ഉക്രൈനിൽ മിസൈൽ ആക്രമണം: കത്തോലിക്കാ കത്തീഡ്രലിന് കാര്യമായ കേടുപാടുകളെന്ന് റിപ്പോർട്ട്

ഉക്രൈനിലെ തുറമുഖ നഗരമായ ഒഡെസയിൽ നടന്ന ആക്രമണത്തിൽ കത്തോലിക്കാ കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. നവംബർ 18 ന് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അസംപ്ഷൻ ഓഫ് ദ ബ്ലെസ്ഡ് വിർജിൻ മേരി കത്തീഡ്രലിനും സമീപത്തെ രൂപതാ കാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്.

ഒഡെസ തുറമുഖ നഗരത്തിനു നേരെയുണ്ടായ മൂന്ന് ആക്രമണപരമ്പരയുടെ ഭാഗമായിരുന്നു ഈ സംഭവം. ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെടുകയും ഏകദേശം പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും ഇടയിലുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും പരിക്കേറ്റ ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചതായി ഒരു വൈദികൻ അറിയിച്ചു. തെരുവിൽ വച്ച് ആക്രമണത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്കോ, ഉദ്യോഗസ്ഥർക്കോ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതേസമയം, കത്തീഡ്രലിന്റെ മുൻഭാഗത്തും സമീപത്തെ ഭരണകാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സഭാവൃത്തങ്ങളും വാർത്താ റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. കത്തീഡ്രലിനു സമീപം നടന്ന സ്ഫോടനത്തിന്റെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ പ്രദേശത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.