
2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ഞായർ ഭീകരാക്രമണക്കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കൊളംബോ ഹൈക്കോടതി കണ്ടെത്തി. കേസിൽ വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർക്കെതിരെ ചുമത്തിയ കൊലപാതകം, ഭീകരവാദ ഗൂഢാലോചന, സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി മൂന്നംഗ ബെഞ്ച് വിധിച്ചു.
മറ്റൊരു പ്രതി ഭാഗികമായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോൾ, ഒൻപത് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 279 പേരുടെ മരണത്തിനും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണത്തിൽ വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് നിർണായക വിധി ഉണ്ടായിരിക്കുന്നത്.
2019 ഏപ്രിൽ 21-നാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. കൊളംബോയിലെയും പരിസരങ്ങളിലെയും മൂന്ന് ആഡംബര ഹോട്ടലുകളിലും മൂന്ന് ക്രൈസ്തവ ദൈവാലയങ്ങളിലും ചാവേറുകൾ ബോംബാക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ 45 വിദേശികളും ഉൾപ്പെടുന്നു.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ചാവേറുകൾക്ക് ആവശ്യമായ സഹായങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചുനൽകി എന്നതാണ് നിലവിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെയുള്ള പ്രധാന ആരോപണം. ചാവേർ സംഘത്തിന് പിന്തുണ നൽകിയ മുഹമ്മദ് നൗഫർ എന്നയാളാണ് കേസിലെ പ്രധാന ആസൂത്രകരിലൊരാളെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ നീതി ലഭിച്ചതായി ശ്രീലങ്കയിലെ കത്തോലിക്കാ സഭ പ്രതികരിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർഥ മാസ്റ്റർമൈൻഡുകളെ ഇനിയും പുറത്തുകൊണ്ടുവരാനുണ്ടെന്ന് ആക്രമണത്തെ അതിജീവിച്ചവരും സഭാധികാരികളും അഭിപ്രായപ്പെട്ടു.




