കരുണയുടെ കരുതൽ 

ജിൻസി സന്തോഷ്

നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യവുമായി ക്രിസ്തുവിനെ പരീക്ഷിക്കാനെത്തിയ ഒരു നിയമജ്ഞനോട്, സ്നേഹത്തിന്റെ പ്രവൃത്തികളാണ് സ്വർഗ്ഗരാജ്യത്തിലേക്കുള്ള കുറുക്കുവഴിയെന്ന് പറഞ്ഞുകൊടുക്കുന്ന യേശു. നിയമവ്യവസ്ഥയ്ക്കുപോലും മുകളിലാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥാനമെന്നാണ് നല്ല സമരിയക്കാരന്റെ ഉപമയിലൂടെ യേശു നിയമജ്ഞന് പറഞ്ഞുകൊടുക്കുന്നത്.

ചട്ടവട്ടങ്ങളുടെയും പാരമ്പര്യങ്ങളുടെയും, കീഴ് വഴക്കങ്ങളുടെയും ഒക്കെ നിയമത്തേക്കാൾ പ്രധാനപ്പെട്ടത് സ്നേഹത്തിന്റെ നിയമമാണ്. അതിനാലാവാം വഴിമാറി കടന്നുപോയ പുരോഹിതനെയും ലേവായനെയും കുറിച്ച് ഒറ്റവാചകത്തിൽ പറഞ്ഞ ക്രിസ്തു നല്ലസമറായനെക്കുറിച്ച് പറയുമ്പോൾ വാചാലനാകുന്നത്. പത്തോളം കാര്യങ്ങളാണ് ക്രിസ്തു അവനെക്കുറിച്ച് പറയുന്നത്.

സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെ കണ്ടു. മനസ്സലിഞ്ഞ്, അടുത്തുചെന്ന്, എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്‍റെ മുറിവുകള്‍ വച്ചുകെട്ടി, തന്‍റെ കഴുതയുടെ പുറത്തു കയറ്റി, ഒരു സത്രത്തില്‍ കൊണ്ടുചെന്നു, പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്‍റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. (ലൂക്കാ 10 : 33-35)

നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം? ഈ ഒരു ചോദ്യം ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. നല്ല മനുഷ്യരായി അറിയപ്പെടാൻ ആഗ്രഹിക്കാത്തവർ നമ്മിൽ ആരുമുണ്ടാകില്ല. എല്ലാവരുടെയും സ്നേഹപാത്രമായി, എല്ലാവരും അഭിനന്ദിക്കാൻ തക്കവിധം നല്ല വ്യക്തിത്വമുള്ള ഒരു ജീവിതം നയിക്കുവാൻ ആഗ്രഹിക്കുക എന്നത് വളരെ നല്ല ഒരു ആഗ്രഹമാണ്. ഒരുപക്ഷെ വിശുദ്ധമായ ഒരു ആഗ്രഹമായിപ്പോലും അതിനെ വേണമെങ്കിൽ നമുക്ക് പരിഗണിക്കാനാകും.

എന്നാൽ, ഇന്ന് സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന വെല്ലുവിളി ഇതാണ്. എങ്ങനെ മറ്റുള്ളവർക്ക് വേണ്ടി യഥാർത്ഥത്തിൽ നല്ലവനായിത്തീരാൻ നിനക്ക് സാധിക്കും? എങ്ങനെ ആത്മാർഥമായി മറ്റുള്ളവർക്ക് സ്നേഹം നൽകാനാകും? എങ്ങനെ മറ്റുള്ളവരെ വിലമതിക്കാനും പരിഗണിക്കാനും സാധിക്കും? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? നീയും പോയി അതുപോലെ ചെയ്യുക. (ലൂക്കാ 10: 26)

നല്ല അയൽക്കാരനാവാൻ നിയമം പഠിച്ച് വ്യാഖ്യാനിച്ചാൽ പോരാ, മാന്യത നടിച്ചു നടന്നാലും പോരാ, അനുദിന ജീവിതത്തിൽ ലഭ്യമായ അവസരങ്ങളും സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി അവശതയിലും ആവശ്യത്തിലുമായിരിക്കുന്നവനെ പരിഗണിക്കുക. ജീവന്റെ പുസ്തത്തിൽ നിന്റെ പേരെഴുതുമ്പോൾ ക്രിസ്തു നിന്നെക്കുറിച്ചും വാചാലനാകും

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.