വിവിധ സർവകലാശാലകളിൽ സമകാലിക കലാപ്രദർശന പരമ്പരകൾ സംഘടിപ്പിക്കാനൊരുങ്ങി വത്തിക്കാൻ

സൗന്ദര്യശാസ്ത്രത്തെയും ധാർമ്മികതയെയും കൂട്ടിയിണക്കി ആധുനിക ലോകം നേരിടുന്ന സാമൂഹിക-സാംസ്കാരിക വെല്ലുവിളികൾക്ക് ഉത്തരം തേടാൻ കത്തോലിക്കാ സർവകലാശാലകളുടെ കൂട്ടായ്മ. വത്തിക്കാന്റെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററി ഇതിനായി ‘ആദ്യ കത്തോലിക്കാ സർവകലാശാലാ സമകാലിക കലാ ട്രൈനിയൽ’ സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ ഉടനീളമുള്ള കത്തോലിക്കാ സർവകലാശാലകളെ പങ്കാളികളാക്കിക്കൊണ്ട് നടത്തുന്ന ഈ സംരംഭത്തിന്റെ പ്രധാന പ്രമേയം ‘സഹാനുഭൂതിക്കായുള്ള ശീലങ്ങൾ’ എന്നതാണ്.

2026 ഓഗസ്റ്റ് 27-ന് ബ്രസീലിലെ പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോയിൽ ട്രീനാലെയ്ക്ക് തുടക്കം കുറിക്കും. 2026 ഓഗസ്റ്റിൽ തുടങ്ങുന്ന ഈ പ്രദർശന പരമ്പര 2028 ഫെബ്രുവരിയിലാണ് അവസാനിക്കുക. പോർച്ചുഗലിലെ കാത്തലിക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്സ് ഡീൻ നൂനോ ക്രെസ്പോയാണ് (Nuno Crespo) ട്രീനാലെയുടെ ചീഫ് ക്യൂറേറ്റർ.

വിവിധ വിഷയങ്ങളിലുള്ള അറിവുകളെയും (interdisciplinary conversation) ആധുനിക കലയെയും സംയോജിപ്പിച്ച് ആളുകൾക്കിടയിൽ സഹാനുഭൂതിയും പരസ്പര ധാരണയും വളർത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. “സഹാനുഭൂതി എന്ന ആശയം സമകാലിക കലയെയും ധാർമ്മികതയെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് നൽകുന്നത്. ക്ഷമയും കഠിനാധ്വാനവും ആവശ്യമുള്ള, എന്നാൽ, ഏറെ ഫലദായകമായ പരസ്പര അംഗീകാരത്തിലൂടെ നമ്മെ ഓരോരുത്തരെയും പരസ്പരം അടുപ്പിക്കാൻ ഈ സംരംഭത്തിന് സാധിക്കും”- ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ ഹോസെ ടോലെന്റിനോ ഡി മെൻഡോൺസ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.