
1968 സെപ്റ്റംബർ 22-ന്, ഇറ്റലിയിലെ സാൻ ജിയോവാനി റൊട്ടോണ്ടോയിൽ തടിച്ചുകൂടിയ വലിയൊരു ജനസഞ്ചയത്തിന് മുന്നിലാണ് വിശുദ്ധ പാദ്രെ പിയോ തന്റെ അവസാന ദിവ്യബലി അർപ്പിച്ചത്. വയോധികനായ ആ കപ്പുച്ചിൻ വൈദികന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളുടെ അൻപതാം വാർഷിക ആഘോഷത്തിലും പ്രാർഥനാ കൂട്ടായ്മയിലും പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് ആ നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
പാദ്രെ പിയോയുടെ അവസാനത്തെ പരസ്യ ദിവ്യബലിയുടെ അപൂർവ ദൃശ്യങ്ങൾ ഇന്നും ലഭ്യമാണ്. തികച്ചും ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ ദിവ്യബലിയിലുടനീളം സഹവൈദികർ സഹായിക്കേണ്ടി വന്നു. ദിവ്യബലിയുടെ അവസാനം, അദ്ദേഹം ബലിപീഠത്തിൽ കുഴഞ്ഞുവീഴുകയും ബ്രദർ ബിൽ മാർട്ടിൻ എന്ന അമേരിക്കൻ കപ്പുച്ചിൻ വൈദികൻ അദ്ദേഹത്തെ താങ്ങിപ്പിടിക്കുകയും ചെയ്തു. അന്നുതന്നെ വൈകുന്നേരം ഏകദേശം ആറുമണിയോടെ, പാദ്രെ പിയോ തന്റെ മുറിയിലേക്ക് മടങ്ങുന്നതിന് മുൻപ് പള്ളിയിൽ തടിച്ചുകൂടിയ വിശ്വാസികളെ അവസാനമായി ആശീർവദിച്ചു.
സെപ്റ്റംബർ 23-ന് പുലർച്ചെ, പാദ്രെ പിയോ തന്റെ സുപ്പീരിയറെ വിളിച്ചുവരുത്തുകയും, അവസാനമായി കുമ്പസാരിക്കുകയും ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ സന്ന്യാസവ്രതങ്ങൾ പുതുക്കുകയും ചെയ്തു. അദ്ദേഹം രോഗീലേപനം സ്വീകരിക്കുകയും ജപമാല കയ്യിൽ പിടിക്കുകയും ചെയ്തു. ആ സമയത്ത് കൂടെയുണ്ടായിരുന്നവരുടെ സാക്ഷ്യമനുസരിച്ച്, ഈശോയുടെയും മറിയത്തിന്റെയും പേരുകളായിരുന്നു അദ്ദേഹത്തിന്റെ ചുണ്ടുകളിലുണ്ടായിരുന്നത്: “ജെസു, മരിയ” (ഈശോ, മറിയമേ).
1968 സെപ്റ്റംബർ 23 പുലർച്ചെ ഏകദേശം 2:30-ന്, സാൻ ജിയോവാനി റൊട്ടോണ്ടോയിലെ കപ്പുച്ചിൻ ആശ്രമത്തിലെ മുറിയിൽ വച്ച് പാദ്രെ പിയോ അന്തരിച്ചു. മരണസമയത്ത് അദ്ദേഹത്തിന് 81 വയസ്സായിരുന്നു.
പതിറ്റാണ്ടുകളോളം പാദ്രെ പിയോ ക്രിസ്തുവിന്റെ അഞ്ച് മുറിവുകൾ (പഞ്ചക്ഷതങ്ങൾ) ശരീരത്തിൽ പേറി. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും മരണസമയത്തും, ഈ മുറിവുകൾ അപ്രത്യക്ഷമായതായി കൂടെയുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് മുറിവുകളുണ്ടായിരുന്ന ഭാഗത്ത് തഴമ്പോ പാടുകളോ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.




