അമേരിക്കൻ ദൈവശാസ്ത്രജ്ഞന് 2026 ലെ റാറ്റ്‌സിംഗർ പുരസ്കാരം

യുഎസിലെ ഇൻഡ്യാനയിലുള്ള നോട്രെ ഡാം സർവകലാശാലയിലെ ദൈവശാസ്ത്ര പ്രൊഫസറും പട്രോളജി പഠനങ്ങളിലും പ്രത്യേകിച്ച് വി. അഗസ്റ്റിന്റെ ചിന്തകളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പണ്ഡിതനുമായ ഡോ. ജോൺ സി കാവഡിനിക്കാണ് ഈ വർഷത്തെ റാറ്റ്‌സിംഗർ പുരസ്കാരം ലഭിച്ചത്. ‘ജോസഫ് റാറ്റ്‌സിംഗർ-ബെനഡിക്ട് പതിനാറാമൻ വത്തിക്കാൻ ഫൗണ്ടേഷൻ’ സയന്റിഫിക് കമ്മിറ്റി തിരഞ്ഞെടുത്ത ഈ അവാർഡിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി. ഡിസംബർ 19 ന് അപ്പസ്തോലിക് കൊട്ടാരത്തിൽ വച്ച് മാർപാപ്പ തന്നെ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും.

“മൂന്നാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും സഭയുടെ മനുഷ്യനായി (‘vir ecclesiasticus’) ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്ത അലക്സാണ്ട്രിയയിലെ ഒരിജന്റെ മാതൃക പിന്തുടർന്ന് ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള എന്റെ ദൈവവിളി ജീവിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. നോട്രെ ഡാമിൽ, സഭയുടെയും അക്കാദമിക് ലോകത്തിന്റെയും ഭാഗമായി ഈ ദൈവവിളി ജീവിക്കാൻ എനിക്ക് കഴിഞ്ഞു. ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള എന്റെ ദൈവവിളിയുടെ ഈ രണ്ട് വശങ്ങളെയും അംഗീകരിക്കുന്ന ഒന്നായതിനാൽ ഈ പുരസ്കാരത്തോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്,” ഈ പുരസ്കാരത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഡോ. കാവഡിനി പറഞ്ഞു.

ഡോ. കാവഡിനിയുടെ താൽപര്യങ്ങൾ സമകാലിക ദൈവശാസ്ത്രത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. റാറ്റ്‌സിംഗർ പുരസ്കാരം ലഭിക്കുന്ന 32-ാമത്തെ പണ്ഡിതനാണ് ഡോ. കാവഡിനി. ഡോഗ്മാറ്റിക് അല്ലെങ്കിൽ ഫണ്ടമെന്റൽ തിയോളജി, വിശുദ്ധ ഗ്രന്ഥം, പട്രോളജി, തത്ത്വചിന്ത, നിയമം, സോഷ്യോളജി അല്ലെങ്കിൽ സംഗീതം, വാസ്തുവിദ്യ, ശിൽപകല ഉൾപ്പെടെയുള്ള കലകൾ എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങൾ മുൻനിർത്തി 2011 മുതലാണ് ഈ പുരസ്കാരം നൽകിവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.