ആറ് പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും തുറന്ന് സിറിയയിലെ രണ്ട് ക്രിസ്ത്യൻ സ്കൂളുകൾ

ഏകദേശം ആറ് പതിറ്റാണ്ടു കാലത്തെ അടച്ചിടലിനു ശേഷം, സിറിയൻ ക്രിസ്ത്യൻ ഗ്രാമങ്ങളായ ക്നായെ (Knaye), യാക്കൂബിയെ (Yacoubieh) എന്നിവിടങ്ങളിലെ രണ്ട് സ്കൂളുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച, വിശുദ്ധ നാടിന്റെ കസ്റ്റോഡിയന്മാരായ ഫ്രാൻസിസ്കൻ വൈദികരുടെ നേതൃത്വത്തിൽ പ്രാദേശിക സിവിൽ-മതനേതാക്കളുടെ സാന്നിധ്യത്തിലാണ് ഈ സ്കൂളുകളുടെ ഉദ്ഘാടനം നടന്നത്.

“വടക്കൻ സിറിയയിലെ ഒറോണ്ടസ് മിഷനു കീഴിലുള്ള ഫ്രാൻസിസ്കൻ വൈദികർ എപ്പോഴും സ്കൂളുകൾ തുറക്കുകയും ഗ്രാമങ്ങളിലെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. വൈദികർ ആദ്യം 1958 ലാണ് ആ സ്കൂൾ തുറന്നത്. എന്നാൽ, 1972 ൽ അത് ഞങ്ങളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടു,” ക്നായെയിലെ ഇടവക വികാരിയായ ഫാ. ഖുകാസ് മെസ്രോബ് പറഞ്ഞു. യാക്കൂബിയെയിലെ ഇടവക വികാരിയായ ഫാ. ലുവായ് ബിഷാറാത്തിനൊപ്പം ഫാ. മെസ്രോബാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

“സൈന്യം പ്രദേശത്ത് നിന്ന് പിന്മാറിയപ്പോൾ, ഒരു പതിറ്റാണ്ടോളം സ്കൂൾ അഭയാർഥി ക്യാമ്പായി ഉപയോഗിച്ചു. സ്വന്തം ഗ്രാമത്തെ സേവിക്കുന്നതിനായി ജന്മനാട്ടിലേക്ക് മടങ്ങിയ അദ്ദേഹം നാട്ടുകാരിൽ ‘പ്രതീക്ഷയുടെ ഒരു കിരണം’ സൃഷ്ടിക്കാൻ ആഗ്രഹിച്ചു. എന്തുകൊണ്ട് ഈ കെട്ടിടങ്ങൾ പുനരുദ്ധരിച്ചുകൂടാ എന്ന് ഞങ്ങൾ സ്വയം ചോദിച്ചു,” ഫാ. മെസ്രോബ് വിശദീകരിക്കുന്നു.

ഒരു വർഷത്തിനു ശേഷം, അസദ് സർക്കാരിന്റെ വീഴ്ചയെത്തുടർന്ന് ബാക്കിയുള്ള അഭയാർഥികൾ ഒഴിഞ്ഞുപോയതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർണ്ണതോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലായി. മൂന്ന് മുതൽ പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് യാക്കൂബിയെയിലെ കെട്ടിടത്തിലും, പത്ത് മുതൽ 17 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ക്നായെയിലുമാണ് പഠനസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇലക്ട്രീഷ്യന്മാർ, ആശാരിമാർ, കലാകാരന്മാർ, സാധാരണ തൊഴിലാളികൾ എന്നിവരുൾപ്പെടെ നൂറോളം പ്രാദേശിക വ്യക്തികൾക്ക് തൊഴിൽ നൽകിയതിലൂടെ പ്രാദേശിക കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കും ഇതൊരു പ്രധാന വരുമാനമാർഗമായി മാറി.

നൂറ് ആളുകൾ ജോലി ചെയ്യുക എന്നാൽ നൂറ് കുടുംബങ്ങൾക്ക് സുരക്ഷിതമായ വരുമാനം ഉറപ്പാക്കുക എന്നാണ് അർഥമാക്കുന്നത്. ദേശീയ പുനർനിർമ്മാണത്തിന്റെ ഈ നിർണ്ണായക ഘട്ടത്തിൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. “യുദ്ധത്തിനു ശേഷം, ബിരുദധാരികളായ യുവ അധ്യാപകരും സിറിയയിലേക്ക് മടങ്ങിയെത്തി. ഇന്ന് ഇംഗ്ലീഷ്, ഗണിതം, കെമിസ്ട്രി, ബയോളജി തുടങ്ങിയ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാൻ 25 സജീവ അധ്യാപകരുണ്ട്. അവരെല്ലാം ഈ ഗ്രാമങ്ങളിലെ ക്രിസ്ത്യൻ മക്കളാണ്.”

നിലവിൽ സ്കൂളിൽ 80 വിദ്യാർഥികളാണുള്ളത്. എന്നാൽ, അടുത്ത വർഷം പുനരുദ്ധാരണം പൂർണ്ണമായി പൂർത്തിയാകുന്നതോടെ പ്രാദേശിക മുസ്ലീം കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ മുന്നൂറോളം വിദ്യാർഥികളെ സ്വീകരിക്കാൻ കഴിയും. ഇത് സൗഹാർദപരമായ സംഭാഷണങ്ങളുടെയും സൗഹൃദത്തിന്റെയും കേന്ദ്രമായി പ്രവർത്തിക്കാൻ സ്ഥാപനത്തെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.