ഉണ്ടായിരുന്നു. എന്നാൽ ഇതിലെ ഉള്ളടക്കം അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മെക്സിക്കൻ ബിഷപ് കോൺഫറൻസ് (സി.ഇ.എം) ആവശ്യപ്പെട്ടു. ഹുഎജുത്ല രൂപതയുടെ ബിഷപ് ജോസ് ഹിരായിസ് അക്കോസ്റ്റ ബെൽട്രാൻ രാജ്യത്ത് നിലനിൽക്കുന്ന ആശങ്കാജനകമായ അക്രമ അന്തരീക്ഷത്തിൽ ദുഃഖം രേഖപ്പെടുത്തി.

സെപ്റ്റംബർ 20 ഞായറാഴ്ച, ഹുഎജുത്ലയിൽ അറുനൂറോളം ആളുകൾ സമാധാന റാലി നടത്തുകയും ഫാ. ഡി ലാ ക്രൂസിനായി ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.